പനാജി: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയ ശേഷം എ.ടി.കെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ. ''ഇത്രയും നേരം ഞങ്ങൾ കളിച്ചത് സ്ത്രീകൾക്കെതിരെയാണ്'' എന്ന ജിങ്കന്‍റെ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. പരാമർശത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ജിങ്കനെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബാൾ ആരാധകരെത്തി.
താരത്തിനെതിരെ വിമർശനം വ്യാപിച്ച സഹാചര്യത്തിൽ ജിങ്കൻ മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്തു. പരാമർശത്തിലൂടെ താൻ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ലെന്നും ആ സമയത്ത് അങ്ങനെ പറഞ്ഞു പോയതാണെന്നും ജിങ്കൻ ചൂണ്ടിക്കാട്ടി.
''ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ്. ഇന്ത്യൻ വനിത ഫുട്ബാൾ ടീമിനെയും വനിതകളെയും പൊതുവെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. എനിക്കും അമ്മയും സഹോദരിമാരും ഭാര്യയുമുണ്ടെന്ന് മറക്കരുത്. സ്ത്രീകളെ എക്കാലവും ബഹുമാനിച്ച ചരിത്രമാണ് എന്റേത്.
മത്സരത്തിന് ശേഷം ടീം അംഗങ്ങളുമായി തർക്കിക്കുന്നതാണ് നിങ്ങൾ കേട്ടത്. എന്‍റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചല്ല. കളത്തിലെ എതിരാളികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്‍റെ സുഹൃത്തുക്കൾ കൂടിയുണ്ട് ആ ക്ലബിൽ. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി എന്‍റെ ചോരയും നീരും ഒഴുക്കിയിട്ടുണ്ട്. അതുക്കൊണ്ട് ക്ലബിനെ ഞാൻ പരിഹസിക്കില്ല. എന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. ആരെയും നോവിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതല്ല''-ജിങ്കൻ ട്വീറ്റിൽ വ്യക്തമാക്കി.
ജിങ്കനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടമായ മഞ്ഞപ്പടയും രംഗത്തിറങ്ങിയിരുന്നു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ ജിങ്കനോടുളള ബഹുമാന സൂചകമായി പിൻവലിച്ച 21–ാം നമ്പർ ജഴ്സി തിരികെ കൊണ്ടു വരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. ഈ ആവശ്യം ഉയർത്തി #BringBack21 എന്ന ഹാഷ്ടാഗ് കാമ്പയിനും ബ്ലാസ്റ്റേഴ്സ് ആരാധകർ തുടങ്ങി കഴിഞ്ഞു.
ജിങ്കന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ 'അൺഫോളോ' ചെയ്താണ് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ചിലർ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.