തിരുവനന്തപുരം: പ്രതീക്ഷയോടെ സർക്കാർ നിയോഗിച്ച മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ പടിയിറങ്ങുന്നത് ഏറെ നിരാശപ്പെടുത്തി. കായികമേഖലയുടെ വികസനത്തിന് കായികതാരങ്ങൾ തന്നെ സ്പോർട്സ് കൗൺസിലിന്റെ ചുക്കാൻ പിടിക്കണമെന്ന ഒന്നാം പിണറായി സർക്കാറിന്റെ തീരുമാനപ്രകാരമാണ് അർജുന അവാർഡ് ജേതാവ് മേഴ്സിക്കുട്ടൻ പ്രസിഡന്റായി എത്തിയത്. ടി.പി. ദാസൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ 2019 ലാണ് മേഴ്സിക്കുട്ടൻ ചുമതലയേറ്റത്. ആദ്യത്തെ പ്രകടന മികവ് പിന്നീട് മങ്ങി.
വിവാദങ്ങളും തർക്കങ്ങളും സ്പോർട്സ് കൗൺസിലിനെ വരിഞ്ഞുമുറുക്കിയപ്പോൾ പല പ്രവർത്തനങ്ങളും കേരള ഒളിമ്പിക് അസോസിയേഷൻ ഏറ്റെടുത്ത് നടത്തിത്തുടങ്ങി. ഫണ്ട് വിനിയോഗം, ഏകപക്ഷീയ ഭരണം തുടങ്ങിയ വിവാദങ്ങൾ മേഴ്സിക്കുട്ടന്റെ പ്രവർത്തനങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി.
കായികമേഖലക്കായി ചെലവാക്കാനുള്ള ഫണ്ടും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ നൽകാത്ത സാഹചര്യത്തിലും തന്റെ അക്കാദമിക്കായി മേഴ്സിക്കുട്ടൻ ഫണ്ട് വാങ്ങിയെന്ന വിവാദമുണ്ടായി. കൗൺസിൽ ഭരണസമിതിയിലെ ഐക്യമില്ലായ്മയും ചർച്ചയായി.
സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഹോസ്റ്റലുകളുടെ ഫണ്ട്, ഭക്ഷണ വിതരണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളും ദേശീയ മത്സരങ്ങളിൽ കേരളത്തിന്റെ പ്രകടനം മോശമായതുമെല്ലാം പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടു. ആദ്യഘട്ടത്തിൽ മേഴ്സിക്കുട്ടനെ പിന്തുണച്ചിരുന്ന മന്ത്രി വി. അബ്ദുറഹ്മാന് മുന്നിൽ കൗൺസിലുമായി ബന്ധപ്പെട്ട പരാതികളുടെ കൂമ്പാരമായി.
കൗൺസിലിനെ രക്ഷപ്പെടുത്താൻ സെക്രട്ടേറിയറ്റിൽനിന്നുൾപ്പെടെ ജീവനക്കാരെ നിയോഗിച്ച് സർക്കാർ പ്രവർത്തനം ശക്തമാക്കി. അവരുടെ റിപ്പോർട്ടും കൗൺസിലിന്റെ പ്രവർത്തനം മെച്ചമല്ലെന്നായിരുന്നു. ഒടുവിലാണ് കൗൺസിൽ ഭരണസമിതിയുടെ രാജി മന്ത്രി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.