വാസ്കോ: മൂന്നടിച്ച് മൂന്നു പോയന്റ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തി. ചെന്നൈയിൻ എഫ്.സിയെ 3-0ത്തിനാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. നാലാമതുള്ള മുംബൈ സിറ്റിയും ജയം നേടിയതോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഹൈദരാബാദ് (35), ജാംഷഡ്പൂർ (34), എ.ടി.കെ മോഹൻ ബഗാൻ (31) ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. മുംബൈക്ക് 31ഉം ബ്ലാസ്റ്റേഴ്സിന് 30ഉം പോയന്റുണ്ട്. മാർച്ച് രണ്ടിന് നടക്കുന്ന ബ്ലാസ്റ്റേഴ്സ്-മുംബൈ കളി ഇതോടെ അതിനിർണായകമായി.
ഗോളും നല്ല കളിയും വിട്ടുനിന്ന ആദ്യ പകുതിക്കുശേഷം മൂന്നു മിനിറ്റിന്റെ ഇടവേളയിൽ രണ്ടുവട്ടം എതിർവല കുലുക്കിയ ജോർഹെ പെരേര ഡയസും (52, 55) ഇഞ്ചുറി സമയത്ത് ലക്ഷ്യംകണ്ട അഡ്രിയാൻ ലൂനയും ആണ് ബ്ലാസ്റ്റേഴ്സിന് സീസണിൽ ചെന്നൈയിനെതിരെ തുടർച്ചയായ രണ്ടാം 3-0 ജയം സമ്മാനിച്ചത്.
തോറ്റാലോ സമനില വഴങ്ങിയാലോ സെമി സാധ്യതയെ കാര്യമായി ബാധിക്കുമെന്ന തിരിച്ചറിവിൽ വാസ്കോയിലെ തിലക് മൈതാനത്തിറിങ്ങിയ ബ്ലാസ്റ്റേഴ്സ് പക്ഷേ ആദ്യപകുതിയിൽ കെട്ടുറപ്പുള്ള കളിയല്ല കെട്ടഴിച്ചത്. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ പെരേര ഡയസ് അവസരങ്ങൾ നഷ്ടമാക്കുകയും ചെയ്തു. ഒരുതവണ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതിൽ വരെ അർജന്റീനക്കാരന് പിഴച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ഇറങ്ങിയത് മറ്റൊരു ബ്ലാസ്റ്റേഴ്സും ഡയസുമായിരുന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച മഞ്ഞപ്പട ഏഴു മിനിറ്റികം ആദ്യ വെടിപൊട്ടിച്ചു. ഹാഫ് ലൈനിൽനിന്ന് ഹർമൻജോത് ഖബ്ര നീട്ടിനൽകിയ പാസിൽ ലൂന വഴി എത്തിയ പന്ത് മുൻ പിഴവുകൾക്ക് പ്രായശ്ചിത്തം ചെയ്ത് ഡയസ് വലയിലെത്തിച്ചു. മിനിറ്റുകൾക്കം താരം രണ്ടാം ഗോളുമടിച്ചു. അൽവാരോ വാസ്ക്വസിന്റെ പാസുമായി കയറി സഞ്ജീവ് സ്റ്റാലിൻ പായിച്ച ഷോട്ട് ക്രോസ് ബാറിൽ തട്ടിമടങ്ങിയപ്പോൾ ഡയസ് അവസരം പാഴാക്കിയില്ല. അവസാന വിസിലിന് നിമിഷങ്ങൾ ബാക്കി നിൽക്കെ ലഭിച്ച ഫ്രീകിക്ക് ലൂന ഉയർത്തിവിട്ടത് ചെന്നൈയിൻ ഗോളി വിശാൽ കെയ്ത്തിന് പിടികൊടുക്കാതെ വലയിലേക്ക് ഊർന്നിറങ്ങി.
ബാംബോലിം: ജയവുമായി മുംബൈ സിറ്റി എഫ്.സി ഐ.എസ്.എൽ സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി.ഗോവയെ 2-0ത്തിനാണ് മുംബൈ കീഴടക്കിയത്. മെഹ്താബ് സിങ്ങും (35) ഡീഗോ മൗറീഷ്യോയുമാണ് (86) ഗോളുകൾ നേടിയത്. മത്സരം ഗോൾരഹിതമായി നിൽക്കെ കിട്ടിയ പെനാൽറ്റി പാഴാക്കിയത് ഗോവക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.