പനാജി: തകർപ്പൻ പ്രകടനം കണ്ട ഐ.എസ്.എല്ലിൽ കരുത്തരായ ജാംഷഡ്പുരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തരിപ്പണമാക്കി ബംഗളൂരു. ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി ചീമ ഉരുക്കുനഗരക്കാരെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയിൽ ആധികാരികമായി നേടിയ മൂന്നു ഗോളുകളിലാണ് ബംഗളൂരു വിജയ തീരത്തെത്തിയത്. രണ്ടു വട്ടം ഗോളടിച്ച് ക്ലീറ്റണും പട്ടിക തികച്ച് സുനിൽ ഛേത്രിയും വിജയികളുടെ രക്ഷകരായി.
സീസൺ തുടക്കത്തിലെ പാളിച്ചകൾ പരിഹരിച്ച് കണ്ണഞ്ചും പ്രകടനവുമായി അടുത്തിടെ മൈതാനം വാഴുന്ന ബംഗളൂരു അതേ വീര്യത്തോടെയാണ് ഇന്നലെയും ഇറങ്ങിയത്. പട്ടികയിൽ ഏറെ മുന്നിലായിരുന്ന ജാംഷഡ്പുരാകട്ടെ, അതിവേഗം ഗോൾ കണ്ടെത്തി കോയ്മ ഉറപ്പിക്കുകയാണെന്ന് തോന്നിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ പക്ഷേ, ബംഗളൂരു മാത്രമായിരുന്നു ചിത്രത്തിൽ. ഒന്നിനു പിറകെ ഒന്നായി പിറന്ന മനോഹര ഗോളുകൾ കളി അവരുടേത് മാത്രമാക്കി.
ജയത്തോടെ ബംഗളൂരു പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. 15 കളികളിൽ 23 പോയന്റാണ് ടീമിന്. ബ്ലാസ്റ്റേഴ്സിനും അത്ര തന്നെ പോയന്റാണെങ്കിലും രണ്ടു കളികൾ കുറച്ചാണ് കളിച്ചത്. ഹൈദരാബാദ് ഒന്നാമതും ജാംഷഡ്പുർ നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.