വാസ്കോ: സീസൺ പാതിയാകുംമുമ്പേ ഞങ്ങളങ്ങ് എടുത്തുവെന്ന മട്ടിൽ അരങ്ങുനയിച്ചവരായിരുന്നു നേരത്തേ മുംബൈ. ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാതെ ബഹുദൂരം മുന്നിൽ. കൊമ്പുകോർക്കാനെത്തിയവരെയെല്ലാം മുട്ടുകുത്തിച്ച പോരാട്ടങ്ങൾ. മറുവശത്ത് തുടരെ സമനിലകളുമായി കളിയിൽ തിരിച്ചെത്താൻ വിഷമിച്ച് കേരള ബ്ലാസ്റ്റേഴ്സും.
എല്ലാം മാറിയിരിക്കുന്നു. പട്ടികയിൽ ആദ്യ നാലിൽനിന്ന് ഏതുനിമിഷവും പുറത്തുപോകാവുന്നത്ര പരുങ്ങലിലാണ് മുംബൈക്കാർ. നിലവിൽ നാലാമതുണ്ടെങ്കിലും തൊട്ടുപിറകിലുള്ള എ.ടി.കെ രണ്ടുകളി കുറച്ചു കളിച്ചവർ. അവസാനം കളിച്ച അഞ്ചിലും ജയം കണ്ടിട്ടില്ല. മഞ്ഞപ്പടയാകട്ടെ, എതിരാളികളുടെ നെഞ്ചകത്ത് ഗോളുത്സവം തീർത്തുള്ള കുതിപ്പിലാണ്. സീസണിൽ കളിച്ച 11ൽ 10ലും തോറ്റിട്ടില്ല. തോൽവിയറിഞ്ഞതാകട്ടെ, സീസണിലെ ആദ്യ മത്സരവും.
ഇവാൻ വുകോമാനോവിച്ചിന്റെ പുതിയ തന്ത്രങ്ങളിൽ വിജയമന്ത്രങ്ങളേയുള്ളൂ. അഡ്രിയൻ ലൂനയിൽ തുടങ്ങി കഴിഞ്ഞ കളിയിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച നിഷു കുമാർ വരെ എല്ലാവരും ഒന്നിനൊന്ന് മികവു പുലർത്തുന്നവർ. മുംബൈക്കു മുന്നിൽ ഇനിയുള്ളതൊക്കെയും മരണപ്പോരാട്ടമാണ്. ഏറെനാൾ ഏറ്റവും മുന്നിൽനിന്നവർക്ക് ഇനിയും പിറകോട്ടുപോകാനാകില്ല.
അത് േപ്ലഓഫിൽനിന്ന് പുറത്തേക്ക് വഴിയൊരുക്കും. കേരളത്തിനാകട്ടെ, ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ അവസരം കാത്ത് ഒന്നിലേറെ ടീമുകൾ തൊട്ടുതാഴെയുണ്ട്. സമനിലപോലും ഒന്നാം സ്ഥാനത്തിന് അപകടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.