ടോക്യോ: ഇന്ത്യൻ സംഘം ഓരോ ഒളിമ്പിക്സിനെത്തുേമ്പാഴും കോടിക്കണക്കിന് ആരാധകർ പ്രതീക്ഷയിലായിരിക്കും. ലോകകായിക രംഗത്തെ അവസാന വാക്കായ ഒളിമ്പിക്സിൽ മെഡൽ എന്നത് ഏതൊരു കായികതാരത്തിെൻറയും സ്വപ്നമാണല്ലോ. അതിനാൽ തന്നെ ഒളിമ്പിക്സിലെ മെഡലുകൾക്കായി ഇന്ത്യൻ അത്ലറ്റുകളും ആരാധകരും ഏറെ കൊതിക്കാറുണ്ട്.
ആദ്യകാല ഒളിമ്പിക്സുകളിൽ ഹോക്കിയിലൂടെ തുടർച്ചയായി സ്വർണം നേടിയിരുന്ന ഇന്ത്യക്ക് പിന്നീട് അധീശത്വം കൈമോശം വന്നതോടെ കനക മെഡൽ കിട്ടാക്കനിയായി. ഒടുവിൽ 2008 ബെയ്ജിങ്ങിൽ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയിലൂടെയാണ് ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിലെ ആദ്യ സ്വർണം ഇന്ത്യയിലെത്തുന്നത്. എന്നാൽ, അതിൽ തുടർച്ചയില്ലാതായതോടെ പിന്നീടൊരു സ്വർണം ഇന്ത്യൻ അക്കൗണ്ടിൽ എത്തിയതുമില്ല. 1900 മുതൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യക്ക് ഇതുവരെ ലഭിച്ചത് 28 മെഡലുകൾ മാത്രമാണ്. ലഭിച്ച ഒമ്പതിൽ എട്ടു സ്വർണവും ഹോക്കിയിലും.
2016 റിയോ ഡെ ജനീറോ ഒളിമ്പിക്സിൽ രണ്ടു മെഡൽ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ബാഡ്മിൻറണിൽ പി.വി. സിന്ധുവിെൻറ വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലിക്കിെൻറ വെങ്കലവുമാണ് ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. 118 അത്ലറ്റുകളായിരുന്നു റിയോയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ആറു മെഡൽ നേടിയിരുന്നിടത്തുനിന്നാണ് ഇന്ത്യ പിന്നാക്കം പോയത്. ലണ്ടനിലേതായിരുന്നു ഇന്ത്യയുടെ ഒളിമ്പിക്സിലെ ഏറ്റവും വലിയ മെഡൽവേട്ട.
68 പുരുഷന്മാരും 52 വനിതകളുമടക്കം 120 അംഗ സംഘവുമായാണ് ഇന്ത്യ ടോക്യോയിലെത്തിയിരിക്കുന്നത്. മെഡൽനേട്ടം ഇരട്ട സംഖ്യയിലെത്തിക്കണമെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഷൂട്ടിങ്, അെമ്പയ്ത്ത്, ഭാരോദ്വഹനം, ബോക്സിങ്, ഗുസ്തി, ഹോക്കി, ടേബ്ൾ ടെന്നിസ്, ബാഡ്മിൻറൺ, ടെന്നിസ്, അത്ലറ്റിക്സ് എന്നിവയിലെല്ലാം ഇന്ത്യ ഒരു മെഡലെങ്കിലും പ്രതീക്ഷിക്കുന്നു.15 അംഗ ഷൂട്ടിങ് ടീമിലാണ് കൂടുതൽ പ്രതീക്ഷ. മനു ഭാക്കർ, എളവേനിൽ വാളറിവാൻ, ദിവ്യാൻഷ് സിങ് പൻവാർ, ഐശ്വരി പ്രതാപ് സിങ് തോമർ തുടങ്ങിയവരുടെ തോക്കുകൾ മെഡൽ കൊണ്ടുവരാൻ കെൽപുറ്റതാണ്.
അെമ്പയ്ത്തിൽ വനിത വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരിയും പുരുഷന്മാരിൽ അതാനു ദാസും മെഡൽ പ്രതീക്ഷയുള്ളവരാണ്. ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന മീരാഭായ് ചാനുവാണ് മെഡൽ ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. റിയോയിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ജേതാവായ ചാനുവിെൻറ പേരിലാണ് ലോകറെക്കോഡും.
ബോക്സിങ്ങിൽ ഇതിഹാസതാരം എം.സി. മേരികോമും (51കിലോ), ലോക ഒന്നാം നമ്പർ അമിത് പൻഗലും (52കിലോ) മുൻ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ വികാസ് കൃഷനും (69 കിലോ) മെഡലിൽ നോട്ടമിടുന്നു. ഗുസ്തിയിൽ ബജ്റങ് പൂനിയയും (65 കിലോ) വിനേഷ് ഫോഗട്ടും (53 കിലോ) ആണ് മെഡൽ പ്രതീക്ഷയിൽ മുമ്പന്തിയിൽ. രവി ദാഹിയ (57 കിലോ), ദീപക് പൂനിയ (80കിലോ) തുടങ്ങിയവരും മത്സര രംഗത്തുണ്ട്.
ഹോക്കി ടീമുകൾ പതിവുപോലെ മെഡൽ പ്രതീക്ഷ പുലർത്തുന്നു. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞു. 1980 മോസ്കോ ഒളിമ്പിക്സിലായിരുന്നു അവസാന സ്വർണം. മുമ്പ് ടോക്യോ ആതിഥ്യം വഹിച്ച 1964ൽ ഇന്ത്യക്കായിരുന്നു ഹോക്കി സ്വർണം. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ടീമിലുണ്ട്.
ബാഡ്മിൻറണിൽ കഴിഞ്ഞ തവണത്തെ വെള്ളി ജേത്രി പി.വി. സിന്ധുവിലാണ് പ്രതീക്ഷ മുഴുവൻ. ടെന്നിസിൽ ഡബ്ൾസിൽ അങ്കിത റെഡ്ഢിക്കൊപ്പം റാക്കറ്റേന്തുന്ന സാനിയ മിർസയും മെഡൽ സ്വപ്നം കാണുന്നു. ടേബ്ൾ ടെന്നിസിൽ ശരത് കമലും മനിക ബത്രയും മെഡൽ കൊണ്ടുവരാൻ കഴിവുള്ളവരാണ്.
ഒളിമ്പിക്സിലെ ഗ്ലാമർ ഇനമായ അത്ലറ്റിക്സിൽ ഒരു മെഡൽ ഇന്ത്യക്ക് ഇപ്പോഴും അകലെയാണ്. ഇതിഹാസ താരങ്ങളായ പി.ടി. ഉഷയുടെയും മിൽഖ സിങ്ങിെൻറയും നേരിയ നഷ്ടങ്ങളാണ് ഇന്ത്യക്ക് എക്കാലവും ഓർക്കാനുള്ളത്. എന്നാൽ, ഇത്തവണ ജാവലിൻ ത്രോയിൽ ലോകനിലവാരമുള്ള നീരജ് ചോപ്രയിലൂടെ മെഡൽ വരുമെന്ന് തന്നെയാണ് ഇന്ത്യൻ അത്ലറ്റിക്സിെൻറ പ്രതീക്ഷ.
അത്ലറ്റിക്സിൽ ഏഴും ഹോക്കിയിലും നീന്തലിലും ഓരോരുത്തരും വീതം ഒമ്പത് മലയാളികളാണ് ടോക്യോയിൽ ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങുക. ലോങ്ജംപിൽ എം. ശ്രീശങ്കർ, നടത്തത്തിൽ കെ.ടി. ഇർഫാൻ, 400 മീ. ഹർഡ്ൽസിൽ എം.പി. ജാബിർ എന്നിവരാണ് വ്യക്തിഗത ഇനത്തിൽ അത്ലറ്റിക്സിൽ മത്സരിക്കുക. റിലേയിൽ മുഹമ്മദ് അനസ്, അലക്സ് ആൻറണി, നോഹ നിർമൽ ടോം, അമോജ് ജേക്കബ് എന്നിവരാണ് ട്രാക്കിൽ ഇറങ്ങുക. ഹോക്കിയിൽ ശ്രീജേഷ്, നീന്തലിൽ സാജൻ പ്രകാശ് എന്നിവരാണ് മറ്റു മലയാളി താരങ്ങൾ. ഇത്തവണത്തെ ഇന്ത്യൻ സംഘത്തിൽ മലയാളി വനിത സാന്നിധ്യമില്ല. റിലേ ടീമിൽ ഇടം പ്രതീക്ഷിച്ചിരുന്ന ജിസ്ന മാത്യുവും വി.കെ. വിസ്മയയും അവസാനവട്ട ട്രയൽസിൽ പുറത്താവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.