പനാജി: പത്തുമിനിട്ടിനിടെ ചോദിച്ചുവാങ്ങിയ രണ്ടു ഗോളിൽ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ 2-0ത്തിന് മുംബൈ സിറ്റി എഫ്.സി തോൽപിച്ചു.
മത്സരം ചൂടുപിടിക്കുന്നതിനു മുന്നെ വഴങ്ങിയ രണ്ടു ഗോളുകളാണ് വിധി നിർണയിച്ചത്. ആഡം ലെ ഫോന്ദ്രെയും(4), ഹ്യൂഗോ ബോമസും(11)മാണ് സ്കോറർമാർ. തോൽവിയോടെ ആദ്യ നാലിലേക്കെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം വിദൂരത്തായി. ആറു പോയന്‍റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. ജയത്തോടെ 19 പോയന്‍റുമായി മുംബൈ സിറ്റി എഫ്.സി ഒന്നാം സ്ഥാനത്തെത്തി.
ഞൊടിയിടയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യം മത്സരത്തിൽ നഷ്ടപ്പെടുത്തിയത്. രണ്ടും കോസ്റ്റ നമോനേസുവിന്‍റെ പിഴവിലായിരുന്നു. മൂന്നാം മിനിറ്റിൽ ഹ്യൂഗാ ബോമസിനെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനാണ് മുംബൈക്ക് പെനാൽട്ടിക്ക് അവസരം ലഭിക്കുന്നത്. ആഡം ലെഫോന്ദ്രെ അനായാസം ഗോളാക്കുകയും ചെയ്തു.
ഈ ഗോളിന്‍റെ ഞെട്ടലിൽ നിന്ന് മാറുന്നതിന് മുമ്പാണ് 11ാം മിനിറ്റിൽ മുംബൈ രണ്ടാം തവണയും ഗോൾ നേടുന്നത്. ഇത്തവണയും പ്രതിരോധക്കാരുടെ 'അനാസ്ഥ' മുതലാക്കിയാണ് മുംബൈ കരു നീക്കിയത്. അഹ്മദ് ജാഹും സ്വന്തം ബോക്സിൽ നിന്ന് നീട്ടിനൽകിയ പാസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. മുംബൈയുടെ സൂപ്പർ താരം ഹ്യൂഗോ ബോമസ് ആൽബിനോ ഗോമസിനെ വെട്ടിച്ച് അത് ഗോളാക്കുകയും ചെയ്തു.
കളി തുടങ്ങി 11ാം മിനിറ്റ് പിന്നിട്ടപ്പോഴും രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് പിന്നിലായതോടെ ടീമിന്‍റെ തന്ത്രങ്ങെളല്ലാം പൊളിഞ്ഞിരുന്നു. എങ്കിലും തിരിച്ചടിക്കാൻ ഇരുപകുതിയിലും ബ്ലാസ്റ്റേഴ്സ് നിറഞ്ഞു കളിച്ചു. അവസരങ്ങൾ പലതവണ എത്തിയെങ്കിലും രക്ഷയുണ്ടായില്ല. 72ാം മിനിറ്റിൽ മുംബൈക്ക് മറ്റൊരു പെനാൽറ്റി കൂടി ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസ് തടുത്തിട്ടു. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കഴിവതും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടു തവണ മുംബൈയുടെ വലയിൽ പന്ത് എത്തിച്ചെങ്കിലും രണ്ടും ഓഫ് സൈഡിൽ കലാശിച്ചു.
മുംബൈക്കെതിരെ വമ്പൻ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ, കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച മലയാളി താരം അബ്ദുൽ ഹക്കുവുണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ പ്രതിരോധ താരമായ കോസ്റ്റ തിരിച്ചെത്തിയതോടെയാണ് ഹക്കുവിന് സ്ഥാനം നഷ്ടമായത്. കോസ്റ്റക്കൊപ്പം സന്ദീപ് സിങ്ങും മുഖ്യ പ്രതിരോധത്തിലിറങ്ങി. മറ്റൊരു മലയാളി താരം രാഹുലും പകരക്കാരുടെ ലിസ്റ്റിൽ ഇരുന്നപ്പോൾ, പകരം ലാൽതതാങയാണ് ടീമിൽ ഇടം പിടിച്ചത്. മുന്നേറ്റത്തിൽ ജോഡാൻ മറെയും ഫക്കുണ്ടോ പെരേറയും. വിങ്ങർ ജെസ്സലിനെയാണ് കോച്ച് വികുന നായക പദവി നൽകിയത്. മധ്യനിരയിൽ സഹലും ജീക്സണും വിസന്‍റെ ഗോമസും ലാൽതതാങയും പന്തു തട്ടി.
മറുവശത്ത് മൂൻ ബ്ലാസ്റ്റേഴ്സ് താരം ഒഗ്ബച്ചെയെ കോച്ച് സെർജിയോ ലൊബേറ ആദ്യ ഇലവനിൽ ഇറക്കിയില്ല. മുന്നേറ്റത്തിൽ ഹ്യൂഗോ ബൗമസ്, ആഡം ലെ ഫോൺറെ, റെയ്നിയർ ഫെർണാണ്ടസ് എന്നിവരാണ് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.