ജകാർത്ത: ഇന്തോനേഷ്യ ഓപൺ വേൾഡ് ടൂർ സൂപ്പർ 1000 ടൂർണമെന്റിൽ ഇന്ത്യൻ കിരീടപ്രതീക്ഷകളായി സിംഗ്ൾസിൽ പ്രണോയിയും ഡബ്ൾസിൽ സാത്വിക്- ചിരാഗ് സഖ്യവും. സിംഗ്ൾസിൽ ഏറെയായി തോൽവി മാത്രം സമ്മാനിച്ച ജപ്പാന്റെ ലോക നാലാം നമ്പർ താരം കൊഡായ് നരോകക്കെതിരെ മനോഹര ഗെയിമുമായി ആവേശപ്പോരു ജയിച്ചാണ് എച്ച്.എസ്. പ്രണോയ് സെമിയിലെത്തിയത്. സ്കോർ 21-18, 21-16. മുമ്പ് ഇരുവരും മുഖാമുഖം നിന്ന ആദ്യ നാലു കളികളിലും ജയിച്ച ഹാങ്ങോവറുമായി ഇറങ്ങിയ ജപ്പാൻ താരം പക്ഷേ, ജക്കാർത്തയിൽ നിലംതൊട്ടില്ല.
തുടക്കത്തിൽ പോയിന്റ് നഷ്ടപ്പെടുത്തിയതൊഴിച്ചാൽ അക്ഷരാർഥത്തിൽ കളിയുടനീളം പ്രണോയ് മയമായിരുന്നു. മനോഹരമായ ഡ്രോപുകളും ക്രോസ് കോർട്ട് ഗെയിമുമായി മലയാളി താരം തകർത്തുകളിച്ചപ്പോൾ നരോകക്ക് പലപ്പോഴും താളംതെറ്റി. മുന്നിലും പിന്നിലും ഒരേ കൃത്യതയോടെ പാഞ്ഞെത്തിയും എതിരാളിക്കു മേൽ മാനസിക സമ്മർദം നിലനിർത്തിയുമായിരുന്നു പ്രണോയ് മാജിക്. റാലികളിലേക്ക് നീണ്ട ഘട്ടങ്ങളിലും പോയിന്റ് താരത്തിനൊപ്പം നിന്നു. ജംപ് ഷോട്ടുകൾക്കാകട്ടെ, മറുപടി പോലും ഉണ്ടായില്ല- 55 മിനിറ്റിൽ കളി തീരുമ്പോൾ ശരിയായ പ്രതികാരം തീർത്ത ആവേശത്തിലായിരുന്നു പ്രണോയ്. ഇന്തോനേഷ്യൻ ഓപണിൽ താരത്തിനിത് മൂന്നാം സെമിയാണ്. ടോപ് സീഡ് വിക്ടർ അക്സൽസെൻ- ചൈനീസ് തായ്പേയ് താരം ടിയൻ ചെൻ ചൂ മത്സരത്തിലെ ജേതാക്കളാകും സെമിയിൽ പ്രണോയിക്ക് എതിരാളി. ടൂർണമെന്റിൽ കെന്റ നിഷിമോട്ടോ, എൻ.ജി കാ ലോങ് ആൻഗസ് എന്നിവരടക്കം കരുത്തർ എതിരുവന്നിട്ടും ഒരു സെറ്റ് പോലും കൈവിടാതെ കുതിക്കുന്ന താരം കിരീടമുയർത്തണമെന്ന ആവേശത്തിലാണ്.
ഡബ്ൾസിൽ ഇന്തോനേഷ്യക്കാരായ ലോക ഒന്നാം നമ്പർ താരജോടി ഫജർ അൽഫിയാൻ- മുഹമ്മദ് റിയാൻ അർഡിയാന്റോ എന്നിവരെ നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യൻ സഖ്യം മറികടന്നത്. സ്കോർ- 21-13, 21-13. ഒരു ഘട്ടത്തിലും എതിരാളികൾക്ക് അവസരം നൽകാതെ തകർത്തുകളിച്ച സാത്വിക്സായ് രാജ് രങ്കി റെഡ്ഡിയും ചിരാഗ് ഷെട്ടിയും 41 മിനിറ്റിൽ കളി തീർത്തു. ഇരുവർക്കുമിടയിലെ ഒത്തിണക്കവും പിഴവില്ലാത്ത തന്ത്രങ്ങളും എതിരാളികൾക്ക് ചെറിയ സാധ്യത പോലും നൽകിയില്ല.
സിംഗിൾസിൽ ചൈനയുടെ ലി ഷി ഫെങ്ങിനു മുന്നിൽ ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത് കളി കൈവിട്ടത് നിരാശയായി. ആദ്യ സെറ്റ് നഷ്ടമായത് അടുത്ത സെറ്റിൽ തിരിച്ചുപിടിച്ച് പ്രതീക്ഷ നിലനിർത്തിയെങ്കിലും നിർണായക സെറ്റിൽ ദയനീയമായി തോൽക്കുകയായിരുന്നു. സ്കോർ 14-21, 21-14, 12-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.