കോഴിക്കോട്: ബി.ജെ.പി പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രന്റെ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാൻ പറ്റില്ലെന്നും അദ്ദേഹത്തിന്റെ കാലത്താണ് പാർട്ടി ശക്തിയാർജിച്ചതെന്നും കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ പത്മജ വേണുഗോപാൽ. സുരേന്ദ്രൻ തുടങ്ങിയ സ്ഥലത്തല്ല ബി.ജെ.പി ഇപ്പോൾ നിൽക്കുന്നതെന്നും എല്ലാം അറിയുന്ന നേതൃത്വം അദ്ദേഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും പത്മജ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി. സുരേന്ദ്രനെ മാറ്റി രാജീവ് ചന്ദ്രശേഖർ കേരള ബി.ജെ.പി പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയാണ് പത്മജയുടെ പോസ്റ്റ്.
എത്ര പ്രഗല്ഭർ ആയാലും നിശ്ചിത സമയം കഴിഞ്ഞാൽ അവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരുമെന്നതാണ് ബി.ജെ.പിയിൽ താൻ കണ്ട പ്രത്യേകത. മറ്റു പാർട്ടികളിൽ ഒരാൾക്ക് സ്ഥാനം കിട്ടിയാൽ പിന്നെ കുഴിയിലേക്ക് എടുക്കുന്നത് വരെ ആ കസേര വിടില്ലെന്നും പത്മജ പറയുന്നു. പാർട്ടിയിൽ എല്ലാവരും മിടുക്കന്മാർ ആയതിനാലാണ് അതിൽ ആരെ പ്രസിഡന്റായി തിരഞ്ഞെടുക്കും എന്ന് ബി.ജെ.പിക്ക് സംശയം ഉണ്ടായതെന്നാണ് പത്മജ കുറിപ്പിൽ അവകാശപ്പെടുന്നത്.
പോസ്റ്റിനു താഴെ നിശിത വിർമശനമാണ് മിക്കവരും ഉയർത്തുന്നത്. ‘താങ്കളെ പോലുള്ളവർ തന്നെയായിരുന്നു എന്നും കോൺഗ്രസിന്റെ ശാപം. സ്വന്തം പിതാവിന്റെ തണലിൽ മാത്രം സ്ഥാനമാനങ്ങൾ നേടിയെടുത്തു സുഖലോലുപയായി കഴിഞ്ഞ നിങ്ങൾ വീണ്ടും വീണ്ടും അധികാരക്കൊതി പൂണ്ട് ആ പിതാവിനെ പോലും ആളുകളെക്കൊണ്ടു പറയിപ്പിച്ചു പാർട്ടി വിട്ടു. ഒരിക്കൽപോലും ലീഡർ മനസ്സിൽ പോലും ചിന്തിക്കാത്ത വർഗീയ വിഷവിത്തുകൾ മാത്രം മുളപ്പിച്ചു വിളവെടുക്കുന്ന ആർ.എസ്.എസ്-ബി.ജെ.പിയിലേക്ക് ചേക്കേറിയ താങ്കൾ ഒരിക്കലും ഗതി പിടിക്കില്ല ..ആ പിതാവിന്റെ ആത്മാവ് നിങ്ങളോടു പൊറുക്കില്ല’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘കുഴിയിലേക്കെടുക്കുന്നത് വരെ എന്നതു കൊണ്ടു കവി ഉദ്ദേശിച്ചത് സ്വന്തം പിതാവിനെയാണോ’ എന്നായിരുന്നു മറ്റൊരു പ്രതികരണം. ‘ഇതേ നയം കോൺഗ്രസ് സ്വീകരിച്ചതിന്റെ പേരിലല്ലേ താങ്കൾ മറുകണ്ടം ചാടി ബി.ജെ.പിയിൽ ചേർന്നത്. താങ്കളെക്കാൾ എത്രയോ സീനിയർ ആയവർ ഉണ്ടായിട്ടും താങ്കൾക്ക് സ്ഥാനം തന്നതിനെയാണോ ബി.ജെ.പിയിലെ പ്രത്യേകത എന്നതു കൊണ്ട് താങ്കൾ ഉദ്ദേശിച്ചത്’ എന്ന് ഒരാൾ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് ‘ട്രോൾ ആണോ?’ എന്ന് ചോദിക്കുന്നവരുമേറെ.
പത്മജയുടെ എഫ്.ബി പോസ്റ്റിന്റെ പൂർണരൂപംശ്രീ സുരേന്ദ്രൻജിയുടെ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ കാലത്താണ് ബി ജെ പി ശക്തിയാർജിച്ചത്.പക്ഷെ ബി ജെ പി യിൽ ഞാൻ കണ്ട പ്രത്യേകത നിശ്ചിത സമയം കഴിഞ്ഞാൽ എത്ര പ്രഗത്മന്മാർ ആയാലും അവരെ മാറ്റി പുതിയ ആളുകളെ കൊണ്ട് വരും. അത്രയേ ഇവിടെയും ഉണ്ടായിട്ടുള്ളു .മറ്റു പാർട്ടിക്കാർക്ക് വിഷമം തോന്നുന്നതിൽ തെറ്റില്ല .കാരണം അവിടെയൊക്കെ ഒരാൾക്ക് സ്ഥാനം കിട്ടിയാൽ പിന്നെ കുഴിയിലേക്ക് എടുക്കുന്നത് വരെ ആ കസേര വിടില്ല .പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ ഒരു കാര്യത്തിലെ ബി ജെ പിക്കു സംശയം ഉണ്ടായുള്ളൂ. എല്ലാവരും മിടുക്കന്മാർ ആണ്. അതിൽ ആരെ തിരഞ്ഞെടുക്കും എന്ന് .എന്തായാലും ഒരു കാര്യത്തിൽ സമ്മതിച്ചേ പറ്റു . അദ്ദേഹം തുടങ്ങിയ സ്ഥലത്താണോ ബി ജെ പി നിൽക്കുന്നത്, ഇതെല്ലാം അറിയുന്ന നേതൃത്വം അദ്ദേഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും. ആർക്കും ഒരുസംശയവും വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.