മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരവും മലപ്പുറം എം.എസ്.പി അസി. കമാൻഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽനിന്നാണ് ബഹുമതി. കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നൽകിയത്. ഈ മാസം 11ന് റഷ്യയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി.
മലയാളികൾ ഉൾപ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തിൽ സർവകലാശാല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇന്‍റർ യൂനിവേഴ്സിറ്റി ഫുട്ബാൾ മത്സരത്തിനു ശേഷം മൈതാനത്തു വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും ഇത് മറക്കാനാകാത്ത അനുഭവമാണെന്നും വിജയൻ പറഞ്ഞു. 1999ൽ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോളടിച്ചിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ഈ കളിമികവും മറ്റു പ്രവർത്തനങ്ങളുമാണ് ഡോക്ടറേറ്റിന് പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് ഫുട്ബാൾ ക്ലബിലൂടെയാണ് ഐ.എം. വിജയകൻ കരിയർ ആരംഭിക്കുന്നത്. തൃശൂർ സ്വദേശിയായ ഇദ്ദേഹം എഫ്.സി കൊച്ചിൻ, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബുകൾക്കു വേണ്ടി ബൂട്ടണിഞ്ഞു. 2000 -2004 വരെ ഇന്ത്യൻ ഫുട്ബാൾ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. മലപ്പുറം എം.എസ്.പിയിൽ സ്ഥാപിക്കുന്ന പൊലീസ് ഫുട്ബാൾ അക്കാദമിയുടെ നിയുക്ത ഡയറക്ടർ കൂടിയാണ് വിജയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.