തകർത്തടിച്ച് നിതീഷും റിങ്കുവും, നിരാശപ്പെടുത്തി സഞ്ജു; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ആതിഥേയ ബാറ്റർമാ​ർ അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ നിതീഷ് കുമാർ റെഡ്ഡിയുടെയും റിങ്കു സിങ്ങിന്റെയും കൂറ്റനടികളാണ് സ്കോർ 200 കടത്തിയത്.

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഓപണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് 15 റൺസാണ് അടിച്ചെടുത്തത്. എന്നാൽ, ടസ്കിൻ അഹ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ നജ്മുൽ ഹുസൈൻ ഷാന്റോക്ക് പിടികൊടുത്ത് സഞ്ജു മടങ്ങി. ഏഴ് പന്തിൽ 10 റൺസാണ് നേടാനായത്. വൈകാതെ അഭിഷേകും തിരിച്ചുകയറി. 11 പന്തിൽ 15 റൺസെടുത്ത താരത്തിന്റെ സ്റ്റമ്പ് തൻസിം ഹസൻ ഷാകിബ് പിഴുതെറിയുകയായിരുന്നു. വൺ​ഡൗണായെത്തിയ നായകൻ സൂര്യകുമാർ യാദവും (10 പന്തിൽ എട്ട്) നിലയുറപ്പിക്കുംമുമ്പ് മടങ്ങിയതോടെ ഇന്ത്യ 5.3 ഓവറിൽ മൂന്നിന് 41 എന്ന നിലയിലേക്ക് വീണു.

തുടർന്ന് ഒരുമിച്ച നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങും ചേർന്ന് അതിവേഗം റൺസടിച്ചുകൂട്ടുകയായിരുന്നു. 49 പന്തിൽ 108 റൺസ് ചേർത്താണ് ഈ കൂട്ടുകെട്ട് വഴിപിരിഞ്ഞത്. കരിയറിലെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങിയ നിതീഷ് 34 പന്തിൽ ഏഴ് സിക്സും നാല് ഫോറുമടക്കം 74 റൺസടിച്ച് മുസ്തഫിസുർ റഹ്മാന്റെ പന്തിൽ മെഹ്ദി ഹസൻ മിറാസിന് പിടികൊടുക്കുകയായിരുന്നു. തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യയും ബംഗ്ലാദേശ് ബൗളർമാരെ നിർദയം നേരിട്ടതോടെ സ്കോർ ദ്രുതഗതിയിൽ ചലിച്ചു. ഇതിനിടെ 29 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 53 റൺസെടുത്ത റിങ്കു സിങ്ങിനെ ടസ്കിൻ അഹ്മദ് ജേകർ അലിയുടെ കൈയിലെത്തിച്ചു.

19ാം ഓവറിൽ റിയാൻ പരാഗിന്റെ വെടിക്കെട്ടിനും സ്റ്റേഡിയം സാക്ഷിയായെങ്കിലും ആറ് പന്തിൽ രണ്ട് സിക്സടക്കം 15 റൺസ് നേടി പരാഗ് മടങ്ങി. അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയും പുറത്തായി. 19 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 32 റൺസായിരുന്നു സമ്പാദ്യം. മൂന്നാം പന്തിൽ വരുൺ ചക്രവർത്തിയും അഞ്ചാം പന്തിൽ അർഷ്ദീപ് സിങ്ങും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. റിഷാദ് ഹുസൈൻ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. ഒരു റൺസുമായി മായങ്ക് യാദവും റൺസെടുക്കാതെ വാഷിങ്ടൺ സുന്ദറും പുറത്താകാതെനിന്നു.

ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിൻ അഹ്മദ്, തൻസിം ഹസൻ ഷാകിബ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ രണ്ട് വീതം പേരെ മടക്കി. 

Tags:    
News Summary - Half Centuries for Nitish and Rinku, Sanju disappointed; Huge score for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.