സ്​​പേ​സ്എ​ക്സ് ഡ്രാ​ഗ​ൺ പേ​ട​കം വ​ഴി​യെ​ത്തി​യ ക്രൂ 10 ​ദൗ​ത്യ​ത്തി​ലെ യാ​ത്രി​ക​ർ അന്താരാഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ സു​നി​ത വി​ല്യം​സി​നൊപ്പം (മധ്യത്തിൽ) ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

സുനിതയും സംഘവും ബുധനാഴ്ച തിരിച്ചെത്തും; പുതിയ യാത്രികർ ബഹിരാകാശ നിലയത്തിൽ

ന്യൂയോർക്ക്: എട്ടുദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനും സഹപ്രവർത്തകൻ ബുച്ച് വിൽമോറിനും ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള അവസാനഘട്ട നടപടികളും പൂർത്തിയായി. പതിവ് ക്രൂ മാറ്റത്തിനായി നാല് ബഹിരാകാശ യാത്രികരുമായി ശനിയാഴ്ച പുലർച്ച സ്പേസ്എക്സ് ഡ്രാഗൺ പേടകത്തിൽ പുറപ്പെട്ട ക്രൂ 10 ദൗത്യത്തിലെ നാല് ബഹിരാകാശ യാത്രികരും ഞായറാഴ്ച രാവിലെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. നിലയത്തിലെത്തിയ പുതിയ യാത്രികരെ സുനിതയും സംഘവും ആലിംഗനം ചെയ്ത് സ്വീകരിച്ചു.

കഴിഞ്ഞ സെപ്റ്റംബർമുതൽ ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ക്രൂ 9 ഡ്രാഗൺ പേടകത്തിൽ ബുധനാഴ്ച സുനിതയും വിൽമോറും ഭൂമിയിലേക്ക് മടങ്ങും. സഹപ്രവർത്തകരായ നാസയുടെ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഇവരോടൊപ്പം ഭൂമിയിൽ തിരിച്ചെത്തും.

വിമാന നിർമാണക്കമ്പനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിനായാണ് സുനിതയും വിൽമോറും കഴിഞ്ഞ ജൂണിൽ ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, സ്റ്റാർലൈനർ പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതോടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങൾ. ഈ പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലിൽ ബോയിങ്ങിന്റെ എതിരാളിയായ സ്പേസ്എക്സിനെ നാസ ദൗത്യം ഏൽപിക്കുകയായിരുന്നു.

തിരിച്ചുവരവ് നീണ്ടതിനാൽ സുനിതയെയും വിൽമോറിനെയും പതിവ് ക്രൂ മാറ്റത്തിന്റെ ഭാഗമാക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. പുതിയ യാത്രികരായ നാസയുടെ ആൻ മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ തകൂയ ഒനിഷി, റോസ്കോസ്മോസിന്റെ കിരിൽ പെസ്കോവ് എന്നിവർക്ക് നിലവിലെ സംഘം രണ്ട് ദിവസം ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങൾ പരിചയപ്പെടുത്തും. തുടർന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്യും.

Tags:    
News Summary - Stranded NASA astronauts Sunita Williams, Butch Wilmore to return home as SpaceX crew Dragon reaches ISS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.