പനാജി: ഇങ്ങനെയൊരു 'ട്വിസ്റ്റ്' ഒഡിഷ എഫ്.സി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 90 മിനിറ്റ് സമയവും കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ ചെറുത്തു നിന്നിട്ടും റോയ് കൃഷ്ണയെന്ന അപകടകാരിയായ സ്ട്രൈക്കറുടെ ഹെഡറിൽ വിലയേറിയ പോയൻറ് നഷ്ടമായി. ആവേശകരമായ മത്സരത്തിൽ 95ാം മിനിറ്റിലെ ഹെഡർ ഗോളിലാണ് റോയ് കൃഷ്ണ എന്ന ഫിജിക്കാരൻ എ.ടി.കെ മോഹൻ ബഗാന് മൂന്ന് പോയൻറ് സമ്മാനിച്ചത്. ഇതോടെ തുടർച്ചയായ മൂന്ന് ജയത്തോടെ മോഹൻ ബഗാൻ ഒമ്പതു പോയൻറുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഒഡിഷ എഫ്.സി പത്താം സ്ഥാനത്താണ്.
വിരസ മത്സരമായിരുന്നു ഗോവയിൽ ആദ്യ പകുതി അരങ്ങേറിയത്. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച എ.ടി.കെ മോഹൻ ബഗാന് ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് കളത്തിലിറങ്ങിയത്. ഒഡിഷയാവെട്ട ഒരു സമനിലയും തോൽവിയും ഏറ്റുവാങ്ങിയവരായിരുന്നു. ഡെയ്ഞ്ചർ സോണിൽ നിന്ന് കരകയറാൻ ഒഡിഷക്ക് ജയിച്ചേ മതിയായിരുന്നുള്ളൂ. വിസിൽ മുഴങ്ങിയപാടെ ആക്രമണം കനപ്പിച്ചാണ് ഒഡിഷ തുടങ്ങിയത്. മാഴ്സലീന്യോയും ഡീഗോ മൗറീഷ്യോയും ചേർന്ന് കടന്നാക്രമിച്ചു. മറു തലക്കൽ ക്യാപ്റ്റൻ റോയ് കൃഷ്ണയും മൻവീർ സിങ്ങും യാവി ഹെർണാണ്ടസും േചർന്ന് കൗണ്ടർ അറ്റാക്കും.
90 മിനിറ്റും അവസരം നഷ്ടമാക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്. റോയ് കൃഷ്ണയെ നന്നായി ഒഡിഷൻ നായകൻ സ്റ്റീഫൻ ടെയ്ലർ മാർക്ക് ചെയ്തതോടെ താരത്തിന് ഒന്നും ചെയ്യാനായില്ല. ഒടുവിൽ 95ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് വിധി നിർണയിച്ചത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനാണ് ബോക്സിലേക്ക് ഹെഡർ ചെയ്തു കൊടുത്തത്. ഗോളിക്കു മുന്നിലുണ്ടായിരുന്ന റോയ് കൃഷ്ണ പന്ത് അനായാസം വലയിലേക്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.