പനാജി: കളിയഴകിന്റെ ഉത്സവം സമ്മാനിച്ച തകർപ്പൻ പോരാട്ടത്തിൽ ഒഡിഷയുടെ മോഹങ്ങളെ സംപൂജ്യരാക്കി മഞ്ഞപ്പട വീണ്ടും ഒന്നാമത്. കഴിഞ്ഞ ദിവസം ജാംഷഡ്പുർ തട്ടിയെടുത്ത പദവിയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഒഡിഷയെ മുക്കി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടെടുത്തത്.
മൈതാനവും മനസ്സും നിറയുന്ന മായികനീക്കങ്ങളുമായി തുടക്കംമുതലേ കളിപിടിച്ച ബ്ലാസ്റ്റേഴ്സിനുതന്നെയായിരുന്നു മേൽക്കൈ. ഓരോ നീക്കവും ഗോൾവരക്കരികെയെത്തിച്ച് ആദ്യ മിനിറ്റുകളിൽ വാസ്ക്വസും സഹലും അപകടം വിതച്ചപ്പോൾ ഗോൾ പിറക്കാൻ വൈകിയത് നിർഭാഗ്യംകൊണ്ടുകൂടിയായി. പോയന്റ് പട്ടികയിൽ ഒരു ദിവസം മാത്രം കൈവശം കിട്ടിയ ഒന്നാം സ്ഥാനം അതിവേഗം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഏതു നിമിഷവും സഫലമാകുമെന്നായി.
ആറാം മിനിറ്റിലായിരുന്നു ഗോളിലേക്ക് ആദ്യ വെടിപൊട്ടിയത്. ലൂനയും വാസ്ക്വസും സഹലും ചേർന്ന സഖ്യം നയിച്ച നീക്കം പക്ഷേ, അവസാന നിമിഷം പാളി. 12ാം മിനിറ്റിലും സമാനനീക്കം കണ്ടു. സീസണിൽ ഇതുവരെയും പ്രതിരോധം പിഴച്ച് ഓരോ കളിയിലും ഗോളുകളേറെ വാങ്ങിയിരുന്ന ഒഡിഷ പക്ഷേ, ബ്ലാസ്റ്റേഴ്സിനെതിരെ തുടക്കത്തിൽ കുറ്റമറ്റ പ്രതിരോധവുമായി ഉറച്ചുനിൽക്കാൻ ശ്രമിച്ചു. ഇതോടൊപ്പം ഗോൾ നേടാൻകൂടി അവർ ശ്രമങ്ങൾ നടത്തി. 26ാം മിനിറ്റിൽ യാവി നടത്തിയ മുന്നേറ്റം ശ്രമകരമായാണ് ബ്ലാസ്റ്റേഴ്സ് അപകടമൊഴിവാക്കിയത്.
അതിനിടെ, മഞ്ഞപ്പട കാത്തിരുന്ന ഗോളെത്തി. 28ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ പന്തു സ്വീകരിച്ച നിഷു കുമാർ പ്രതിരോധതാരത്തെ വെട്ടിയൊഴിഞ്ഞ് പായിച്ച കിടിലൻ ഷോട്ട് പോസ്റ്റിന്റെ വലതുമോന്തായത്തിൽ പതിച്ചു. ഇതോടെ ആവേശം ഇരട്ടിച്ച ബ്ലാസ്റ്റേഴ്സ് മുന്നേറ്റം അലകടലായി ഒഡിഷ മുഖത്ത് വട്ടമിട്ടുനിന്നു. പെരേര ഡയസും നിഷു കുമാറും കൂടെ വാസ്ക്വസും സഹലും ചേർന്ന് മുന്നേറ്റങ്ങൾ പലതു പിറന്നു. 39ാം മിനിറ്റിൽ സെറ്റ് പീസിൽ തലവെച്ച് ഖബ്ര ടീമിനെ മുന്നിലെത്തിച്ചു.
ഒഡിഷ പ്രതിരോധത്തിനു മുന്നിൽ കാത്തുനിന്ന ഖബ്ര അനായാസമായി തലകൊണ്ട് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും വർധിതവീര്യവുമായി ബ്ലാസ്റ്റേഴ്സ് കണ്ണഞ്ചും നീക്കങ്ങളേറെ നടത്തി മുന്നിൽനിന്നു. 49ാം മിനിറ്റിൽ പെരേരയും അടുത്ത 10 മിനിറ്റിനിടെ വാസ്ക്വസും സുവർണാവസരം നഷ്ടപ്പെടുത്തി. മിന്നായംപോലെ കരുത്തും മിടുക്കും സമം ചാലിച്ച നീക്കങ്ങൾ ഒഡിഷയും നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇഞ്ച്വറി സമയത്ത് ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രത്യാക്രമണം ഗോളി ആയാസപ്പെട്ട് അപകടമൊഴിവാക്കിയതോടെ സ്കോർ 2-0.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.