കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിന് ആവേശം പകർന്ന് ആദിവാസി ഫുട്ബാൾ താരങ്ങൾ. ജഴ്സി അണിഞ്ഞ് ബാനറുമായെത്തിയ അവർ ഗാലറികളിൽ ആവേശത്തിരയൊഴുക്കി. കാൽപന്തുകളി താരങ്ങളായ നൂറ് ആദിവാസി കുട്ടികൾ ഒമ്പത് ടീമുകളിലെ കളിക്കാരാണ്. അതിൽ ആറ് ടീം ആൺകുട്ടികളുടേതും മൂന്ന് ടീം പെൺകുട്ടികളുടേതും. ജില്ല ടീം താരങ്ങൾ മുതൽ സംസ്ഥാന ടീമിൽ സെലക്ഷൻ കിട്ടിയവരടക്കമുണ്ട് ടീമിൽ.
കാസർകോട്, നിലമ്പൂർ, പത്തനംതിട്ട, കണ്ണൂർ, അട്ടപ്പാടി, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് ആദിവാസി കുട്ടികൾ കൊച്ചിയിലെത്തിയത്. കലൂർ ജവഹർലാൽ നെഹ്റു മെട്രോ സ്റ്റേഷനിൽനിന്ന് ഒരുമിച്ചാണ് ഇവർ സ്റ്റേഡിയത്തിലേക്കെത്തിയത്.
കൊച്ചി: ഐ.എസ്.എൽ താരങ്ങളെ ഗ്രൗണ്ടിലേക്ക് കൈപിടിച്ച് ആനയിക്കാൻ ഇക്കുറിയെത്തിയത് ആദിവാസി ഊരിലെ കുരുന്നുകൾ. കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി ഐ.എസ്.എൽ മത്സരം നടന്ന കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ചരിത്രം പിറന്നത്.
കാസർകോട് കരിന്തലം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലെ 22 ട്രൈബല്‍ വിദ്യാർഥികളാണ് ഐ.എസ്.എൽ താരങ്ങളെ മൈതാനത്തിലേക്ക് ആനയിക്കാനെത്തിയത്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനും സ്കൂള്‍ ഡയറക്ടറുമായ കെ.വി. ധനേഷിന്റെ നേതൃത്വത്തിലാണ് കുട്ടികൾ കൊച്ചിയിലെത്തിയത്.
പട്ടികവർഗ വികസന വകുപ്പ്, എറണാകുളം ജില്ല ഭരണകൂടം, ജില്ല സ്പോർട്സ് കൗൺസിൽ, മഹാരാജാസ് കോളജ് എന്നിവ സംയുക്തമായി ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വീകരണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.