തിരുവനന്തപുരം: ജനിച്ച് വീണതേ ഐ.എ.എസ് ആവും എന്ന് കരുതിയിട്ടല്ലെന്നും തന്റെ ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തിൽ ഇല്ലെന്നും കലക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ. പ്രശാന്ത് ഐ.എ.എസ്. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് വന്ന കമന്റിന് മറുപടിയായാണ് അദ്ദേഹത്തിന്റെ വിശദീകരണം.
‘നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ.. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളിൽ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ’ എന്നായിരുന്നു പോസ്റ്റിന് കീഴിൽവന്ന കമന്റ്. ഇതിന് താഴെ ‘‘പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റിൽ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തിൽ ഇല്ല എന്നാണെന്റെ ഒരിത്’ എന്ന് പ്രശാന്ത് മറുപടി നൽകി.
‘സർക്കാർ തീരുമാനങ്ങൾക്കും സർക്കാർ നയങ്ങൾക്കും എതിരെ സംസാരിക്കാനാണ് ചട്ടങ്ങളിൽ വിലക്ക്. മഞ്ഞപ്പത്രത്തിൽ പാർട്ട് ടൈം റിപ്പോർട്ടറായി ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗ്സ്ഥനെക്കുറിച്ച് പൊസ്റ്റിടുന്നതിന് വിലക്കില്ല. ഡോ. ജയതിലക് റിപ്പോർട്ടറായി പാർട്ട് ടൈം ജോലി നോക്കുന്നത് ചട്ട ലംഘനമാണെന്നാണ് വിവരമുള്ളവർ പറയുന്നത്. ഇങ്ങനെ വലിയ വലിയ പാർട്ട് ടൈം കക്ഷികൾ ഉണ്ടത്രെ. പണ്ട് ഡോ. ജയതിലക് കോഴിക്കോട് കലക്ടർ ആയിരുന്ന കാലം മുതൽക്കുള്ള മാതൃഭൂമിയുമായുള്ള ഒത്തുകളിയും അഡ്ജസ്റ്റ്മെന്റും റവന്യു വകുപ്പിൽ ഏവർക്കും അറിയാം’ -പ്രശാന്ത് പറയുന്നു.
‘അയാള് (ജയതിലക്) പോയി ആത്മഹത്യ ചെയ്താൽ സാറേ സാർ അകത്ത് പോകും. അഴിമതി വിളിച്ച് പറയാൻ ആൾക്കാർക്ക് പേടി ആണ് ഇപ്പൊൾ. പോയി തൂങ്ങി ചത്താൽ പറയുന്നവര് അകത്ത് പോകും’ എന്ന് ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ ‘റിപ്പോർട്ടർ ജയതിലക് അത്ര ലോലഹൃദയനോ?’ എന്ന് അദ്ദേഹം മറുപടി നൽകി.
‘പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ നിങ്ങൾ ഐ.എ.എസുകാർക്ക് അസോസിയേഷൻ ഒന്നും ഇല്ലേ? സോഷ്യൽ മീഡിയയിൽ ഇങ്ങനെ പരസ്പരം വിഴുപ്പലക്കാൻ തുടങ്ങിയാൽ ഇതെവിടെ ചെന്ന് നിൽക്കും?’ എന്ന് മറ്റൊരാൾ ചോദ്യമുന്നയിച്ചപ്പോൾ ‘മാതൃഭൂമി എന്ന മഞ്ഞപ്പത്രത്തിൽ പാർട്ട് ടൈം റിപ്പോർട്ടറായി ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ച് പൊസ്റ്റിടുന്നത് വിഴുപ്പലക്കലാണൊ? ജനങ്ങൾ സത്യം അറിയുന്നതിൽ ആർക്കാണ് ബുദ്ധിമുട്ട്?’ -എന്നായിരുന്നു പ്രശാന്തിന്റെ മറുചോദ്യം.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ ഫോട്ടോ സഹിതമാണ് ഇന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘തനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് ഐ.എ.എസ് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണ്’ എന്ന കുറിപ്പോടെയായിരുന്നു ഇത്.
‘ബഹു. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക് ചെയ്യുന്നതിനെ 'ഹാജർ ഇല്ല' എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക് താഴെ കമന്റാം. എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ...’ -എന്നായിരുന്നു പോസ്റ്റ്.
മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെയും ജയതിലകിനെതിരെയും ഇന്നലെ പ്രശാന്ത് രംഗത്തുവന്നിരുന്നു. ‘സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓർമ്മശക്തി ആരോ 'ഹാക്ക്' ചെയ്തതാണോ എന്നൊരു സംശയം! 'മെറ്റ'ക്കൊരു കത്തയച്ചാലോ?’ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചോദ്യം. സിവിൽ സർവിസ് ഉന്നതോദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങളായിരുന്നു ഇതിൽ വെളിപ്പെടുത്തിയത്.
താൻ ചെയർമാനായിരുന്ന എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള 'ഉന്നതി'യുമായി ബന്ധപ്പെട്ട ഒരു പത്രവാർത്തയെ വിശകലനം ചെയ്തായിരുന്നു ഈ കുറിപ്പ്. തനിക്കെതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും അദ്ദേഹം പറഞ്ഞു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.