പനാജി: ഗോളടിക്കൽ കൂടിയാണ് ഫുട്ബാൾ എന്നു മറന്നുപോയ രണ്ട് ടീമുകൾ. എന്നിട്ടും വീണുകിട്ടിയ പെനാൽറ്റിയിലൂടെ കഷ്ടിച്ചൊരു ജയം. ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ബംഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം.ചെന്നൈയിൻ എഫ്.സിക്കെതിരെ ഗോളടിക്കുന്ന പതിവ് സുനിൽ ഛേത്രി തെറ്റിച്ചില്ല. ചെന്നൈക്കെതിരെ അവസാനം കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും പന്ത് വലയിലാക്കിയ ഛേത്രി െവള്ളിയാഴ്ച ഗോവയിലും ടീമിൻെറ ഗോൾസ്കോററായി.മത്സരത്തിൻെറ 56ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ഛേത്രിയുടെ ഗോൾ.
ഇതുവരെ ഏറ്റുമുട്ടിയ ഏഴ്മത്സരങ്ങളിൽ മൂന്ന് വീതം ജയങ്ങളുമായി ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ കുരുങ്ങിയ ബംഗളൂരു ജയിക്കാനുറച്ചാണ് കളത്തിലെത്തിയത്. നാലാം മിനിറ്റിൽ തന്നെ ചെന്നൈക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ക്രിവല്ലാറോയെടുത്ത കിക്ക് ബി.എഫ്.സിയുടെ പ്രതിരോധ മതിലിൽ തട്ടിയകന്നു. ഇതിനിടെ 16ാം മിനിറ്റിൽ മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പ പരിക്കേറ്റ് മടങ്ങിയത് 'മറീന മച്ചാൻസി'ന് കനത്ത തിരിച്ചടിയായി.
ഗോൾരഹിതമായ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ തവണ മാത്രമാണ് ഗോൾ പോസ്റ്റ് ലക്ഷ്യമിട്ടത്. ഇരുടീമുകളും പരുക്കൻ കളിയാണ് പുറത്തെടുത്തത്. രണ്ടാം പകുതിയിൽ ബംഗളൂരു ഡെഷ്റോൺ ബ്രൗണിനെ പിൻവലിച്ച് ക്രിസ്റ്റ്യൻ ഓപ്സെത്തിനെ ഇറക്കി. 47ാം മിനിറ്റിൽ വീണ്ടും ഫ്രീകിക്ക് നേടിയെങ്കിലും ഇക്കുറിയും ക്രിവല്ലാറോക്ക് മുതലെടുക്കാനായില്ല.
രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ക്ലൈറ്റൺ സിൽവയാണ് ബംഗളൂരു എഫ്.സിക്കായി പെനാൽറ്റി നേടിയത്. കിക്കെടുത്ത സുനിൽ ഛേത്രി പിഴവൊന്നും വരുത്താതെ ബി.എഫ്.സിക്ക് ലീഡ് നേടിക്കൊടുത്തു. ഇന്ത്യൻ നായകൻെറ സീസണിലെ ആദ്യ ഗോളാണിത്. 80ാം മിനിറ്റിൽ ചാങ്തേ ചെന്നൈക്കായി മികച്ചൊരു അവസരം തുറന്നു നൽകിയെങ്കിലും ഫാത്തുലോക്ക് ഗോളാക്കാനായില്ല.
ചാങ്തെയും ജെറിയും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു. അവസാന നിമിഷം ചെന്നൈയിൻ കളിക്കാർ ഉയർത്തിയ സമ്മർദ്ദം മറികടക്കാൻ ബംഗളൂരുവിനായി. മത്സരത്തിൽ നിർണായകമായ രണ്ട് സേവുകളുമായി ബംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധുവും മികച്ചു നിന്നു.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയൻറുമായി ബംഗളൂരു പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. നാല് പോയൻറ് മാത്രമുള്ള ചെന്നൈയ്യിൻ ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.