പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം പ്രവചിച്ച് എയറിലായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രൻ. പ്രവചനം പാളിയ സുരേന്ദ്രനെ ‘ബഹിരാകാശത്തെ പ്രസിഡന്റെ’ന്ന് വിളിച്ച് പരിഹസിച്ച് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ.
പാലക്കാട് ബി.ജെ.പി വിജയിക്കുമെന്നും യു.ഡി.എഫ് മൂന്നാംസ്ഥാനത്താകുമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രവചനം. ‘‘വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥൻ. പാലക്കാട് വിജയം എൻ.ഡി.എയ്ക്ക്. മൂന്നാം സ്ഥാനത്ത് യു.ഡി.എഫ്...’ എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ പാലക്കാട് സി. കൃഷ്ണകുമാർ ജയിക്കുമെന്നായിരുന്നു സ്ഥാനാർഥിയുടെ ചിത്ര സഹിതമുള്ള കുറിപ്പ്. എന്നാൽ, ഫലം വന്നപ്പോൾ ബി.ജെ.പി എട്ടുനിലയിൽ പൊട്ടി.
എന്നാൽ, ഫലം വന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ 58,389 വോട്ടുകൾക്ക് വിജയിച്ചു. 18,840 വോട്ടാണ് ഭൂരിപക്ഷം. ബി.ജെ.പിയുടെ സി. കൃഷ്ണകുമാറിന് 39,549 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും കടുത്ത തിരിച്ചടിയാണ് കൃഷ്ണകുമാർ നേരിട്ടത്. മൂന്നാം സ്ഥാനത്തുള്ള എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. പി. സരിന് 37,293 വോട്ടുകളാണ് ലഭിച്ചത്.
ഇതിനുപിന്നാലെയാണ് കെ. സുരേന്ദ്രൻ ബഹിരാകാശത്തെ നേതാവാണെന്ന് സന്ദീപ് വാര്യർ പരിഹസിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സുരേന്ദ്രൻ നേരിട്ട് നേതൃത്വം നൽകിയപ്പോൾ തന്നെ തോൽക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ‘സുരേന്ദ്രൻ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കേരള രാഷ്ട്രീയത്തിൽ ഇതുവരെ ശരിയായി നടന്നിട്ടുണ്ടോ? തോൽക്കുന്നതിന്റെ അവസാന നിമിഷം വരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നയാളാണ് സുരേന്ദ്രൻ. ഏത് തെരഞ്ഞെടുപ്പ് നടന്നാലും അതങ്ങനെയാണ്. സുരേന്ദ്രൻ നേതൃത്വം നൽകിയ ഒരു തെരഞ്ഞെടുപ്പിലും ഇന്നേവരെ ജയിച്ച ചരിത്രമില്ല. സുരേഷ് ഗോപിയെന്ന മലയാളത്തിലെ മഹാ നടന്റെ വിജയം മാത്രമാണ് തൃശൂരിലേതെന്ന് ഇപ്പോൾ ചേലക്കരയിലെ ഫലത്തോടെ ബോധ്യമായി. തൃശൂരിലെ ബി.ജെ.പിയുടെ മാഫിയാ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം’ -അദ്ദേഹം പറഞ്ഞു.
സുരേന്ദ്രനെ പുറത്താക്കാതെ കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്നും എന്നാൽ, അയാൾ ഒരിക്കലും രാജിവെക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽനിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ആ പാർട്ടി കേരളത്തിൽ രക്ഷപ്പെടില്ല -സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.