ഭൂകമ്പദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ ക്രിസ്റ്റ്യാനോ ഓട്ടോഗ്രാഫുള്ള ജഴ്സി ലേലത്തിന്

റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ വൻഭൂചലനത്തിൽ തുർക്കിയും അയൽരാജ്യങ്ങളും വിറങ്ങലിച്ചുനിൽക്കെ സഹായവുമായി ലോകം ഒഴുകുകയാണ്. ചെറുതും വലുതുമായി കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിപ്പിടിച്ചുനിൽക്കുന്ന ലോകത്തിനൊപ്പം ചേർന്ന് പ്രമുഖരുമുണ്ട്. സൗദി ലീഗിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഓട്ടോഗ്രാഫ് പതിച്ച ജഴ്സിയടങ്ങിയ കിറ്റ് ലേലത്തിൽ വിൽപന നടത്തി തുക സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കി താരം മെറിഹ് ഡെമിറൽ.

യുവന്റസിലായിരിക്കെ താരം അണിഞ്ഞതാണ് ജഴ്സി. ലോകമെമ്പാടും ക്രിസ്റ്റ്യാനോ ആരാധകരേറെയായതിനാൽ കിറ്റ് വലിയ തുക നൽകി ഏറ്റെടുക്കാൻ ആളുണ്ടാകുമെന്ന് ഡെമിറൽ കരുതുന്നു. ഇറ്റാലിയൻ ലീഗിൽ ഒന്നിച്ചുകളിച്ചവരാണ് ഡെമിറലും ക്രിസ്റ്റ്യാനോയും.

ക്രിസ്റ്റ്യാനോയുമായി വിഷയം സംസാരിച്ചെന്നും ദുരന്തം തന്നെ ഏറെ ദുഃഖിപ്പിച്ചതായി അദ്ദേഹം അറിയിച്ചെന്നും ഡെമിറൽ പറഞ്ഞു. ലേലത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും ഭൂകമ്പബാധിത മേഖലയിൽ ചെലവിടാനാണ് തീരുമാനം.

സമൂഹ മാധ്യമത്തിലിട്ട പോസ്റ്റിന് ആയിരങ്ങൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. ലേലം ചെയ്യാനായി കുറെക്കൂടി വസ്തുവകകൾ നൽകാൻ ഒരുക്കമാണെന്നും നിരവധി പേർ അറിയിച്ചിട്ടുണ്ട്. തുർക്കിയിലെ ചാരിറ്റി കൂട്ടായ്മയായ അഹ്ബാബ് വഴിയാകും ലേലത്തുക സമാഹരിക്കുക.

നിലവിൽ തുർക്കി റെഡ് ക്രസന്റ്, സേവ് ദ ചിൽഡ്രൻ സംഘടനകളും തുക സമാഹരിക്കുന്നുണ്ട്. 

Tags:    
News Summary - Cristiano Ronaldo's signed kit to be auctioned from personal collection to fund Turkey earthquake relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.