പനാജി: തുടക്കം ഗംഭീരമാക്കി പുതിയ സീസണിൽ വരവറിയിച്ച ശേഷം പതിയെ പത്തിമടക്കി മാളത്തിലൊളിച്ച ഒഡിഷയെ ഒന്നിനെതിരെ ആറു ഗോളിന് മുക്കി ഹൈദരാബാദ്. നൈജീരിയൻ താരം ഒഗ്ബെച്ചോ മൂന്നുവട്ടം വലകുലുക്കിയ ഏകപക്ഷീയ മത്സരത്തിൽ തകർപ്പൻ ജയവുമായി ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി.
കളിതുടങ്ങി 11ാം മിനിറ്റിൽ ഹൈദരാബാദ് ലീഡ് പിടിച്ചു. പ്രതിരോധനിരക്കിടയിൽ കാത്തുനിന്ന ഒഗ്ബെച്ചോയുടെ കാലിൽ തട്ടി പന്ത് വലയിൽ പതിക്കുകയായിരുന്നു. മിനിറ്റുകൾക്കിടെ ഒഡിഷ തിരിച്ചടിച്ചു. യുവാനൻ ആയിരുന്നു ഒഡിഷയെ ഒപ്പമെത്തിച്ച ഗോൾ കണ്ടെത്തിയത്. എന്നാൽ, ഒഡിഷയുടെ ആക്രമണവും ഗോൾദാഹവും അതോടെ തത്കാലം അവസാനിച്ചു. പിന്നീടങ്ങോട്ട് മൈതാനം സാക്ഷിയായതത്രയും ഹൈദരാബാദിനെയും ഒഗ്ബെച്ചോയെയും മാത്രം. കളി തുടങ്ങുംമുമ്പേ എതിരാളികളുടെ വിദേശി കരുത്തിനെ ഒഡിഷ കോച്ച് പ്രശംസിച്ചിരുന്നു. അത് ഏറ്റെടുത്താണ് ഹൈദരാബാദ് കളി നയിച്ചത്.
സെറ്റ് പീസിൽ തലവെച്ച് 39ാം മിനിറ്റിൽ ഒഗ്ബെച്ചോ ഹൈദരാബാദിനായി ലീഡ് പിടിച്ചു. രണ്ടാം പകുതിയിൽ കൃത്യമായ ഇടവേളകളിൽ വലകുലുങ്ങുന്നത് തുടർന്നു. 54ാം മിനിറ്റിലായിരുന്നു അടുത്ത വെടി പൊട്ടിയത്. ഇത്തവണ സ്പാനിഷ് താരം എഡു ഗാർസിയ നടത്തിയ മിന്നും നീക്കത്തിലായിരുന്നു ഗോളിന്റെ പിറവി. 60ാം മിനിറ്റിൽ ഒഗ്ബെച്ചോ ഹാട്രിക് പൂർത്തിയാക്കി. നേരത്തെ ഗ്രെഗ് സ്റ്റുവർട്ടും ഡെഷോൺ ബ്രൗണും മാത്രമാണ് ഈ സീസണിൽ ഹാട്രിക് നേടിയത്. 72ാം മിനിറ്റിൽ സെവരിയോയും 86ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജൊആവോ വിക്റ്ററും പട്ടിക തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.