‘ഡോളി ചായ്‍വാലക്കൊപ്പം സെൽഫിയെടുക്കാൻ തിക്കുംതിരക്കും; ഒളിമ്പിക് മെഡൽ നേടിയ ഞങ്ങളെ ആർക്കും വേണ്ട...’; സങ്കടം പങ്കുവെച്ച് ഇന്ത്യൻ ഹോക്കി സ്റ്റാർ

മുംബൈ: സമൂഹമാധ്യമങ്ങളിലെ സൂപ്പർതാരം ഡോളി ചായ്‍വാലക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കിതിരക്കുമ്പോഴും രാജ്യത്തിനായി ഒളിമ്പിക് മെഡൽ നേടിയ തങ്ങളെ തിരിച്ചറിയാത്തതിലെ മനോവിഷമം പങ്കുവെച്ച് ഇന്ത്യൻ ഹോക്കി സ്റ്റാർ ഹാർദിക് സിങ്.

വിമാനത്താവളത്തിൽ സഹതാരങ്ങളായ മൻദീപ് സിങ്, ഹർമൻപ്രീത് സിങ് തുടങ്ങിയവർക്കൊപ്പം നിൽക്കെയാണ്, ആളുകൾ ഡോളി ചായ്‌വാലക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കിയത്. തങ്ങളെ ആരും തിരിച്ചറിഞ്ഞുപോലുമില്ലെന്ന് ഒരു യൂട്യൂബ് അഭിമുഖത്തിൽ ഹാർദിക് വേദനയോടെ പറഞ്ഞു. രണ്ടു ഒളിമ്പിക്സിൽ ഇന്ത്യക്കായി തുടർച്ചയായി മെഡൽ നേടിയ ടീമിലെ താരങ്ങളാണിവർ.

‘വിമാനത്താവളത്തിൽ എന്‍റെ കണ്ണുകൊണ്ട് നേരിട്ടു കണ്ടതാണ്. ഹർമൻപ്രീത്, മൻദീപ്, പിന്നെ ഞാനും ഉൾപ്പെടെ അഞ്ചോ ആറോ താരങ്ങളുണ്ടായിരുന്നു അവിടെ. ഡോളി ചായ്‍വാലയും അവിടെയുണ്ടായിരുന്നു. ആളുകളെല്ലാം ഡോളി ചായ്‌വാലക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കി. അവരാരും ഞങ്ങളെ തിരിച്ചറിഞ്ഞുപോലുമില്ല. ഇതു കണ്ട് ഞങ്ങൾക്ക് ഞെട്ടലും നിരാശയും തോന്നി’ - ഹാർദിക് പറഞ്ഞു.

തങ്ങൾ പരസ്പരം നോക്കുക മാത്രമാണ് ചെയ്തതെന്നും താരം പറയുന്നു. ഇന്ത്യക്കായി ഹർമൻപ്രീത് കൈവരിച്ച നേട്ടങ്ങളും അഭിമുഖത്തിൽ ഹാർദിക് എടുത്തുപറയുന്നുണ്ട്. ഹർമൻപ്രീത് 150ലധികം ഗോളുകൾ നേടിയിട്ടുണ്ട്. മൻദീപ് നൂറിലധികം ഗോളുകളും.

കായിക താരങ്ങളുടെ മനോവീര്യം വർധിപ്പിക്കുന്നതിൽ ആരാധകരുടെ അംഗീകാരം വിലപ്പെട്ടതാണെന്ന് പറഞ്ഞാണ് താരം സംസാരം അവസാനിപ്പിക്കുന്നത്. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം പ്രശസ്തിയും പണവും ഒരു വശം മാത്രമാണ്. എന്നാൽ ആളുകൾ നൽകുന്ന അഭിനന്ദനത്തേക്കാളും അംഗീകാരത്തേക്കാളും വലിയ സംതൃപ്തി വേറെയില്ലെന്നും ഹാർദിക് കൂട്ടിച്ചേർത്തു.

വ്യത്യസ്ത രീതിയിലും ശൈലിയിലും ചായയടിച്ചാണ് നാഗ്പുർ സ്വദേശിയായ ഡോളി ചാ‌യ്‌വാല സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. ബിൽ ഗേറ്റ്സ് ഉൾപ്പെടെ ചായ്‍വാലയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. നാഗ്പുരിലെ സദര്‍ ഏരിയായിലുള്ള ഓള്‍ഡ് വി.സി.എം സ്‌റ്റേഡിയത്തിന് സമീപത്ത് പെട്ടിക്കടയിൽ ചായ വിൽക്കുന്നയാളാണ് ഡോളി.

പ്രത്യേക സ്റ്റൈലിൽ ചായയുണ്ടാക്കുന്നതിന്‍റെയും ആളുകൾക്ക് നൽകുന്നതിന്‍റെയുമൊക്കെ വിഡിയോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ഡോളി ചായ്‍വാലെ സെലിബ്രിറ്റിയായത്.

Tags:    
News Summary - Fans Ignored Indian Hockey Stars for Selfie With Dolly Chaiwala at Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.