കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരം ഇയാൻ ഹ്യൂം ബൂട്ടഴിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാനഡക്കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഹ്യൂമേട്ടനെന്ന് ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന താരം രണ്ട് വർഷത്തിലേറെയായി ബൂട്ടുകെട്ടിയിട്ട്. 39കാരനായ അദ്ദേഹം ഇംഗ്ലീഷ് ക്ലബ് വുഡ്‌സ്റ്റോക് സിറ്റിയെ പരിശീലിപ്പിച്ചുവരികയായിരുന്നു.
2014ൽ കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ് ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിലെത്തിച്ച താരം അതോടെ ആരാധകരുടെ ഹ്യൂമേട്ടനായി. അന്നത്തെ മാൻ ഓഫ് ദ ടൂർണമെന്റും ഹ്യൂമായിരുന്നു. രണ്ട് ടേമുകളിലിലായി 29 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജഴ്സിയണിഞ്ഞിട്ടുണ്ട്. 10 ഗോളുകളും താരം നേടി. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ കുറിച്ചതും ഹ്യൂമായിരുന്നു.
ബ്ലാസ്റ്റേഴ്സ് വിട്ട് താരം അത്‌ലറ്റികോ ഡി കൊൽക്കത്തയിൽ ചേക്കേറിയിരുന്നു. 2016ൽ കിരീടം നേടിയ കൊൽക്കത്ത ടീമിൽ ഹ്യൂമുമുണ്ടായിരുന്നു. 2018ൽ എഫ്.സി പൂനെക്ക് വേണ്ടിയും താരം കളിച്ചു. ഐ.എസ്.എല്ലില്‍ 62 മത്സരങ്ങളിൽ നിന്നായി 25 ഗോളുകളാണ് ഹ്യൂമിന്റെ സമ്പാദ്യം.
ഇംഗ്ലീഷ് ക്ലബ്ബ് ട്രാൻമിയർ റോവേഴ്‌സിലൂടെയാണ് ഹ്യൂം പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ തുടങ്ങുന്നത്. 2005ൽ ലെസ്റ്റർ സിറ്റിയിലേക്ക് നീങ്ങുന്നത് വരെ താരത്തിന്റെ തട്ടകം റോവേഴ്‌സിലായിരുന്നു. 2008ൽ ബാർനെസ്ലി എഫ്.സിയിലേക്ക് പോയി. ഇംഗ്ലീഷ് ക്ലബ്ബായ ഫ്‌ളീറ്റ് വുഡ് എഫ്.സിയിൽ നിന്നാണ് ഹ്യും ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. കാനഡക്ക് വേണ്ടിയും താരം പന്ത് തട്ടി. കനേഡിയൻ ദേശീയ ടീമിനായി 43 കളികളിൽ ഇറങ്ങിയ ഇയാന്‍ ഹ്യൂം 6 ഗോളുകള്‍ നേടിയിട്ടുണ്ട്. ഹ്യൂമിന് കനേഡിയന്‍ ഫുട്ബോള്‍ ടീം അധികൃതര്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.