ലണ്ടൻ: കഷ്ടകാലം കൂടെതന്നെയുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റിയെ ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്ന മത്സരമാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്നത്.
തുടർച്ചയായി അഞ്ചു തോൽവിക്ക് ശേഷം അനിവാര്യ ജയം തേടിയിറങ്ങിയ സിറ്റി 75 മിനിറ്റ് വരെ മൂന്ന് ഗോളിന്റെ ലീഡിൽ നിന്ന ശേഷം സമനിലയുടെ പടുകുഴിയിലേക്ക് നിലംപതിക്കുന്ന കാഴ്ചയാണ് ചാമ്പ്യൻസ് ലീഗിൽ കണ്ടത്.
ഡച്ച് ക്ലബായ ഫെയനോർഡ് റോട്ടർഡാമിനോടാണ് 3-3 ന്റെ ദയനീയ സമനില വഴങ്ങിയത്. മത്സരത്തിന്റെ 44ാം മിനിറ്റിൽ എർലിങ് ഹാലൻഡിന്റെ പെനാൽറ്റിയിലൂടെയാണ് സിറ്റി ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റിൽ ഇൽക്കെ ഗുണ്ടോഗന്റെ ഗോളിലൂടെ ലീഡ് സിറ്റി ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റിനകം ലീഡ് മൂന്നാക്കി ഉയർത്തി സിറ്റി.
മാത്യൂസ് നൂനസ് കൗണ്ടർ അറ്റാക്കിനൊടുവിൽ ബോക്സിലേക്ക് നീട്ടിനൽകിയ ക്രോസിൽ ഹാലൻഡ് ഫ്ലൈയിങ് ഫിനിഷ് നടത്തിയതോടെ വ്യക്തമായ മേധാവിത്തമായി സിറ്റിക്ക്(3-0). ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോൾ നേട്ടത്തിലെത്തുന്ന താരമായി ഹാലൻഡ് മാറി.
എന്നാൽ, 75ാം മിനിറ്റിൽ സിറ്റിയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് ഫെയനോർഡ് ആദ്യ ഗോൾ മടക്കുകയായിരുന്നു. സ്ട്രൈക്കർ ഹഡ്ജ മോസായണ് ഗോൾ നേടിയത്. 82ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും മടക്കി ഫെയ്നോർഡ് സിറ്റിയെ ഞെട്ടിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഫെയ്നോർഡ് മുന്നേറ്റതാരം സാന്റിയാഗോ ജിമിനസാണ് ഗോൾ നേടിയത്.
89ാം മിനിറ്റിൽ ഡേവിഡ് ഹാൻകോയിലൂടെ ഫെയനോർഡ് സമനിലഗോളും നേടിയതോടെ സിറ്റിയുടെ വിജയപ്രതീക്ഷകൾ കാറ്റിൽപറന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ അഞ്ച് കളികളിൽ നിന്ന് എട്ടു പോയിന്റുമായി 15 ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.