ആ സ്റ്റീരിയോ സിസ്റ്റത്തിൽനിന്ന് ഒരുപിടി ഗാനങ്ങളൊഴുകുന്നുണ്ട്. ഒരു വരിപോലും അർഥമറിയില്ലെങ്കിലും ആ പാട്ടിനൊത്ത് ഒരേ താളലയത്തോടെ നൃത്തംചെയ്യുന്ന നിരവധി രാജ്യക്കാർ. വർണവൈവിധ്യങ്ങളോടെ പതാകകൾ പാറിപ്പറക്കുന്ന സൂഖ് വാഖിഫ് ഉത്സവപ്രതീതിയിൽ നിറഞ്ഞുതുളുമ്പുകയാണ്. ആ സമയത്ത്, മെട്രോയിൽ ‘മുചാചോസ്, ആവോര നോൾവിമോ ഇല്യുസനാർ... ക്വീറോ ഗനാർ ലാ ടെർസേര, ക്വീറോ സെർ കാംപിയോൺ മുൻഡ്യാൽ’ എന്ന ഗാനം ഒരേ താളത്തിൽ മുഴങ്ങുന്നു. നീലയും വെള്ളയും വരയിട്ട കുപ്പായങ്ങളിൽ അവർ അത്രമേൽ ഉശിരോടെ നൃത്തംചെയ്യുകയാണ്. ‘നേടിയിട്ടേ പോകൂ’ എന്ന ദൃഢനിശ്ചയത്തോടെ അങ്ങ് അർജന്റീനയിൽനിന്ന് കിടപ്പാടം പണയപ്പെടുത്തിയതടക്കമുള്ള കാശുമായി ഒരുങ്ങിയിറങ്ങിയവർ. മത്സരത്തിന് പന്തുരുണ്ടുതുടങ്ങുന്നതും അൽബിദയുടെ ബിഗ് സ്ക്രീനിൽ ആകാശം തൊട്ട ആവേശവുമായി ആബാലവൃദ്ധം ജനങ്ങൾ. കോർണിഷിൽ, കതാറയിൽ, ലുസൈലിൽ, പേളിൽ... ഖത്തറിന്റെ വാക്കിലും നോക്കിലും ഹൃദയത്തിലും ആ പന്തുരുണ്ടുതുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ എല്ലാം ഇന്നലെയെന്നോണം മുന്നിൽ തെളിയുന്നു.
***********
ചിത്രം: ബൈജു കൊടുവള്ളി
ഒരു വർഷം മുമ്പ്... 2022 നവംബർ അഞ്ചിന് ഉച്ചയോടെ ദോഹയുടെ മണ്ണിലിറങ്ങുമ്പോൾ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു, ഒപ്പം അതിലേറെ സന്ദേഹങ്ങളും. പടിഞ്ഞാറൻ മാധ്യമങ്ങൾ കൊണ്ടുപിടിച്ച് നടത്തുന്ന വിമർശനങ്ങൾക്കിടെയാണ്, ഒരുനാട് അഭിമാനപൂർവം ലോകകപ്പിന്റെ ആവേശങ്ങൾക്കൊപ്പം സഞ്ചരിക്കാനൊരുങ്ങിയത്. ദോഹ എയർപോർട്ടിൽനിന്ന് പുറത്തിറങ്ങി നജ്മയിലേക്ക് സഞ്ചരിക്കവേ, വഴിനീളെ മൊഞ്ചുകൂട്ടുന്ന ഖത്തർ വരാനിരിക്കുന്നതിന്റെ സൂചനയായിത്തന്നെ തോന്നി. ലോകകപ്പിന് വീണ്ടും രണ്ടാഴ്ചകൂടി ബാക്കിയിരിക്കേ ഖത്തറിന്റെ അവസാനവട്ട ഒരുക്കങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞതും മഹാഭാഗ്യം.
പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. വരുംതലമുറകളിലേക്ക് ലോകം അഭിമാനപൂർവം കൈമാറുന്ന അതിവിശിഷ്ടമായ ആതിഥ്യത്തിന്റെയും വീറുറ്റ പോരാട്ടങ്ങളുടെയും ചരിത്രം. വ്യാജപ്രചാരണങ്ങളുടെ പ്രതിരോധതന്ത്രങ്ങളെ ഖത്തർ ഐതിഹാസികമായിത്തന്നെ തകർത്തുതരിപ്പണമാക്കി. ഒരു മാസത്തിലേറെക്കാലം... ഭൂമിയിലെ മനുഷ്യരേറെയും ആ കാലയളവിൽ ഉറ്റുനോക്കിയത് പോരിശയാർന്ന ഈ മണ്ണിലേക്കായിരുന്നു. കാൽപന്തുകളിയുടെ വിശ്വപോരാട്ട ഭൂമിക അതുവരെ കണ്ടിട്ടില്ലാത്ത ആവേശം തുളുമ്പുന്ന മത്സരങ്ങളും അത്യുജ്ജ്വല ആതിഥ്യവും. 2010ൽ തുടങ്ങിയ ഒരുക്കങ്ങൾ ഒരു വ്യാഴവട്ടം പിന്നിട്ട് ചേതോഹരമായി ലക്ഷ്യത്തിലെത്തിയപ്പോൾ ലുസൈലിലെ കലാശക്കളി അതിനൊത്ത പര്യവസാനമായി. ഇത്ര ചിട്ടയോടെയും ഗംഭീരമായും നടത്തിയ മറ്റൊരു ലോകകപ്പ് കളിയുടെ പഴങ്കഥകളിലില്ലെന്നുറപ്പ്. ആവേശത്തിലും ആതിഥ്യത്തിലും ഖത്തറിലെ പ്രവാസിസുഹൃത്തുക്കൾ മുന്നണിയിൽ ഇരിപ്പുറപ്പിച്ച ലോകകപ്പ്, അതുകൊണ്ടുതന്നെ മലയാളികൾക്ക് അങ്ങേയറ്റം അഭിമാനിക്കത്തക്കതുമായി.
പാശ്ചാത്യ മാധ്യമങ്ങൾ വിവിധ ആംഗിളുകളിൽനിന്ന് തൊടുത്ത കുപ്രചാരണങ്ങളൊന്നും ഗോൾവര കടക്കാതെപോയ മണ്ണിൽ കളി അതിന്റെ മുഴുവൻ ആവേശവും പുറത്തെടുത്തു. ആരും ആരെയും തോൽപിക്കാമെന്നുവന്ന ഖത്തറിൽ കളിയുടെ ‘ലെവൽ’ തന്നെ മാറി. അർജന്റീനയെ തോൽപിച്ച സൗദി, ബ്രസീലിനെ വീഴ്ത്തിയ കാമറൂൺ, ജർമനിയെയും സ്പെയിനിനെയും കീഴടക്കിയ ജപ്പാൻ, പോർചുഗലിനെ തറപറ്റിച്ച ദക്ഷിണ കൊറിയ... അട്ടിമറികളും ആക്രമണനീക്കങ്ങളും വാണപ്പോൾ ‘ദുർബലർ’ എന്ന ടാഗ് പതിഞ്ഞ കളിസംഘങ്ങൾ ഖത്തറിലുണ്ടായിരുന്നില്ല. ലീഗ് മത്സരങ്ങൾക്കിടെ ലോകകപ്പ് നടത്തുന്നതിനെ ചോദ്യം ചെയ്തവരുടെ മുഖമടച്ചാണ് ഖത്തറിന്റെ മണ്ണിൽ പ്രഹരം കിട്ടിയത്. ക്ലബ് മത്സരങ്ങൾക്കിടെ കളത്തിലിറങ്ങിയ താരങ്ങളുടെ കായികക്ഷമതയും പോരാട്ടവീര്യവും മത്സരങ്ങളെ വീറുറ്റതാക്കി. അതിനൊത്ത പകിട്ടുമായി ലോകചരിത്രത്തിലെതന്നെ ഏറ്റവും ആവേശകരമായ ഫൈനലും അരങ്ങേറിയതോടെ കപ്പ് നേടിയ അർജന്റീനക്കൊപ്പം ആതിഥ്യത്തിൽ ഖത്തറിന്റെ മഹാവിജയം വിളംബരംചെയ്ത ലോകകപ്പാണ് പെയ്തുതോർന്നത്.
അൽ ബെയ്സ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽനിന്ന്
കണ്ടുപരിചയിച്ച പല കീഴ്വഴക്കങ്ങളെയും കാറ്റിൽപറത്തുകയായിരുന്നു ഖത്തർ. ചെറുരാജ്യങ്ങൾക്കും ലോകകപ്പുപോലൊരു വമ്പൻ മേള ഭംഗിയായി നടത്താമെന്ന് ബോധ്യപ്പെടുത്തിയതാണ് ഇതിൽ പ്രധാനം. ഒരു ലോകകപ്പിൽ റെക്കോഡ് മത്സരങ്ങൾ കാണാൻ കളിക്കമ്പക്കാർക്ക് ഭാഗ്യം ലഭിച്ചു.
ചുരുങ്ങിയ കിലോമീറ്ററുകൾക്കുള്ളിലെ സ്റ്റേഡിയങ്ങളിലായി ദിവസം നാലു കളികൾ നടക്കുമ്പോൾ ഗതാഗത തടസ്സംകൊണ്ട് ഖത്തർ ആകെ വീർപ്പുമുട്ടുമെന്ന മുൻവിധികൾ കാറ്റിൽപറന്നു. ലക്ഷത്തോളം പേർക്കിരിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽപോലും കളി കഴിഞ്ഞ് ഒരു മണിക്കൂറിനകം ആളുകൾ ഒഴിഞ്ഞു. എവിടെയും ഒരു തിരക്കുമുണ്ടായില്ല. മെട്രോയും ബസ് സർവിസുമൊക്കെ തീർത്തും സൗജന്യമായി കാണികൾക്ക് തുറന്നുകൊടുത്തു. ലോകത്തിന്റെ വിഭിന്ന കോണുകളിൽനിന്ന് കളി കാണാൻ എത്തിയ മനുഷ്യർ മുഴുവൻ അങ്ങേയറ്റത്തെ സന്തോഷത്തിലായിരുന്നുവെന്നതാണ് ഖത്തർ ലോകകപ്പിന്റെ പുണ്യം. അതുതന്നെയാണ് ഖത്തറിനെ ഭാവിലോകകപ്പുകളുടെ ഉരകല്ലാക്കി മാറ്റുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.