ഷെഫ് സുരേഷ് പിള്ള രണ്ട് 'ടിപ്സ്' ഇട്ടു; പിന്നെക്കണ്ടത് പാചക ടിപ്സുകളുടെ പൊടിപൂരം, ചിലത് ചിരിപ്പിച്ചൊരു വഴിക്കാക്കും

ചെറിയ മീനിനെ ഇട്ട് വലിയ മീനിനെ പിടിക്കുന്ന പരിപാടി ചൂണ്ടയിടുന്നവർക്ക് മാത്രമല്ല, ഷെഫ് സുരേഷ് പിള്ളക്കും അറിയാം. ഫേസ്ബുകിൽ വെറും രണ്ട് പാചക ടിപ്സ് മാത്രമാണ് അദ്ദേഹം ഇട്ടത്. നിങ്ങൾക്ക് അറിയാവുന്ന പൊടിക്കൈകൾ പോരട്ടെയെന്നൊരു കമന്‍റും. പിന്നാലെ കണ്ടത് പാചക നുറുങ്ങുകളുടെ ഒഴുക്കായിരുന്നു. പലതും ഏറെ പ്രയോജനപ്പെടുന്നവ. ഇടക്ക് ചില തമാശ 'ടിപ്സു'കൾ വായിച്ചാൽ ആരുമൊന്ന് ചിരിച്ചുപോകും.

രണ്ട് ടിപ്സുകളാണ് സുരേഷ് പിള്ള എഴുതിയത്.

1. സാമ്പാറിന്റെ കഷ്ണങ്ങൾ മുറിച്ച് കഴുകിയതിനു ശേഷം വെളിച്ചെണ്ണയും ലേശം കായപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും നന്നായി തിരുമ്മി ഇരുപത് മിനിറ്റു വച്ചതിന് ശേഷം സാമ്പാർ തയ്യാറാക്കുക! കായമിടാതെ അവിയലിനും ഇത് പരീക്ഷിക്കാം.

2. ചായയ്ക്ക് രുചി കൂട്ടാൻ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും രണ്ട് ബ്രാൻഡ് ചായപ്പൊടി വാങ്ങി വായുകടക്കാത്ത പാത്രത്തിലാക്കി ലേശം പഞ്ചസാര ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇനി ചായ ഇടുമ്പോൾ ആ പൊടി ചേർത്ത് ഉപയോഗിക്കുക. രുചിയിൽ മാറ്റമുണ്ടാകും -ഇത് രണ്ടുമായിരുന്നു സുരേഷ് പിള്ളയുടെ ടിപ്സുകൾ.

ഇതിന് മറുപടിയായി വന്നത് നൂറുകണക്കിന് പൊടിക്കൈകളാണ്. ടേബിളിൽ വയ്ക്കുന്ന ഉപ്പ് ബോട്ടിലിൽ അല്പം നന്നായി കഴുകി ഉണക്കിയ അരിമണികൾ ഇട്ടാൽ ഉപ്പ് കട്ട പിടിക്കാതെ നമുക്ക് ഉപയോഗിക്കാം, പയർ വർഗങ്ങൾ വേവിക്കുന്നതിന് മുമ്പ് ഉപ്പ് ചേർക്കാതിരിക്കുക, പെട്ടെന്ന് വെന്ത് സോഫ്റ്റ് ആയിക്കിട്ടും, പുട്ട് ഉണ്ടാക്കുമ്പോൾ തേങ്ങാപ്പാൽ ഉപയോഗിച്ച് പൊടി നനയ്ക്കുക, കിളിമീൻ വറുകുമ്പോൾ പൊടിഞ്ഞു പോകാതിരിക്കാൻ മസാലയിൽ മുട്ടയുടെ വെള്ള ചേർക്കുന്നത് നല്ലതാണ്, മീൻ കറിക്കു താളിക്കുമ്പോൾ കടുകിനോടൊപ്പം അൽപ്പം ഉലുവ കൂടി ചേർക്കുക, ഇഞ്ചിയുടെ തൊലി കളയാൻ കത്തിയേക്കാൾ എളുപ്പം സ്പൂൺ ഉപയോഗിച്ച് ചിരണ്ടുന്നത് ആണ് -ഇങ്ങനെ പോകുന്നു ടിപ്സുകൾ.

ചില ടിപ്സുകൾ:

വറുക്കാനും വഴറ്റാനുമുള്ള പാൻ (നോൺ സ്റ്റിക്ക്‌ അല്ലെങ്ങിൽ) പാകം ചെയ്യുന്നതിനു മുൻപ്‌ എണ്ണ ഒഴിച്ചു നന്നായി ചൂടാക്കി എല്ലാ വശങ്ങളിലും എണ്ണ എത്തിച്ചു മിനുസമാക്കുക! ഭക്ഷണം അടിയിൽപിടിക്കാതെ ഉണ്ടാക്കാം.

പപ്പടം വറുത്തതിനു ശേഷം പപ്പടത്തിൽ ചുടോടെ കുറച്ചു ഇഡ്ഡലി പൊടിയിടുക(idli chutney powder)

മീനച്ചാർ ഉണ്ടാക്കുമ്പോൾ വെള്ളത്തിനുപകരം കുടമ്പുളിയിട്ട വെള്ളമൊഴിക്കുക.

ചോറ്‌ എളുപ്പത്തിൽ വേവിക്കാൻ രാത്രിയിൽ കുതിർത്തു ഫ്രിജിൽ വയ്ക്കുക. (ബസ്മതിയല്ല)

തേങ്ങ വറുത്തരക്കുന്നതിനു മുൻപ്‌ മിക്സിയിൽ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും വേഗത്തിലും വറുത്തെടുക്കാം!

വറുക്കാനുള്ള എണ്ണ വൃത്തിയാക്കാൻ ഒരൽപ്പം വെന്ത ചോർ ഇട്ടു വറക്കുക, എണ്ണയിലെ അഴുക്കെല്ലാം ചോറിനൊപ്പം വരും!

എളുപ്പത്തിൽ ഗ്രേവി ഉണ്ടാക്കാൻ തക്കാളി മൈക്രോവേവ് ചെയ്തതിനു ശേഷം കറിയിൽ ഇടുക! ( സമയക്കുറവുള്ള വീട്ടമ്മമാർക്കു മാത്രം!)

പാൽ ഉപയോഗിച്ചുള്ള പായസങ്ങളിൽ അൽപ്പം പഞ്ഡ സാര കാരമലൈസ്‌ ചെയ്തിടുക!

വറുക്കാനുള്ള മീനോ, ചെമ്മീനോ കഴുകിയതിനു ശേഷം ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ചു നന്നായി ജലാംശം ഒപ്പിയതിനു ശേഷം മസാലയിടുക, നല്ല ക്രിസ്പിയായി പൊരിച്ചെടുക്കാം!

ഗരംമസാലകൾ മുഴുവനായും ഉപയോഗിക്കുമ്പോൾ ഒരു നേർത്ത തുണിയിൽ കെട്ടിയിട്ടു വഴറ്റുക! വെന്തതിനു ശേഷം കളയുക! കഴിക്കുമ്പോൾ മസാല കടിച്ചു കറിയുടെ ഫ്ലേവർ പോകാതെ ആസ്വദിക്കാം!

മീൻ കറിയിൽ കല്ലുപ്പ്‌ ഉപയോഗിക്കുക, വൃത്തിയാക്കാൻ കല്ലുപ്പ്‌ ഇട്ട്‌ വയറ്റണം.

മീൻ കറിക്കു താളിക്കുമ്പോൾ കടുകിനോടൊപ്പം അൽപ്പം ഉലുവ കൂടി ചേർക്കുക.

അവിയൽ തയാറാക്കുമ്പോൾ കുറച്ച്‌ ഉണക്ക ചെമ്മീൻ ഇടുക! (മീനവിയൽ)

അവിയൽ മഞ്ഞൾ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാനായ്‌ കടലയും കശുവണ്ടിയും ചേർക്കാം!

പച്ചക്കറികൾ എല്ലം പാകം ചെയ്യുന്നതിനു മുൻപ്‌ ഒരു പാത്രത്തിൽ മഞ്ഞൾപൊടിയിട്ട വെള്ളത്തിൽ ഇട്ടു വയ്ക്കുക!

മല്ലിപ്പൊടി കടയിൽനിന്നും വാങ്ങാതെ മല്ലി വാങ്ങി ആവശ്യത്തിനു പൊടിച്ചു ഉപയോഗിക്കുക. കറികളുടെ ഗുണവും മണവും കൂടും!

ചെമ്മീൻ ചമ്മന്തിക്കു പകരം ഉണക്കമീൻ പൊടിയിട്ടും ഉണ്ടാക്കാം.

ചെമ്മീൻ കറിയുണ്ടാക്കുമ്പോൾ ചെമ്മീന്‍റെ തൊലിയും തലയും എണ്ണയിൽ വഴറ്റി മഞ്ഞളും വെള്ളവുമൊഴിച്ചു തിളപ്പിച്ച്‌ അരിച്ച സ്റ്റോക്ക്‌ കറിയിലേക്ക്‌ ഒഴിക്കുക!

ഇഞ്ചിയും വെളുത്തുള്ളിയും അരയ്ക്കുന്നതിനൊപ്പം കുറച്ച്‌ എണ്ണ ചേർത്തു അരയ്ക്കുക! നല്ല രുചിക്കു 40:60 എന്ന കണക്കിൽ എടുക്കുക.

വിശപ്പില്ലന്നു പറയുന്ന കുട്ടികളുടെ മുന്നിലേക്കു വെളിച്ചെണ്ണയിൽ കടുകും ചുമന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച്‌ അരികെ വെയ്ക്കുക! മലയാളിയാണെങ്കിൽ കഴിച്ചിരിക്കും!

 

ചില തമാശക്കാരുടെ ടിപ്സുകൾ ഇങ്ങനെ:

ഒരു പാക്കറ്റ് ചിപ്സ് പൊട്ടിച്ചാൽ മൊത്തം ഇരുന്നു തിന്നു തീർക്കുക. ഇത് ചിപ്സ് തണുത്തു പോകാതെ സൂക്ഷിക്കാനും ഉറുമ്പരിക്കാതിരിക്കാനും ഉത്തമം, പഞ്ചസാര ചൂട് വെള്ളത്തിൽ കഴുകി ഉപയോഗിച്ചാൽ അതിൽ ചെർത്തിട്ടുള്ള കെമിക്കൽസ് അലിഞ്ഞു പോവും, നല്ലത് പോലെ വിശന്ന് പിടിവിടുമ്പോൾ ആഹാരം കഴിയ്ക്കുക അന്യായ രുചി ആയിരിക്കും, ചായ ഇടുമ്പോൾ തൂവി പോകാതെ ഇരിക്കാൻ തൂവുന്നതിനു മുൻപ് സ്റ്റവ് ഓഫ് ആക്കുക, സാമ്പാർ ഉണ്ടാക്കുമ്പോൾ കുറച്ച് ഉപ്പ് ഇട്ടാൽ നല്ല ടേസ്റ്റ് കിട്ടും.

സുരേഷ് പിള്ളയുടെ പോസ്റ്റിലെ കമന്‍റുകൾ വായിക്കാം...

Full View
Tags:    
News Summary - chef suresh pillai facebook post on cooking tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.