ദക്ഷിണാഫ്രിക്കൻ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് അണ്ടര്‍ 19 വനിതാ സിംഗിള്‍സിൽ സ്വർണം നേടിയ ഖദീജ നിസ
റിയാദ്: ദക്ഷിണാഫ്രിക്കൻ ഇന്‍റര്‍നാഷനല്‍ 2024 ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച മലയാളി താരം ഖദീജ നിസക്ക് സ്വര്‍ണം. മിക്‌സഡ് ഡബിള്‍സിൽ സൗദിക്കായി ഖദീജ നിസ-യാസീൻ സഖ്യം വെള്ളി മെഡലും നേടി.
നേരത്തെ സീനിയര്‍ വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു. കേപ് ടൗണില്‍ നവംബർ 27 മുതൽ ഡിസംബർ നാല് വരെ നടന്ന ഇന്‍റർനാഷനൽ സീനിയർ ആൻഡ് ജൂനിയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ ഖദീജയുടെ മെഡൽ നേട്ടം. വനിതാ സിംഗിള്‍സ് അണ്ടര്‍ 19 ഫൈനലില്‍ മൗറീഷ്യസ് താരം എൽസാ ഹൗ ഹോങ്ങിനെ 21-16, 21-15 പോയിൻറുകള്‍ക്ക് തോൽപിച്ച് ആധികാരിക ജയത്തോടെയാണ് ഖദീജ സ്വര്‍ണം അണിഞ്ഞത്.
മിക്‌സഡ് ഡബ്ള്‍സിൽ സൗദിയിൽ വെള്ളി മെഡൽ നേടിയ ഖദീജ നിസ-യാസീൻ സഖ്യം
സൗദി ദേശീയ ഗെയിംസിൽ ഹാട്രിക് സ്വർണ മെഡൽ ജേതാവായ ഖദീജ അന്താരാഷ്ട്ര മത്സരങ്ങളിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന താരമാണ്. ബാഡ്മിന്‍റൺ ലോക റാങ്കിങ്ങിൽ സൗദിയിൽനിന്ന് ഒന്നാം റാങ്കിലുള്ള ഖദീജ റിയാദിൽ പ്രവാസിയായ കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്‍റെയും ഷാനിദയുടേയും മൂന്നാമത്തെ മകളായി സൗദിയിലാണ് ജനിച്ചത്. റിയാദിലെ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഉപരിപഠന വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.