വാസ്കോ: കോവിഡ് ഏൽപിച്ച തളർച്ചയൊക്കെ പമ്പ കടന്നു. പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും അത്യുജ്ജ്വല ജയത്തോടെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ജയത്തിന്റെ വഴിയിൽ തിരിച്ചെത്തി. കോവിഡ് ഏൽപിച്ച ആഘാതത്തിൽ നിന്നുണരാൻ ആദ്യ പകുതിവരെ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഉഗ്രരൂപം പുറത്തെടുത്തപ്പോൾ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ 2-1 ന്റെ ഇടിവെട്ട് ജയവുമായി വീണ്ടും ട്രാക്കിൽ കയറി.
ജയത്തോടെ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 62ാം മിനിറ്റിൽ അർജന്റീനക്കാരൻ പെരേര ഡയസും 82ാം മിനിറ്റിൽ സ്പാനിഷ് താരം അൽവാരോ വാസ്കസും നേടിയ സ്വപ്നതുല്യമായ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ ജയത്തിലേക്കെത്തിച്ചത്. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ മലയാളി താരം മുഹമ്മദ് ഇർഷാദ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടി. താരങ്ങൾക്ക് കോവിഡ് ബാധിക്കുന്നതിനു മുമ്പുള്ള കളികളിലെല്ലാം തുടക്കത്തിലേ പിടഞ്ഞുണർന്ന ബ്ലാസ്റ്റേഴ്സായിരുന്നില്ല വാസ്കോയിലെ തിലക് നഗർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച സന്ധ്യക്ക് കണ്ടത്. അസുഖബാധിതമായ തുടക്കം.
പക്ഷേ, അത് മുതലാക്കാൻ നോർത്ത് ഈസ്റ്റുകാർക്കായതുമില്ല. ഗോൾമുഖത്തേക്കെത്താതെ ദൂരെ നിന്ന് ഗോളടിക്കാമോ എന്ന് അൽവാരോ വാസ്കസ് ഇടയ്ക്കിടെ പരീക്ഷിച്ചുനോക്കിയെങ്കിലും ഫലം കണ്ടില്ല. തട്ടിമുട്ടി ആദ്യ പകുതി പിന്നിട്ട ബ്ലാസ്റ്റേഴ്സ് ആയിരുന്നില്ല രണ്ടാം പകുതിയിൽ ഇവാൻ വുകോമാനോവിച് എന്ന സെർബിയൻ കോച്ച് ചൊല്ലിക്കൊടുത്തതൊക്കെ കളത്തിൽ പ്രയോഗിക്കാൻ തീരുമാനിച്ചായിരുന്നു വരവ്. ഏതുനിമിഷവും ഗോൾ പിറക്കുമെന്നുറപ്പായി.
ടീമിന്റെ ഒത്തിണക്കത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ആദ്യ ഗോൾ. 62ാം മിനിറ്റിൽ നിഷി കുമാർ ഗോൾമുഖത്തേക്ക് നീട്ടിക്കൊടുത്ത ക്രോസ് ഹർമൻജോത് ഖബ്ര തലയിലേന്തി മാർക്ക് ചെയ്യപ്പെടാതെ നിന്ന പെരേര ഡയസിന് മറിച്ചുകൊടുത്തു. ഉഗ്രനൊരു ഹെഡറിലൂടെ ഡയസ് വലയിലാക്കുമ്പോൾ ഗോളി ചൗധരി നിഷ്പ്രഭനായിപ്പോയി. അതിനിടയിൽ 70ാം മിനിറ്റിൽ മിഡ്ഫീൽഡർ ആയുഷ് അധികാരി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി.
എന്നാൽ, അതിശയം വരാനിരിക്കുകയായിരുന്നു. 82ാം മിനിറ്റിൽ അൽവാരോ വാസ്കസിന്റെ പരീക്ഷണം വിജയിച്ചു. 75 വാര അകലെ നിന്നു തൊടുത്ത ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല കുലുക്കിയപ്പോൾ ഈ ടൂർണമെന്റിലെ തന്നെ അതിമനോഹരമായ ഗോളുകളിലൊന്ന് പിറന്നു. അവസാന വിസിലെടുക്കാൻ റഫറി തുനിയുന്നതിനിടയിലാണ് മലയാളി താരം മുഹമ്മദ് ഇർഷാദിന്റെ ലോങ് റേഞ്ചർ മനോഹരമായി ബ്ലാസ്റ്റേഴ്സ് വലയിലേക്ക് ഇടിച്ചുകയറിയത്. 13 കളികളിൽ നിന്ന് 23 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ രണ്ടാമതായി. 14 കളികളിൽ നിന്ന് 26 പോയന്റുള്ള ഹൈദരാബാദ് എഫ്.സിയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.