മല്ലന്റെയും മാതേവന്‍റെയും കഥ കേൾക്കാത്തവരുണ്ടാകില്ല. കരടി പിടിക്കാനെത്തിയപ്പോൾ ചത്തപോലെ ശ്വാസമടക്കിപ്പിടിച്ച് ജീവൻ രക്ഷിച്ചെടുത്ത മല്ലന്‍റെ കഥ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. ഈ കഥ കാട്ടിലെ മാനുകൾക്കും അറിയാമോയെന്ന് സംശയമുണരും, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിഡിയോ കണ്ടാൽ.
മാനിനെ പിടികൂടാനെത്തിയ പുള്ളിപ്പുലിയെയാണ് വിഡിയോയിൽ കാണാനാകുക. എന്നാൽ, പുള്ളിപ്പുലിയെ കണ്ടതും മാൻ ചത്തതുപോലെ ഒരു കിടപ്പ്. മാൻ ചത്തോ എന്ന സംശയത്തിൽ പുള്ളിപ്പുലി നിൽക്കുമ്പോൾ മറ്റൊരാൾ അങ്ങോട്ട് വരികയാണ്. മറ്റാരുമല്ല, ചത്ത മൃഗങ്ങളെ പോലും ഭക്ഷിക്കാൻ മടിയില്ലാത്ത കഴുതപ്പുലി.
പുള്ളിപ്പുലിയെ ഓടിച്ചുവിട്ട കഴുതപ്പുലി മാനിനു ചുറ്റും നടന്ന് ഒന്നുകൂടി പരിശോധിക്കും ജീവനുണ്ടോയെന്ന്. അപ്പോഴും മാൻ അനക്കമില്ലാതെ കിടന്ന കിടപ്പാണ്. കാലിൽ കടിച്ചുനോക്കിയിട്ട് പോലും മാൻ അനങ്ങുന്നില്ല. തൊട്ടടുത്ത് ചുറ്റിത്തിരിയുന്ന പുള്ളിപ്പുലിയെ ഓടിക്കാൻ കഴുതപ്പുലി ശ്രമിച്ച തക്കം നോക്കി മാൻ എണീറ്റ് ഒറ്റയോട്ടമാണ്. അതുവരെ ചത്തത് പോലെ അഭിനയിച്ച് കിടന്ന മാൻ ശരംവിട്ട പോലെ ഒറ്റയോട്ടം.
ഏത് കാട്ടിൽ സംഭവിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും നിരവധിയാളുകളാണ് മാനിന്‍റെ കൗശലത്തെ വാഴ്ത്തുന്നത്. പുള്ളിപ്പുലിയെയും കഴുതപ്പുലിയെയും ഒരുപോലെ പറ്റിച്ച മാനിന് തന്നെ ഈ വർഷത്തെ ഒാസ്കാർ പുരസ്കാരം എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.