ലാഹോർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ പങ്കെടുക്കാൻ പാകിസ്താൻ ഹോക്കി ടീം പോയത് വായ്പയെടുത്ത്! മാസങ്ങൾക്കു മുമ്പ് അസ്ലൻ ഷാ കപ്പിൽ ടീമിന്‍റെ വെള്ളി മെഡൽ നേട്ടം രാജ്യം ആഘോഷപൂർവം കൊണ്ടാടിയ പാകിസ്താൻ ഹോക്കി ടീമിനാണ് ഒരു സുപ്രധാന ടൂർണമെന്‍റിൽ പങ്കെടുക്കാൻ വിമാന ടിക്കിറ്റിനായി പണമില്ലാത്തതിനാൽ വായ്പയെടുക്കേണ്ടി വന്നത്.
ദീർഘകാലം ലോക ഹോക്കിയിലെ തലതൊട്ടപ്പന്മാരായി വിരാജിച്ച ഹോക്കി ടീമിനാണ് ഈ ഗതികേടെന്നോർക്കണം. നാലു ലോകകപ്പ് കിരീടങ്ങളും രണ്ടു ഒളിമ്പിക്സ് സ്വർണ മെഡലും പാകിസ്താൻ നേടിയിരുന്നു. 2024 പാരിസ് ഒളിമ്പിക്സിൽ യോഗ്യത പോലും നേടിയിരുന്നില്ല. പാകിസ്താന്‍റെ ഹോക്കി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണിത്. ഫണ്ട് ഉടൻ ലഭിക്കുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാകിസ്താൻ ഹോക്കി ഫെഡറേഷൻ (പി.എച്ച്.എഫ്) പ്രസിഡന്‍റ് തരീഖ് ബുഗ്തി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പാകിസ്താൻ അണ്ടർ -18 ബേസ്ബാൾ ടീമിന്‍റെ പരിശീലന ക്യാമ്പിനും പാകിസ്താൻ കായിക വകുപ്പ് (പി.എസ്.ബി) ഫണ്ട് അനുവദിച്ചിരുന്നില്ല. ചൈനയിലെ ഹുലുൻബുയർ നഗരത്തിലാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റ് നടക്കുന്നത്. ബെയ്ജിങ്ങിൽനിന്ന് മുൻകൂട്ടി ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതിനാൽ 300 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്താണ് ടീം അംഗങ്ങൾ ഹുലുൻബുയർ നഗരത്തിലെത്തിയത്.
സാമ്പത്തിക പരാധീനതകൾക്കിടയിലും സന്നാഹ മത്സരത്തിൽ ടീം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ആതിഥേയരായ ചൈനയെ 4-4 എന്ന സ്കോറിന് പിടിച്ചുകെട്ടി. സെപ്റ്റംബർ എട്ടു മുതൽ 17 വരെയണ് ടൂർണമെന്‍റ്. ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ എന്നിവരാണ് ടൂർണമെന്‍റിലെ ഫേവറൈറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.