ജയത്തോടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് നിറംവെച്ച് ലിവർപൂൾ; പരിശീലകനായ അഞ്ചാം കളിയും തോറ്റ് ലംപാർഡ്

പ്രിമിയർ ലീഗിൽ കഴിഞ്ഞ സീസൺ വരെയും അതികായന്മാരായി വാണ രണ്ടു വമ്പന്മാർ മാറ്റുരച്ച ദിനത്തിൽ തോൽവിയും ജയവും. വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ലിവർപൂൾ ജയവുമായി മടങ്ങിയപ്പോൾ സമീപകാലത്ത് തോൽവി മാത്രം പരിചയമുള്ള ചെൽസി ബ്രെന്റ്ഫോഡിനു മുന്നിലും വീണു.

വെസ്റ്റ്ഹാം മൈതാനത്ത് ലുകാസ് പക്വേറ്റ 12ാം മിനിറ്റിൽ നേടിയ ഗോളിൽ ലിവർപൂളിനെതിരെ ആതിഥേയരാണ് ആദ്യ വെടിപൊട്ടിച്ചത്. ഗോൾവീണതോടെ ഉണർന്ന ചെമ്പട ആറു മിനിറ്റിനിടെ കോഡി ഗാക്പോയിലൂടെ ഒപ്പം പിടിച്ചു. കൊണ്ടും കൊടുത്തും ഇരുടീമും ഒപ്പംനിന്ന് പൊരുതിയ കളിയുടെ രണ്ടാം പകുതിയിലാണ് കോർണർ കിക്കിൽ തലവെച്ച് റോബർട്സൺ ചെമ്പടക്ക് ജയമൊരുക്കിയത്. സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ലിവർപൂളിന് ജയം ചെറുതായെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ നൽകുന്നതായി. കഴിഞ്ഞ സീസണിൽ കപ്പുയർത്തിയ എഫ്.എ കപ്പ്, കരബാവോ കപ്പ് എന്നിവയിൽ നേരത്തെ പുറത്തായ ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടി നേടാതെ സീസൺ അവസാനിപ്പിച്ചാൽ സമീപകാ​ലത്തെ വലിയ നാണക്കേടാകും. നിലവിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ള ന്യൂകാസിലും മാഞ്ചസ്റ്റർ യുനൈറ്റഡും ബഹുദൂരം മുന്നിലെത്തിയ പ്രിമിയർ ലീഗിൽ അവസാന ആറു കളികളും ജയിച്ചാലും ഇത്തവണ ലിവർപൂളിന് ഈ സ്ഥാനങ്ങൾ കിട്ടാക്കനിയാകാനാണ് സാധ്യത. അതിനിടെ, ലിവർപൂൾ ബോക്സിൽ എതിർതാരത്തെ ഫൗൾ ചെയ്ത് വീഴ്ത്തിയിട്ടും റഫറി പെനാൽറ്റി അനുവദിച്ചില്ലെന്ന പരാതിയുമുയർന്നു.

നിർണായകമായ രണ്ടാം മത്സരത്തിൽ പിന്നെയും ഗോളടിക്കാൻ മറന്ന ചെൽസി രണ്ടെണ്ണം വാങ്ങി കളി തോറ്റു. എതിർവല കുലുക്കാൻ മറന്ന ചെൽസി താരം അസ്പിലിക്വേറ്റ സ്വന്തം പോസ്റ്റിലെത്തിച്ച ഒരു ഗോളിനു പുറമെ എംബിയൂമോയാണ് ബ്രെന്റ്ഫോഡിനായി പട്ടിക തികച്ചത്. താത്കാലിക പരിശീലകനായി ചുമതലയേറ്റ് അഞ്ചാമത്തെ മത്സരവും തോൽക്കുന്ന നാണക്കേടും ഇതോടെ ഫ്രാങ്ക് ലംപാർഡിന് സ്വന്തം. അവസരം തുറന്നും മനോഹര നീക്കങ്ങളുമായി എതിർ വലക്കരികെയെത്തിയും നീലക്കുപ്പായക്കാർ പലവട്ടം ഗോളിനരികെയെത്തിയെങ്കിലും ദൗർഭാഗ്യം കൂടി വില്ലനായി. കഴിഞ്ഞ അഞ്ചു കളികളിലായി ചെൽസി ഒറ്റത്തവണ മാത്രമാണ് എതിർവലയിൽ പന്തെത്തിച്ചത്.

ആദ്യ 10ൽനിന്ന് നേരത്തെ പുറത്തായ ചെൽസി പ്രിമിയർ ലീഗിൽ 11ാമതാണ്- 10ാമതുള്ള ഫുൾഹാമുമായി ആറു പോയിന്റ് പിറകിൽ. ജയത്തോടെ ബ്രെന്റ്ഫോഡ് ഒമ്പതാം സ്ഥാനത്തേക്ക് കയറി.

Tags:    
News Summary - Livepool win, Chelsea and Lampard fall in Premier League matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.