ട്രാക്ക് റെക്കോർഡ് ആവോളമുണ്ടെങ്കിലും ധോണിയുടെ നാട്ടുകാരനായ ഇഷാൻ കിഷന് ഇനിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ, സെലക്ടർമാർക്ക് ഈ 22 കാരനെ ഇനി തള്ളാനാവില്ല. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ മുംബൈക്കായി കഴിഞ്ഞ ദിവസം പുറത്തെടുത്ത ( 58 പന്തിൽ 99 റൺസ് ) വെടിക്കെട്ടു പ്രകടനത്തോടെ യുവ കളിക്കാരുടെ 'എലൈറ്റ് ക്ലബിൽ' ഇഷാൻ കിഷന് ഇരിപ്പിടം ഉറപ്പാണ്.
ധോണി യുഗത്തിനുശേഷം ആ വിടവിലേക്ക് മറ്റൊരു താരത്തെ തേടുന്ന ഇന്ത്യക്ക്, ഋഷഭ് പന്തിനും സഞ്ജു വി സാംസണിനും ഒപ്പം കിഷനെയും പരീക്ഷിക്കേണ്ടി വരും. അത്രക്കും മിടുക്കിലായിരുന്നു താരത്തിൻെറ പ്രകടനം.
സൂപ്പർ ഓവറിൽ കളി തോറ്റെങ്കിലും ബംഗളൂരുവിൻെറ കൂറ്റൻ സ്കോറിനു മുന്നിൽ പതറാതെ നിന്ന് പോരാടിയത് കിഷനായിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിൽ പുറത്താവുമ്പോൾ 58 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയുടെയും ഒമ്പത് സിക്സറുകളുടെയും അകമ്പടിയിൽ നേടിയത് 99 റൺസ്.
മത്സരത്തിൽ ബാംഗ്ലൂർ നിര ഭയന്നതും തന്ത്രങ്ങളൊരുക്കി കാത്തിരുന്നതും ഫോമിലുള്ള രോഹിത്തിനെയും ഡികോക്കിനേയും യാദവിനേയും മെരുക്കാനായിരുന്നു. അതിലവർ വിജയിക്കുകയും ചെയ്തു. അപ്പോഴാണ് ഈ ഐ.പി എല്ലിലെ ആദ്യമത്സരം കളിക്കുന്ന കിഷൻ അപ്രതീക്ഷിതതാരമായി മാറിയത്.
ഈ ഇന്നിങ്സോടെ ദേശീയ ടീമിൽ അവസരം കിട്ടുന്നതിനു മുമ്പ് ഒരു താരം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ സ്കോറും ഇഷാൻ കിഷൻെറ പേരിലായി. പോൾ വാൽതാട്ടി-120 (2011), മനീഷ് പാണ്ഡെ 114 (2009) എന്നിവരാണ് ഇഷാന് മുകളിലുള്ളവർ.
സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ടീമിൽ ഇടംലഭിക്കാതെ പോയ താരത്തിനെ ഇനി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ അവസരം നൽകുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.