പനാജി: ഐ.എസ്.എല്ലിൽ ഒരു ജയമെന്ന ഒഡിഷ എഫ്.സിയുടെ ആഗ്രഹം 'അനന്തമായി' നീളുന്നു. ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒഡിഷ എഫ്.സിക്ക് നോർത്ത് ഈസ്റ്റിനു മുന്നിലും സമനില. ആവേശകരമായി അവസാനം വരെ നീണ്ട മത്സരം 2-2ന് സമനിലയിൽ കലാശിച്ചു.
ഗോളടിച്ചു തുടങ്ങിയെങ്കിലും ഒഡിഷക്ക് പിന്നീട് കളി കൈവിടുകയായിരുന്നു. 22ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയാണ് അകൗണ്ട് തുറന്ന് ഒഡിഷയെ മുന്നിലെത്തിയത്. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി സമയം നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു. 45ാം മിനിറ്റിൽ ക്യാപ്റ്റൻ ബെഞ്ചമിൻ ലാബോട്ടാണ് തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടിയത്.
ഇതോടെ തിരിച്ചുവരാൻ ഒരുങ്ങി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ നോർത്ത് ഈസ്റ്റിന് കെസി അപ്പിയയുടെ പെനാൽറ്റിയിൽ മുന്നിലെത്തി. താരത്തെ, എതിർ ഗോളി ബോക്സിൽ വീഴ്ത്തയതിനാണ് പെനാൽറ്റി ലഭിച്ചത്. അനായാസം ഘാന താരം ഗോളാക്കുകയും ചെയ്തു. എന്നാൽ, രണ്ടു മിനിറ്റിനകം ഒഡിഷ തിരിച്ചടിച്ചു. കോലെ അലക്സാണ്ടറിന്റെ ബോക്സിൽ നിന്നുള്ള ബുള്ളറ്റ് ഷോട്ടാണ് നോർത്ത് ഈസ്റ്റിന്‍റെ വലതുളച്ചത്. കർവ് ആയി വന്ന പന്തിനു മുന്നിൽ നോർത്ത് ഈസ്റ്റ് ഗോളി ഗുർമീത് സിങ്ങിന് ഒന്നും ചെയ്യാനുണ്ടായില്ല.
11 പോയന്‍റുമായി നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്. രണ്ടു പോയന്‍റ് മാത്രമുള്ള ഒഡിഷ പത്താമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.