ഓടുന്ന ബസ് സൂപ്പർമാൻെറ വേഷം ധരിച്ച് തടഞ്ഞുനിർത്തുന്നതായുള്ള ഹാസ്യകലാകാരൻെറ അഭിനയം ഒടുവിൽ കാഴ്ചക്കാരെ കൊണ്ടെത്തിച്ചത് അമ്പരപ്പിൽ. ബ്രസീലിലെ ബാര ഡോസ് കോക്വിറോസിലാണ് സംഭവം.
ലൂയിസ് റിബീറോ ഡി ഗ്രാൻഡെ എന്ന 35കാരൻ സൂപ്പർമാൻെറ വേഷവുമണിഞ്ഞ് മൈക്കും പിടിച്ച് നടുറോഡിൽ നിൽക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുക. ഇതിനിടയിൽ പിന്നിൽനിന്ന് ബസ് വരുന്നുണ്ട്. ബസ് താൻ കൈകാണിക്കുന്നതിന് അനുസരിച്ച് നിൽക്കുമെന്ന് കരുതിയെങ്കിലും അയാളുടെ ദേഹത്ത് വന്ന് മുട്ടുകയായിരുന്നു. ഇതോടെ അമ്പരന്ന് പോയ യുവാവ് സ്വബോധം തിരിച്ചുപിടിച്ച് വീണ്ടും മൈക്കിൽ സംസാരിക്കാൻ തുടങ്ങി.
തന്നെ ശരിക്കും ഉരുക്ക് കൊണ്ടാണ് നിർമിച്ചതെന്ന് ഇപ്പോൾ മനസ്സിലായെന്ന് അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ബസിന് ബ്രേക്കില്ലെന്നും അയാൾ പറയുന്നത് കേൾക്കാം. എന്നാൽ, ബസിൻെറ ദൂരം താൻ മനസ്സിലാക്കിയതിൽ പിഴവ് സംഭവിച്ചെന്ന് ലൂയിസ് ഒരു പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. അപകടം തൻെറ തെറ്റാണെന്നും വിഡിയോയിൽ പറഞ്ഞതുപോലെ ബസിന്റെ ബ്രേക്കുകളിൽ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ അഭ്യാസം ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്. എന്നാലിവിടെ എനിക്ക് തെറ്റുപറ്റി. അതൊരു അപകടത്തിലാണ് കലാശിച്ചത്. ദൈവത്തിൻെറ കൈ അവിടെ ഉണ്ടായിരുന്നതിനാൽ ഒന്നും സംഭവിച്ചില്ല. ദൈവത്തിൻെറ ഒരു അത്ഭുതം അവിടെ നടക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്തു' -ലൂയിസ് പറഞ്ഞു.
അതേസമയം, റോഡിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച് പ്രസ്താവനയിറക്കി സ്വകാര്യ ബസ് കമ്പനി ഇദ്ദേഹത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.