നാഗ്പുർ: ടോസ് ലഭിച്ചാൽ ബാറ്റിങ് തെരഞ്ഞെടുക്കാനായിരുന്നു തങ്ങളുടെ പ്ലാനെന്ന് വിദർഭയുടെ സെഞ്ച്വറി താരം ഡാനിഷ് മാലേവാർ. കേരളത്തിനെതിരായ രഞ്ജി ഫൈനലിലെ ആദ്യദിനത്തിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡാനിഷ്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതിലൂടെ കേരളത്തിന്റെ പ്ലാൻ എന്തായിരുന്നെന്ന് അറിയില്ല; പക്ഷേ, ടോസ് നേടിയാലും തങ്ങൾ ബാറ്റിങ് തെരഞ്ഞെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
വൻ സ്കോറാണ് ടീം ലക്ഷ്യമിടുന്നത്. കരുൺ തനിക്ക് ചേട്ടനെപോലെയാണെന്നും നിർണായക സന്ദർഭത്തിൽ ക്രീസിൽ ഉറച്ചുനിൽക്കാൻ ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡാനിഷിന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് വ്യാഴാഴ്ച അടിച്ചെടുത്തത്.
ഗ്രൂപ് ഘട്ടത്തിൽ ഗുജറാത്തിനെതിരെയായിരുന്നു ആദ്യ സെഞ്ച്വറി. അതും ഇതേ മൈതാനത്താണ്. ഇതുവരെ നേടിയ അഞ്ചിൽ നാല് അർധ സെഞ്ച്വറിയും പിറന്നത് വിദർഭയുടെ മൈതാനത്തിൽതന്നെ. സെഞ്ച്വറിക്ക് ശേഷം കെ.എൽ. രാഹുലിന്റെ ശൈലിയിൽ ഇരുചെവിയിലും വിരൽവെച്ചായിരുന്നു ഡാനിഷിന്റെ ആഘോഷം.
നാഗ്പുരിലെ ഉൾഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന ഡാനിഷിന്റെ പിതാവ് കലക്ഷൻ ഏജന്റാണ്. മകന്റെ കളിയോടുള്ള സ്നേഹം കാരണം കഷ്ടപ്പെട്ട് നാഗ്പുരിലെത്തിച്ച് പരിശീലനത്തിന് അവസരമൊരുക്കുകയായിരുന്നു.
മികച്ച ഫ്ലിക്ക് ഷോട്ടുകളും സാങ്കേതിക തികവാർന്ന കളിശൈലിയുമുള്ള ഈ 21കാരൻ ഭാവിയിലെ വാഗ്ദാനമാണെന്ന് ഫൈനലിലെ ഇന്നിങ്സ് സാക്ഷ്യപ്പെടുത്തുന്നു. നിർണായക സന്ദർഭത്തിൽ ക്ഷമയോടെ ബാറ്റേന്തിയ താരം പുറത്താവാതെ 138 റൺസെടുത്തിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സാണിതെന്നും ഇന്ന് കൂടുതൽ സ്കോർ ചെയ്യാൻ ശ്രമിക്കുമെന്നും ഡാനിഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.