പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ സമൂഹമാധ്യമമായ എക്സിൽ നിന്ന് പിൻവാങ്ങി. ഇനി വാർത്തകളോ ലേഖനങ്ങളോ എക്സിൽ പോസ്റ്റ് ചെയ്യില്ലെന്ന് ഗാർഡിയൻ പ്രസ്താവനയിൽ വ്യക്തമാക്കി. എക്സിൽ നിൽക്കുന്നതിന്‍റെ ഗുണങ്ങളേക്കാൾ ദോഷമാണ് ഇപ്പോഴുള്ളതെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്സെന്നും ഇതുസംബന്ധിച്ച പ്രസ്താവനയിൽ ഗാർഡിയൻ വ്യക്തമാക്കി. ലോക കോടീശ്വരനായ ഇലോൺ മസ്ക് സ്വന്തമാക്കിയതിന് പിന്നാലെ എക്സിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ഏറ്റവുമൊടുവിലത്തേതാണ് ഗാർഡിയന്‍റെ പിന്മാറ്റം.
'വംശീയതയും അങ്ങേയറ്റം വലതുപക്ഷ ഗൂഢാലോചനാ ആശയങ്ങളും പ്രചരിപ്പിക്കുകയാണ് എക്സിലെ ഉള്ളടക്കങ്ങളിലൂടെ. വിഷം വമിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ നിന്ന് പിൻവാങ്ങുക എന്നത് ഏതാനും കാലമായി ഞങ്ങളുടെ പരിഗണനയിലുള്ളതാണ്. ഞങ്ങൾ ആലോചിച്ച കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൽ ഉയർന്ന കാമ്പയിനുകൾ. എക്സ് ഉടമ ഇലോൺ മസ്ക് തന്‍റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തുകയാണ്' -ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, എക്സ് ഉപയോക്താക്കൾക്ക് തങ്ങളുടെ ആർട്ടിക്കിളുകൾ പ്ലാറ്റ്ഫോമിലൂടെ ഇനിയും പങ്കുവെക്കാൻ സാധിക്കുമെന്ന് ഗാർഡിയൻ വ്യക്തമാക്കി. എന്നാൽ, ഗാർഡിയൻ നേരിട്ട് ആർട്ടിക്കിളുകൾ എക്സിൽ പോസ്റ്റ് ചെയ്യില്ല.
2022ൽ ട്വിറ്ററിനെ ഇലോൺ മസ്ക് എറ്റെടുത്ത ശേഷമാണ് എക്സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിന്‍റെ വിശ്വാസ്യതയിൽ വൻ ഇടിവു സംഭവിച്ചതായി വ്യാപക വിമർശനമുയർന്നിരുന്നു. ഇലോൺ മസ്ക് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.