കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ ഗോൾ നേടിയ ഒഗ്ബെച്ചേയുടെ ആഹ്ലാദം

ഒഗ്ബെച്ചെ ബ്ലാസ്റ്റ്; ഹൈദരാബാദിനു മുന്നിൽ വീണ് കേരള ബ്ലാസ്റ്റേഴ്സ്

പനാജി: ജയിച്ചാൽ സെമിയെന്ന വലിയ പ്രതീക്ഷയിലേക്ക് ബൂട്ടുകെട്ടിയ ഹൈദരാബാദിനു മുന്നിൽ മുട്ടുകുത്തി വീണ് മഞ്ഞപ്പട. ആദ്യവസാനം മനോഹര ഗെയിമുമായി ഇരു ടീമും മൈതാനം നിറഞ്ഞ നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ വിജയം. ഇതോടെ 18 മത്സരങ്ങളിൽ 35 പോയിന്റുമായി ഹൈദരാബാദ് ഐ.എസ്.എൽ പുതിയ സീസണിൽ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി. അഞ്ചാം സ്ഥാനത്തുള്ള കേരളത്തിനാകട്ടെ, അവസാന നാലിലെത്താൻ ഇനിയുള്ള കളികളിൽ ജയിക്കുന്നതിനൊപ്പം ഭാഗ്യവും കനിയണം.

ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ മുഖാമുഖം നിന്ന കളിയുടെ ആദ്യ വിസിൽ മുതൽ ഗോളവസരവുമെത്തി. ഒന്നാം മിനിറ്റിൽ ഹൈദരാബാദിന്റെ ജോയൽ ചിയാനെസിന്റെ വകയായിരുന്നു മുന്നേറ്റം. ബ്ലാസ്റ്റേഴ്സ് ഗോളി ആയാസപ്പെട്ട് അപകടമൊഴിവാക്കിയതോടെ കേരള നിരയിൽ തത്കാല ആശ്വാസം. നാലാം മിനിറ്റിലും സമാന ആക്രമണം പിന്നെയും കണ്ടു. ഇത്തവണയും വലിയ പ്രശ്നങ്ങളില്ലാതെ കടന്ന കേരളം ആദ്യ 10 മിനിറ്റ് കഴിഞ്ഞതോടെ കളിയിൽ താളം കണ്ടെത്തി. അതുവരെയും ഹൈദരാബാദിന്റെ അതിവേഗ നീക്കങ്ങൾക്കു മുന്നിൽ പകച്ച ടീം പിന്നീട് പ്രത്യാക്രമണവുമായി എതിരാളികളെയും വിറപ്പിച്ചു. 18ാം മിനിറ്റിലാണ് കേരളം ആദ്യ അവസരം തീർക്കുന്നത്. അൽവാരോ വാസ്ക്വസിന്റെ നീക്കം പക്ഷേ, ലക്ഷ്യം കണ്ടില്ല.

അതിനിടെ, ഹൈദരാബാദ് എതിർവല തുളച്ചു. രോഹിത് ദാനു നൽകിയ ക്രോസ് രണ്ടു പ്രതിരോധ താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ഗോളിയെയും കടന്ന് ഒഗ്ബെച്ചെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ കരുതലും കരുത്തും കൂട്ടിയ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ അലമാല തീർത്ത് ഏതു നിമിഷവും തിരിച്ചടിക്കുമെന്നായി. 41ാം മിനിറ്റിൽ ഖബ്രയുടെ ഹെഡർ ഗോളിയെ കടന്നെന്ന് തോന്നിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തൊട്ടുപിറകെ ചെഞ്ചോയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. രണ്ടാം പകുതി അഞ്ചു മിനിറ്റ് പിന്നിടുന്നതിനിടെ ചെഞ്ചോ വീണ്ടും ഗോളവസരവുമായി എതിർ ബോക്സിലെത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു.

തൊട്ടടുത്ത മിനിറ്റിൽ ഖബ്ര അടിച്ചത് ബാറിൽ തട്ടി തിരിച്ചുപോന്നു. അൽവാരോ വാസ്ക്വസിന്റെ വകയായിരുന്നു അടുത്ത മുന്നേറ്റം. ഓടിത്തളർന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിൽ തീ കോരിയിട്ട് സിവേരിയ ലീഡുയർത്തുന്നതായിരുന്നു പിന്നീട് മൈതാനം കണ്ടത്. ആക്രമണത്തിനൊപ്പം പ്രതിരോധവും സമന്വയിപ്പിച്ച് ഒരേ ആവേശത്തോടെ നിലയുറപ്പിച്ച ഹൈദരാബാദ് അവസാന നിമിഷങ്ങളിൽ കേരളം നടത്തിയ മുന്നേറ്റങ്ങൾക്കെതിരെ കോട്ട കാത്തു. ഇഞ്ച്വറി സമയത്ത് വിൻസി വെടിച്ചില്ലുകണക്കെ പായിച്ച ഷോട്ട് ഒരു ഗോൾ ലീഡ് കുറച്ചെങ്കിലും വൈകാതെ അവസാന വിസിൽ മുഴങ്ങി.

Tags:    
News Summary - ISL: Ogbeche and Siverio guide Hyderabad to first ever semifinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.