മഡ്ഗാവ്: സഹൽ അബ്ദുസ്സമദ് എന്ന മലയാളി താരത്തിന്റെ കാലുകളിൽ ഒളിപ്പിച്ചുവെച്ച മാന്ത്രികത ഒരിക്കൽ കൂടി പുറത്തുവന്നപ്പോൾ മൂന്നാം ഐ.എസ്.എൽ ഫൈനലിലേക്ക് ഒരു ചുവട് വെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലീഗ് റൗണ്ടിൽ ഒന്നാമതെത്തി വിന്നേഴ്സ് ഷീൽഡ് നേടിയ ജാംഷഡ്പൂർ എഫ്.സിയെ ആദ്യ പാദ സെമി ഫൈനലിൽ സഹൽ നേടിയ ഏക ഗോളിൽ മറികടന്ന ബ്ലാസ്റ്റേഴ്സ് മുൻതൂക്കം നേടി. 38ാം മിനിറ്റിലായിരുന്നു നിർണായക ഗോൾ.
രണ്ടാം പാദ സെമി ചൊവ്വാഴ്ച നടക്കും. ലീഗിലെ കരുത്തരായ ജാംഷഡ്പൂരിനെതിരെ കരുതലോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ലീഗ് റൗണ്ടിൽ ആദ്യം സമനില നേടിയെങ്കിലും രണ്ടാം വട്ടം ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ജാംഷഡ്പൂരിനുമുന്നിൽ 3-0ത്തിന് തകർന്നടിഞ്ഞിരുന്നു. ഇത് മനസ്സിലുള്ളതുകൊണ്ടുതന്നെ ശ്രദ്ധയോടെയാണ് ഇവാൻ വുകോമാനോവിചിന്റെ ടീം പന്തുതട്ടിയത്. തുടക്കത്തിൽ പന്തിന്മേൽ ആധിപത്യം പുലർത്തിയ ജാംഷഡ്പൂർ സ്ട്രൈക്കർ ഡാനിയൽ ചുക്വുവിലൂടെ രണ്ടു തവണ ഗോളിനടടുത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു.
അതിനിടെ അപ്രതീക്ഷിതമായി കിട്ടിയ അവസരം മുതലെടുത്ത് കേരള ടീം മുന്നിലെത്തി. മൈതാനമധ്യത്തിന് സമീപം ലഭിച്ച ത്രോയിൽനിന്ന് കിട്ടിയ പന്ത് സഹലിന്റെ ഓട്ടം മുന്നിൽ കണ്ട അൽവാരോ വാസ്ക്വസ് ഉടനടി മുന്നിലേക്ക് ഉയർത്തിവിട്ടു. ഒപ്പം എത്താൻ ശ്രമിച്ച സൈമൻലെൻ ഡുംഗൽ ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ചെങ്കിലും പന്ത് വീണത് സഹലിന്റെ മുന്നിലേക്ക്. അപകടം മുന്നിൽ കണ്ട് ജാംഷഡ്പൂരിന്റെ മലയാളി ഗോളി ടി.പി. രഹ്നേഷ് ഓടിയെത്തിയപ്പോൾ സഹൽ തന്ത്രപൂർവം ഗോളിയുടെ തലക്ക് മുകളിലുടെ പന്ത് വലയിലേക്ക് ഉയർത്തിവിട്ടു.
രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂനയുടെ മനോഹരമായ ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളിനടുത്തെത്തിയെങ്കിലും രഹ്നേഷും പോസ്റ്റും ചേർന്ന് തടഞ്ഞു. ശേഷിക്കുന്ന സമയം ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന ബ്ലാസ്റ്റേഴ്സ് മുൻതൂക്കവുമായി രണ്ടാം പാദ സെമിയിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.