അന്ന് വിഗ്നേഷിന് പ്രായം 10 വയസ്സ്. അയൽവാസിയായ 15കാരനൊപ്പം വീടിന് മുന്നിലെ റോഡിൽ മകൻ ക്രിക്കറ്റ് കളിക്കുമ്പോൾ പെരിന്തൽമണ്ണ കുന്നപ്പള്ളി പൂത്തൂർ വീട്ടിൽ ഓട്ടോ ഡ്രൈവറായ പി. സുനിൽ കുമാറും ഭാര്യ കെ.പി. ബിന്ദുവും അതൊരു ‘കണ്ടം കളി’യായേ കണ്ടുള്ളൂ.
സ്കൂൾ വിട്ടുവന്നാൽ അയൽവാസി ഷെരീഫിനോപ്പം ബാറ്റും ബാളും തട്ടികളിക്കുന്ന അവനിൽനിന്ന് ആ കുടുംബം ഒരു അപ്രതീക്ഷിത ട്വിസ്റ്റ് പ്രതീക്ഷിച്ചുകാണില്ല. അതിനവരെ കുറ്റം പറയാനുമാവില്ല. ഇന്ത്യൻ ക്രിക്കറ്റിലേക്ക് മലപ്പുറത്തിന്റെ ഒരു ഗ്രാമപ്രദേശത്തെ അസൗകര്യങ്ങളിൽ നിന്ന് വളർന്നു വരികയെന്നത് അവരുടെ പ്രതീക്ഷൾക്കും അപ്പുറമായിരുന്നു. ഒരിക്കൽ ഷെരീഫ് വീട്ടിൽ വന്നു ചോദിച്ചു. ‘കണ്ണൻ നന്നായി ക്രിക്കറ്റ് കളിക്കുന്നുണ്ട്.
അവനെ പെരിന്തൽമണ്ണയിലെ കോച്ചിങ് ക്യാമ്പിലേക്ക് വിടുമോ?’. വിഘ്നേഷിന്റെ വിളിപേരാണ് കണ്ണൻ. പഠിക്കുന്ന പ്രായത്തിൽ അവനെ കളിക്കാൻ വിടണോ എന്നായിരുന്നു അവരുടെ മനസിൽ ആദ്യം തോന്നിയത്. എന്നാലും അവന്റെ ആഗ്രഹപ്രകാരം അവർ ആ തീരുമാനത്തിനൊപ്പം നിന്നു.
ക്രിക്കറ്റിൽ വലിയ ഭാവിയൊന്നും പ്രതീക്ഷിച്ചായിരുന്നില്ല അവർ അവനെ ക്രിക്കറ്റ് പരിശീലനത്തിനായി പറഞ്ഞയച്ചത്. പെരിന്തൽമണ്ണയിലെ സി.ജെ. വിജയകുമാറിന്റെ കീഴിലായിരുന്നു ആദ്യ പരിശീലനം. ശാരീരികമായി അത്ര ഫിറ്റല്ലാതിരുന്നതിനാൽ അവന് കളിയിൽ എത്രമാത്രം തിളങ്ങാനാവുമെന്ന ആശങ്ക അവർക്കുണ്ടായിരുന്നു.
എന്നാൽ വിഘ്നേഷ് ഇതിനെയെല്ലാം മറികടന്ന് തന്റെ കളി മികവ് ഉയർത്തിക്യക്കൊണ്ടിരുന്നു. വിജയകുമാറിന്റെ കീഴിലെ പരിശീലനത്തിന് ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലും പരിശീലനം നടത്തി അവൻ ഉയർന്നുവന്നു. കേരളത്തിനായി അണ്ടർ 14, 16, 19 ടീമുകളിൽ മികച്ച പ്രകടനം നടത്തി.
കഴിഞ്ഞ വർഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൽ കളിക്കാൻ അവസരം ലഭിച്ചത് കരിയറിലെ വഴിത്തിരിവായി. അപ്രതീക്ഷിതമായി മുബൈ ഇന്ത്യൻസ് ടീമിലേക്കും വിളി വന്നതോടെയാണ് വീട്ടുകാർക്ക് ഇവൻ പ്രതീക്ഷ എല്ലാം ‘തെറ്റിക്കുക’യായിരുന്നല്ലോ എന്ന ബോധ്യം വന്നത്. കേരള സീനിയര്‍ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടില്ല. അതിന് മുമ്പാണ് വിഘ്നേഷിനെ ഐ.പി.എല്‍ ഭാഗ്യം തേടിയെത്തിയത്.
2024 നവംബറിനാണ് വിഘ്നേഷിന്റെ കരിയറിലെ വലിയ ട്വിസ്റ്റ് സംഭവിച്ചത്. നവംബർ 25ന് രാത്രി ഐ.പി.എല്‍ താരലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി. പെരിന്തൽമണ്ണ കുന്നപ്പള്ളി പുത്തൂർ വീട്ടിൽ ടി.വിയിൽ ലേലം കണ്ടുനിന്ന വിഘ്നേഷിനും കുടുംബത്തിനും പ്രതീക്ഷ ഏറെകുറെ കൈവിട്ടിരുന്നു.
എന്നാൽ ലേലത്തിലെ അവസാനം വിളിച്ച രണ്ട്പേരിൽ ഒരാളായി വിഘ്നേഷിനെ മുബൈ ഇന്ത്യൻസ് ടീമിലെടുത്തപ്പോൾ അതൊരു സ്വപ്ന സാഫല്യമായി. ഇടങ്കയ്യന്‍ സ്പിന്‍ ബൗളറായ 23കാരൻ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നല്‍കിയാണ് മുംബൈ ടീമിലെത്തിച്ചത്.
മുബൈ ഇന്ത്യൻസ് ടീമിലെടുത്തപ്പോൾ വിഘ്നേഷന്റെയും കുടുംബത്തിന്റെയും സന്തോഷം ബൗണ്ടറി കടന്നിരുന്നു. ‘ലേലത്തിന് മുമ്പ് മൂന്ന് തവണ മുബൈ ഇന്ത്യൻസിന്റെ ട്രെയൽസിൽ പങ്കെടുത്തിരുന്നു. ഐ.പി.എൽ ലേലത്തിൽ മുബൈ വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാലും ലേലം അവസാന ലാപിലെത്തിയപ്പോൾ പ്രതീക്ഷ കുറഞ്ഞിരുന്നു.
മുബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയത് സ്വപ്ന തുല്യ നേട്ടമാണ്. ഒരുപാടുപേരുടെ പിന്തുണയാണ് നേട്ടത്തിലേക്ക് വഴിതെളിയിച്ചത് വിഗ്നേഷിന്റെ പിതാവ് പറയുന്നു. ആ സന്തോഷത്തിനെ ഇരട്ടിമധുരമാക്കിയാണ് വിഘ്നേഷിന്റെ ഐ.പി.എൽ അരങ്ങേറ്റവും നടന്നത്.
‘മുബൈയുടെ ആദ്യ മത്സരത്തിന് തൊട്ടു മുമ്പ് വിഘ്നേഷ് വിളിച്ചിരുന്നു. ആദ്യ കളിക്ക് ഇറങ്ങാൻ സാധ്യതയില്ലെന്നും ടീമിനായി പ്രാർഥിക്കണമെന്നും അവൻ പറഞ്ഞു. കളി ടി.വിയിൽ കണ്ടിരിക്കെ അപ്രതീക്ഷതമായാണ് അവൻ ബോളെറിയാൻ എത്തിയത്. ആ നിമിഷം വല്ലാത്ത സന്തോഷമായിരുന്നു.
അരങ്ങേറ്റത്തിൽ തന്നെ മൂന്ന് വിക്കറ്റുമെടുത്ത് അവൻ താരമായപ്പോൾ ഞങ്ങൾക്കത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ്’ വിഘ്നേഷിന്റെ അമ്മ ബിന്ദു പറയുന്നു. ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്ന വിഘ്നേഷിനെ രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലെയറായാണ് ടീമിൽ ഉൾപ്പെടുത്തിയത്.
രോഹിതിന് ചെറിയ പരിക്കേറ്റതാണ് പകരം വിഘ്നേഷിനെ കളിപ്പിക്കാമെന്ന തീരുമാനത്തിലെത്തിച്ചത്. തന്നെ ഏൽപ്പിച്ച ദൗത്യം നായകൻ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ നിറവേറ്റാൻ മലയാളി താരത്തിന് കഴിഞ്ഞു. 26 പന്തിൽ 53 റൺസുമായി ക്രീസിൽ കത്തിനിന്ന ചെന്നൈ ക്യാപ്റ്റൻ ഗെയ്ക്വാദിനെതന്നെ തന്റെ ആദ്യ ഇരയാക്കിയാണ് വിഘേനേഷ് ഐ.പി.എൽ കരിയറിലെ തന്റെ ആദ്യ വിക്കറ്റെടുത്തത്.
ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. തന്റെ രണ്ടാം ഓവറിലെ നാലാം പന്തിൽ തിലക് വർമയെയും മൂന്നാം ഓവറിൽ ദീപക് ഹൂഡയെയും വിഘ്നേഷ് വിക്കറ്റിന് മുമ്പിൽ കുടുക്കി. നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുമെടുത്ത് ഞെട്ടിച്ചാണ് യുവതാരം മടങ്ങിയത്.
ഐ.പി.എൽ വഴി ഭാഗ്യം തെളിഞ്ഞ് ഇന്ത്യൻ ടീമിലെത്തണമെന്നാണ് വിഘ്നേഷിനെറയും വീട്ടുകാരുടെയും ആഗ്രഹം. കൂടാതെ കേരളത്തിനായി രഞ്ജി മത്സരങ്ങളിലും അവന്റെ സാന്നിധ്യം അവർ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്മെന്റ് കോളജില്‍നിന്നാണ് വിഘ്നേഷ് എം.എ പൂർത്തിയാക്കിയത്. തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു ബിരുദം. അങ്ങാടിപ്പുറം തരകൻ എച്ച്.എസിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ക്രിക്കറ്റിൽ ഏറെ പേരുകേട്ട ചൈനാമാൻ ബോളിങ്ങാണ് കേരളതാരം പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.