തുർക്കി ആഭ്യന്തര ലീഗിൽ ഹതായസ്പോറിനായി കളിക്കുന്ന ഘാന ദേശീയ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ രക്ഷപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് ക്ലബ് ഡയറക്ടർ. താരത്തെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എവിടെയുണ്ടെന്ന അന്വേഷണം തുടരുകയാണെന്നും താരത്തിന്റെ വക്താവും അറിയിച്ചു. 31കാരനെ പുറത്തെത്തിച്ചെന്നും ആശുപത്രിയിലാണെന്നും നേരത്തെ ഘാന ഫുട്ബാൾ ഫെഡറേഷനും ആഫ്രിക്കൻ ഫുട്ബാൾ കോൺഫഡറേഷനും അറിയിച്ചിരുന്നു. ക്ലബ് വൈസ് പ്രസിഡന്റും കണ്ടെത്തിയെന്ന് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ, ഇതുപ്രകാരം നടത്തിയ അന്വേഷണങ്ങളിൽ 31കാരനെ കണ്ടെത്താനായില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ. ക്ലബ് സ്പോർടിങ് ഡയറക്ടർ താനിർ സാവുത്തും കെട്ടിടാവശഷിട്ങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അതേ സമയം, അറ്റ്സുവിനെ ഏത് ആശുപത്രിയിലേക്ക് മാറ്റിയെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതായി തുർക്കിയിലെ ഘാന അംബാസഡർ ഫ്രാൻസിസ്ക ആഷിയെറ്റി പറഞ്ഞു.
തലേന്ന് രാത്രി തുർക്കി സൂപർ ലീഗിൽ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലർച്ചെയുണ്ടായ ദുരന്തത്തിൽ പെട്ടത്. ടീമിലെ മറ്റു താരങ്ങളും കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ അറ്റ്സുവും മറ്റ് ഒമ്പത് താരങ്ങളും രണ്ട് ഒഫീഷ്യലുകളും ഉണ്ടായിരുന്നതായും ഇവരിൽ മൂന്നു കളിക്കാരെ മാത്രമാണ് പുറത്തെടുക്കാനായതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
പ്രിമിയർ ലീഗിൽ ന്യൂകാസിൽ, ചെൽസി ടീമുകൾക്കൊപ്പം ബൂട്ടുകെട്ടിയ 31കാരനായ വിങ്ങർ കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി സൂപർ ലീഗിലെത്തിയത്. 2017 മുതൽ തുടർച്ചയായ അഞ്ചു സീസണിൽ ന്യൂകാസിലിനൊപ്പം പന്തുതട്ടിയതിനൊടുവിൽ 2021ൽ സൗദി ലീഗിലെത്തിയ അറ്റ്സു തുർക്കി ഭൂകമ്പത്തിന് തലേന്നു രാത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. അവസാന വിസിലിന് തൊട്ടുമുമ്പ് ഫ്രീകിക്ക് ഗോളാക്കി താരം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഈ ആഘോഷം പൂർത്തിയാകുംമുമ്പെയാണ് രാജ്യത്തെയും അയൽരാജ്യമായ സിറിയയെയും നടുക്കി വൻഭൂചലനമുണ്ടാകുന്നതും ഇവർ താമസിച്ച കെട്ടിടം തകർന്നുവീഴുന്നതും.
തുർക്കിയന്‍ലും വടക്കൻ സിറിയയിലുമായി 11,000 മൃതദേഹങ്ങളാണ് ഇതുവരെ വീണ്ടെടുത്തത്. ആയിരക്കണക്കിന് കെട്ടിടങ്ങളും തകർന്നു. സിറിയയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
കാലിന് പരിക്കോടെ അറ്റ്സുവിനെ പുറത്തെത്തിച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശ്വാസ പ്രശ്നങ്ങളും ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും താരവും സ്പോർട്ടിങ് ഡയറക്ടറും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.