വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശകനും ലോക കോടീശ്വരനുമായ ഇലോൺ മസ്കിന്‍റെ ചെലവുചുരുക്കൽ നിർദേശങ്ങൾ അനുസരിച്ച് തുടങ്ങി ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ഇതിന്‍റെ ഭാഗമായി വിവിധ വകുപ്പുകളിൽ നിന്ന് നാസ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. പല ഓഫിസുകളും പൂട്ടുമെന്നാണ് റിപ്പോർട്ടുകൾ.
യു.എസ് സർക്കാറിന്‍റെ ചെലവു ചുരുക്കുന്നതിനായി മസ്ക് നേതൃത്വം നൽകുന്ന വകുപ്പായ ഡിപാർട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്) വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജീവനക്കാരെ വെട്ടിച്ചുരുക്കലാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നിർദേശം. എല്ലാ സർക്കാർ വകുപ്പുകൾക്കും ജീവനക്കാരെ ചുരുക്കാനുള്ള നിർദേശം നൽകിയിരിക്കുകയാണ്.
നാസ അംഗബലം കുറക്കൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ആക്ടിങ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. പുന:ക്രമീകരണങ്ങളുടെ ഭാഗമായി ചില ഓഫിസുകൾ അടക്കുമെന്നും പെട്രോ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, മസ്ക് നടത്തുന്ന വെട്ടിച്ചുരുക്കലുകളിൽ യു.എസിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. വൻ തട്ടിപ്പുകൾ നിറഞ്ഞതെന്ന് വിശേഷിപ്പിച്ച് യു.എസ് ഫെഡറൽ ആനുകൂല്യ പദ്ധതികളെയും മസ്ക് വെട്ടിച്ചുരുക്കാൻ ഒരുങ്ങുകയാണ്. സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി വകയിരുത്തുന്ന 500 ബില്യൺ മുതൽ 700 ബില്യൺ വരെ ഡോളർ ചെലവ് ‘വേസ്റ്റ്’ ആണെന്നാണ് മസ്കിന്‍റെ അഭിപ്രായം.
സർക്കാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് ഫെബ്രുവരിയിൽ തന്നെ തുടക്കമായിരുന്നു. ഇന്റീരിയർ, ഊർജം, വെറ്ററൻ അഫയേഴ്സ്, കാർഷികം, ആരോഗ്യം, ഹ്യൂമൻ സർവീസ് എന്നി മേഖലകളിൽ നിന്ന് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടു. പല ഏജൻസികളുടേയും പ്രവർത്തനം നിലക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഭാവിയിൽ യു.എസിലെ കൂടുതൽ ഏജൻസികളിൽ നിന്ന് ഇത്തരത്തിൽ പിരിച്ചുവിടലുണ്ടാകും.
നികുതി പിരിവ് ഏജൻസി, ഇന്റേണൽ റവന്യു സർവീസ് തുടങ്ങിയ ഏജൻസികളിൽ നിന്നും വൈകാതെ പിരിച്ചുവിടലുണ്ടാവും. ഏപ്രിൽ 15ന് മുമ്പ് തന്നെ ഈ ഏജൻസികളുടേയും പിരിച്ചുവിടൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. നേരത്തെ 75,000 ജീവനക്കാർ ട്രംപിന്റേയും മസ്കിന്റേയും ഓഫർ സ്വീകരിച്ച് സ്വയം വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പുറമേയാണ് കൂട്ടപിരിച്ചുവിടൽ.
നേരത്തെ, ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫെഡറൽ ജീവനക്കാരെ പുറത്താക്കുമെന്ന് ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ച ചെയ്ത ജോലിയുടെ വിശദാംശങ്ങൾ അറിയിക്കാനാണ് മസ്ക് നിർദേശിച്ചത്. ഇത് ചെയ്യാതിരുന്നാൽ അത് രാജിയായി കണക്കാക്കുമെന്നും മസ്കിന്റെ ഇമെയിലിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.