ഗുവാഹതി: തുടർച്ചയായ തിരിച്ചടികളിൽനിന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താൻ വലിയ മാറ്റങ്ങളോടെ കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിൽ പ്രതിരോധ നിരയിലടക്കം വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രതിരോധ താരങ്ങളായ സന്ദീപ് സിങ്ങും നിഷു കുമാറും ആദ്യ ഇലവനിൽ ഇടംനേടിയപ്പോൾ ഹർമൻ ജോത് ഖബ്ര, നായകൻ ജെസ്സൽ കർണെയ്റോ എന്നിവർ പുറത്തായി. പ്രതിരോധത്തിലെ പിഴവുകളായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്‍റെ തോൽവിക്ക് കാരണം. മലയാളി താരം സഹൽ അബ്ദുസമ്മദ് സൈഡ് ബെഞ്ചിലേക്ക് മാറിയപ്പോൾ, മറ്റൊരു മലയാളി താരമായ കെ.പി. രാഹുലിനെ നിലനിർത്തി.
യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നി, സൗരവ് മണ്ഡൽ എന്നിവരും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചു. ഐ.എസ്.എൽ പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. മൂന്നു പോയന്റുമായി ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. ഉദ്ഘാടന ദിനത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീടിങ്ങോട്ട് കഷ്ടകാലമായിരുന്നു.
തൊട്ടതെല്ലാം പിഴച്ച ഇവാൻ വുകോമാനോവിചിന്റെ സംഘം എ.ടി.കെ മോഹൻ ബഗാനോട് 5-2നും ഒഡിഷ എഫ്.സിയോട് 2-1നും മുംബൈ സിറ്റിയോട് 2-0ത്തിനുമാണ് തോറ്റത്. ആറു ഗോൾ നേടിയപ്പോൾ വാങ്ങിയത് പത്തെണ്ണം.
ആദ്യ മത്സരത്തിൽ മൂന്നു ഗോൾ സ്കോർ ചെയ്തശേഷം മൂന്നു മത്സരങ്ങളിൽ നേടാനായത് മൂന്നു ഗോൾ മാത്രം. എന്നാൽ, സ്വന്തം തട്ടകത്തിൽ ആദ്യ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്.
ഗോള്‍കീപ്പര്‍: പ്രഭ്‌സുഖന്‍ ഗില്‍
പ്രതിരോധനിര: മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, നിഷു കുമാര്‍
മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുഷ്നി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂന,
മുന്നേറ്റ നിര: ദിമിത്രിയോസ് ഡയമന്റകോസ്, കെ.പി. രാഹുല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.