ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022ന് വിജയകരമായ ആതിഥേയത്വം വഹിച്ചതിന്റെ ഒന്നാം വാർഷികത്തിനൊരുങ്ങവെ ടൂർണമെന്റിന്റെ സാങ്കേതിക പാരമ്പര്യമായ (ടെക്നോളജിക്കൽ ലെഗസി) കണക്ടഡ് ടൂർണമെന്റ് റിപ്പോർട്ട് വിവര സാങ്കേതിക മന്ത്രാലയം പുറത്തിറക്കി. ടൂർണമെന്റിനെ അസാധാരണവും അവിസ്മരണീയവുമായ സംഭവമാക്കി മാറ്റിയ സാങ്കേതിക മുന്നേറ്റങ്ങളുടെയും പുതുമകളുടെയും സമഗ്രമായ അവലോകനമാണ് റിപ്പോർട്ടിലുള്ളത്. സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള 14 സ്ഥാപനങ്ങളുടെ സഹകരണത്തിന്റെയും പിന്തുണയുടെയും ഫലമാണ് സാങ്കേതികമേഖലയിലെ നേട്ടങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ആശയവിനിമയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, സർക്കാർ ശൃംഖലകൾ, ടൂർണമെന്റ് കാലയളവിലെ ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ‘കണക്ടഡ് ടൂർണമെന്റ്’ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ വിന്യാസം, മൊബൈൽ സേവനങ്ങളുടെ പ്രകടനം, നൂതന ഫൈവ് ജി സാങ്കേതികവിദ്യയുടെ ഉപയോഗം, കായികരംഗത്തെ ഉയർന്നുവരുന്ന ഹരിത സാങ്കേതികവിദ്യകൾ, ബിഗ്ഡാറ്റയുടെ പ്രയോഗം, ഡ്രോൺ സാങ്കേതികവിദ്യയിലെ ഗണ്യമായ പുരോഗതി എന്നിവയും വിശദീകരിക്കുന്നു.
ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ സംഘാടന രംഗത്ത് സാങ്കേതിക മുന്നേറ്റങ്ങളുടെ വിപ്ലവം സൃഷ്ടിച്ചെന്ന് റിപ്പോർട്ട് പറയുന്നു. ജനത്തിരക്ക് നിയന്ത്രിക്കുക, കൃത്യസമയത്തെ ഗതാഗത പരിഹാരങ്ങൾ, സ്റ്റേഡിയത്തിലെ സ്മാർട്ട് സൗകര്യങ്ങൾ, ആഗോള മാധ്യമ സംപ്രേഷണം, ആസ്പയറിലെ ലീഡർഷിപ് ആൻഡ് കൺട്രോൾ സെന്റർ, ഗോൾ ലൈൻ സാങ്കേതികവിദ്യ എന്നിവയെല്ലാം ഇതിലുൾപ്പെടും.
കായികരംഗവും ഹരിത സാങ്കേതികവിദ്യകൾ എന്ന തലക്കെട്ടിൽ പരിസ്ഥിതി സൗഹൃദ കായിക ചാമ്പ്യൻഷിപ്പുകൾക്കായി ഖത്തർ ലോകകപ്പ് പുതിയ മാനദണ്ഡം സ്ഥാപിച്ചതായി പറയുന്നു. പുനരുൽപാദിപ്പിക്കാവുന്ന ഊർജ സ്രോതസ്സുകൾ, പരിസ്ഥിതിസൗഹൃദ സ്റ്റേഡിയങ്ങൾ, മാലിന്യങ്ങൾ കുറക്കുന്നതിനും വേർതിരിക്കുന്നതിനുമുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.