പനാജി: അടിയും തിരിച്ചടിയുമായി നീണ്ട ഐ.എസ്.എല്ലിലെ ബംഗളൂരു-നോർത്ത് ഈസ്റ്റ് ആവേശപ്പോരാട്ടം 2-2ന് സമനിലയിൽ. ഇരു പകുതിയും രണ്ടു വീതം ഗോളുകൾ വീണ മത്സരത്തിൽ നോർത്ത് ഈസ്റ്റിനായി റൊചാർസേലയും ലൂയിസ് മക്കാഡോയും വലകുലുക്കിയപ്പോൾ, ബംഗളൂരുവിനായി ജുവാനാനും ഉഡാന്ത സിങ്ങും ഗോൾ നേടി.
ഒാരോ വീതം പോയൻറ് പങ്കിട്ടതോടെ നോർത്ത് ഈസ്റ്റ് (9 പോയൻറ്) രണ്ടും ബംഗളൂരു (6 പോയൻറ്) നാലും സ്ഥാനത്താണ്.
സീസണിലെ വമ്പന്മാർ തമ്മിലുള്ള പോരാട്ടം ആവേശകരമായാണ് വിസിൽ മുഴങ്ങിയ പാടെ നീങ്ങിയത്. പോയൻറ് പട്ടികയിൽ ഒന്നാമതെത്താനായിരുന്നു നേർത്ത് ഈസ്റ്റിൻെറ ലക്ഷ്യം. ബംഗളൂരുവിനാവട്ടെ ആദ്യ നാലിൽ ഇടംപിടിക്കുകയെന്നതും. കരുത്തരായിരുന്നിട്ടും ആദ്യ രണ്ടു മത്സരത്തിലും സമനിലയാണ് ബംഗളൂരുവിനുണ്ടായിരുന്നത്.
മലയാളി താരം ആഷിക് കുരുണിയൻ ബംഗളൂരുവിലും വി.പി സുഹൈർ നോർത്ത് ഈസ്റ്റിലും ആദ്യ ഇലവനിൽ ഇറങ്ങി. മികച്ച കളിയാണ് ഇരുവരും പുറത്തെടുത്തത്.
നാലാം മിനിറ്റിൽ തന്നെ ഗോളടിച്ചാണ് നോർത്ത് ഈസ്റ്റ് കളിതുടങ്ങിയത്. റൊചാർസേലയുടെ ഷോട്ട് ഗതിമാറി വലയിലേക്ക് തിരിഞ്ഞപ്പോൾ, ബംഗളൂരു ഗോളി ഗുർപ്രീതിന് ഒന്നും ചെയ്യാനായില്ല. എന്നാൽ, നേർത്ത് ഈസ്റ്റിൻെറ ആഹ്ലാദം അധികം നീണ്ടു നിന്നില്ല. 14ാം മിനിറ്റിൽ ബംഗളൂരു തിരിച്ചടിച്ചു. പ്രതിരോധ താരം ജുവാനാനാണ് സൂപ്പർ ഷോട്ടിലൂടെ ഗോൾ നേടിയത്.
കളി ആവേശത്തോടെ നീങ്ങിയെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതി 70ാം മിനിറ്റിൽ ബംഗളൂരു മുന്നിലെത്തി. നോർത്ത് ഈസ്റ്റ് പ്രതിരോധ താരത്തിൻെറ പിഴവിൽ നിന്ന് പകരക്കാരനായി കളത്തിലെത്തിയ ഉഡാന്ത സിങ്ങാണ് ഗോൾ നേടിയത്. എന്നാൽ, നോർത്ത് ഈസ്റ്റ് എട്ട് മിനിറ്റിനുള്ളിൽ സമനില േനടി. 78ാം മിനിറ്റിൽ ലൂയിസ് മകാഡോയാണ് ക്ലാസിക് ഫിനിഷിലൂടെ സമനില കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.