പനാജി: ദുർബലരായ ഇൗസ്റ്റ് ബംഗാളിനോടെങ്കിലും അനായാസം ജയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ, കൊമ്പന്മാർ വെറും 'കടലാസ് പുലി'യാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. സീസണിലെ 'ദുർബലരായ' കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് 1-1ന് അവസാനം. തോൽക്കുമായിരുന്ന കളിയിൽ അവസാന നിമിഷം സമനില പിടിച്ചെടുത്തതിൽ മാത്രം ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം.
ബക്കാരി കോനെയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെ പകരക്കാരനായി കളത്തിലിറങ്ങിയ ജീക്സൺ സിങ് 95ാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടി സമനില നേടിയെടുക്കുകയായിരുന്നു. പകരക്കാരനായി തന്നെ കളത്തിലിറങ്ങിയ മലയാളി താരം സഹൽ അബ്ദുസ്സമദ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ.
ലീഗില്‍ ഇതുവരെ ഒരു ജയം പോലും നേടാതെയാണ് ഇരു ടീമുകളും നേർക്കുനേർ പോരാടാനിറങ്ങിയത്. കന്നി ജയത്തിനായി ആക്രമണം മാത്രം ഗെയിം പ്ലാനായി തീരുമാനിച്ചാണ് ഈസ്റ്റ് ബംഗാൾ കോച്ച് റോബി ഫൗളറും ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുനയും ടീമിനെ ഒരുക്കിയത്.
പ്രതിരോധത്തിലേക്ക് കോസ്റ്റ-കോനെ സഖ്യം തിരിച്ചെത്തിയ കരുത്തുമായാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. മുന്നേറ്റത്തിൽ ഹൂപ്പറും സെയ്ത്യാസെൻ സിങ്ങും മലയാളി താരം രാഹുലും. മറുവശത്ത് മുഹമ്മദ് റഫീഖും ആന്റണി പിക്കിങ്ടണും ജാക്കസ് മഗോമയും.
പ്രതിരോധ കോട്ട കരുത്തായെന്ന് കരുതെങ്കിലും പലതവണ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖം വിറച്ചാണ് കളി നീങ്ങിയത്. കൗണ്ടർ അറ്റാക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തന്ത്രം. അതിൽ ബ്ലാസ്റ്റേഴ്സ് വീഴുമെന്ന് പലതവണ തോന്നിപ്പിച്ചു. 13ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ നടത്തിയ ഒന്നാന്തരമൊരു കൗണ്ടർ അറ്റാക്കിൽ ബ്ലാസ്റ്റേഴ്സ് വലകുലുങ്ങി. മുഹമ്മദ് റഫീഖായിരുന്നു ഗോളിന്റെ ശിൽപി. രക്ഷപ്പെടുത്താൻ ബക്കാരി കോനെ ശ്രമിച്ചെങ്കിലും ആഫ്രിക്കൻ താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിലായി.
തിരിച്ചടിക്കാൻ പലതവണ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും 90 മിനിറ്റും നടന്നില്ല. അതിനിടക്ക് ഗോളി ആൽബിനോ ഗോമസിനെ വമ്പൻ സേവിങ്ങുകളാണ് കൂടുതൽ ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സിനെ കാത്തത്. എന്നാൽ, 95ാം മിനിറ്റിൽ കളിയിൽ ട്വിസ്റ്റുണ്ടായി. പകരക്കാരനായെത്തിയ രണ്ടു പേർ ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തു. സഹൽ നൽകിയ പാസിൽ നിന്ന് ജീക്സൺ സിങ്ങിന്റെ തകർപ്പൻ ഹെഡറായിരുന്നു കളിയുടെ ഗതിവിധിച്ചത്. ഈ ഗോളിൽ ബ്ലാസ്റ്റേഴ്സ് തോൽവി ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.