ലണ്ടൻ: യൂറോകപ്പ് ഫൈനൽ ഷൂട്ടൗട്ടിൽ പെനാൽട്ടി പാഴാക്കിയതിെൻറ പേരിൽ വംശീയ അധിക്ഷേപത്തിന് ഇരയാവുന്നതിനെതിരെ ശക്തമായ മറുപടിയുമായി ഇംഗ്ലണ്ട് താരം മാർകസ് റഷ്ഫോഡ്. കറുത്തവനായതിെൻറ പേരിൽ അഭിമാനിക്കുന്നതായും അതിെൻറ പേരിൽ ഒരിക്കലും മാപ്പുപറയില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ റഷ്ഫോഡ് വ്യക്തമാക്കി.
പെനാൽട്ടി നഷ്ടമാക്കി ടീമിെൻറ തോൽവിക്ക് കാരണക്കാരനായതിൽ വിഷമമുണ്ടെന്നും അതിൽ സഹതാരങ്ങളോടും നാട്ടുകാരോടും മാപ്പുപറയാൻ തയാറാണെന്ന് വ്യക്തമാക്കിയ താരം കളിയുടെ പേരിൽ എത്ര വിമർശനം നേരിടാനും ഒരുക്കമാണെന്നും കൂട്ടിച്ചേർത്തു. വിഷമഘട്ടത്തിൽ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും എന്നാൽ, വംശീയ വിവേചനത്തിനും അധിക്ഷേപത്തിനും ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും റഷ്ഫോഡ് വ്യക്തമാക്കി.
'ഞാൻ മാർകസ് റഷ്ഫോഡ്. ദക്ഷിണ മാഞ്ചസ്റ്ററിൽനിന്നുള്ള 23കാരനായ കറുത്തവർഗക്കാരൻ. മറ്റൊന്നുമില്ലെങ്കിലും എനിക്ക് ഈ സ്വത്വമുണ്ട്. അതിെൻറ പേരിൽ ഒരിക്കലും മാപ്പുപറയില്ല' -റഷ്ഫോഡ് കുറിച്ചു.
ഇറ്റലിക്കെതിരായ ഫൈനലിൽ ഷൂട്ടൗട്ടിൽ കിക്കുകൾ നഷ്ടമാക്കിയ റഷ്ഫോഡ്, ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നീ കറുത്തവംശജർ വ്യാപകമായി വംശീയഅധിക്ഷേപത്തിന് ഇരയായിരുന്നു. വംശീയ അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലണ്ടൻ മേയർ സാദിഖ് ഖാൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.