ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഓർമകൾ പങ്കുവെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകത്തിന് അതുല്യമായൊരു ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റാണ് ഖത്തർ നൽകിയതെന്ന് ഇൻഫാന്റിനോ പറഞ്ഞു.
ഹോളിവുഡ് സംവിധായകനു പോലും തിരക്കഥ എഴുതാൻ സാധിക്കാത്ത ഒരു ഫൈനലും 64 മത്സരങ്ങളിലും പങ്കെടുക്കാനുള്ള തന്റെ സാഹസികമായ ആസൂത്രണങ്ങളെക്കുറിച്ചും ലോകകപ്പിന്റെ വാർഷിക വേളയിൽ ‘ബീൻ സ്പോർടിസിനു’ നൽകിയ അഭിമുഖത്തിൽ ഇൻഫാന്റിനോ ഓർത്തെടുത്തു. സന്തോഷം, അഭിമാനം, വിജയകരമായ പര്യവസാനം... ഒരാൾക്ക് സ്വപ്നം കാണാൻ കഴിയുന്നതെല്ലാം 2022ൽ ഖത്തറിൽ സംഭവിച്ചു.
അവിശ്വസനീയമായ മത്സരങ്ങൾ അവിടെയുണ്ടായിരുന്നു. വാനോളം ആവേശവും അവിടെ അലയടിച്ചു. ഹൃദയമിടിപ്പ് മുറുകിയിരുന്നു അവിടെ. സന്തോഷവും കണ്ണീരുമെല്ലാം ചേർന്നതായിരുന്നു ആ കളികൾ. ചരിത്രത്തിലാദ്യമായി 500 കോടി കാഴ്ചക്കാരെയാണ് ലോകകപ്പിന് ലഭിച്ചത്. സ്റ്റേഡിയങ്ങളിൽ 35 ലക്ഷം കാണികളെയും ലഭിച്ചു. ഇതും ചരിത്രമാണ്. അറബ് സംസ്കാരത്തിലേക്ക് ലോകകപ്പ് വാതിൽ തുറന്നുവെന്ന് തീർച്ചയായും പറയാൻ സാധിക്കും -ഇൻഫാന്റിനോ വിശദീകരിച്ചു. ഖത്തർ മാത്രമല്ല, ജി.സി.സി രാജ്യങ്ങളും അറബ് ലോകം ഒന്നടങ്കം ഈ ലോകകപ്പിനെ ആഘോഷിക്കുകയായിരുന്നു.
‘64 മത്സരങ്ങളിലും സ്റ്റേഡിയങ്ങളിലെത്തണമെന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ യഥാർഥത്തിൽ ഭയപ്പെട്ടിരുന്നു. തിരക്കിട്ട ഓട്ടത്തിനിടയിൽ ചില ഗെയിമുകൾക്കിടയിൽ ഞാൻ ഉറങ്ങിപ്പോയേക്കാമെന്ന പേടിയുണ്ടായിരുന്നു. എന്നാൽ, ഖത്തറിൽ എല്ലാ മത്സരങ്ങളും വളരെ രസകരമായിരുന്നു. അതിന്റെയെല്ലാം ക്ലൈമാക്സ് ഡിസംബർ 18നായിരുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി’ -ഇൻഫാന്റിനോ ഓർത്തെടുത്തു.
ലോകത്തിലെ മികച്ച ചലച്ചിത്രകാരന്മാരോട് ആവേശകരമായ ഒരു തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ഒരിക്കലും ഡിസംബർ 18ന് നടന്നതു പോലെയാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അതുല്യമായിരുന്നു അന്നത്തെ മത്സരം -ഇൻഫാന്റിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.