പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ആർ.എസ്.എസിനെതിരെ കടുത്ത വിമർശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോൺഗ്രസ് വക്താവ് സന്ദീപ്‍ വാര്യർ. ‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം’ എന്നു തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പാണ് സന്ദീപ് ഷെയർ ചെയ്തത്.
‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം. മഹാത്മാഗാന്ധി എന്ന നാമവും, മഹത്വവും എത്ര തവണ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യാ മഹാരാജ്യത്ത് മഹാത്മാവിന്റെ നാമം എന്നും അനശ്വരമായിരിക്കും. ഇന്ത്യയുടെ മഹാത്മാവിന് സ്മരണാഞ്ജലികൾ…’ -എന്നാണ് കുറിപ്പിൽ പറയുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കഴിഞ്ഞ ദിവസം പാർട്ടിയുടെ വക്താവായി നിയമിച്ചിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പാർട്ടി ജനറൽ സെക്രട്ടറി എം.ലിജു നേതാക്കൾക്ക് ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് പങ്കെടുത്തു തുടങ്ങി.
അഡ്വ. ദീപ്തി മേരി വർഗീസാണ് കെ.പി.സി.സി മീഡിയ വിഭാഗം ഇൻ ചാർജ്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയതിന് ശേഷം പാർട്ടിയുടെ പ്രവർത്തനങ്ങൾ സന്ദീപ് വാര്യർ സജീവമായി ഇടപെടുന്നുണ്ട്. ബി.ജെ.പിയുടെ വക്താവായിരുന്ന സന്ദീപ് വാര്യർ പാർട്ടിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് സ്ഥാനം രാജിവെച്ചാണ് കോൺഗ്രസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.