സൈലന്റ് വാലി കാടുകളിൽ നിന്ന് ഒഴുകിത്തുടങ്ങി, ഭാരതപ്പുഴയെ സമൃദ്ധമാക്കുന്ന കുന്തിപ്പുഴയാൽ ചുറ്റപ്പെട്ട പാലക്കാടൻ പച്ചപ്പണിഞ്ഞ കൊച്ചു ഗ്രാമമാണ് നെടുങ്ങോട്ടൂർ. പട്ടാമ്പിയോട് ചേർന്നു കിടക്കുന്ന ഈ ഗ്രാമീണ മണ്ണിലേക്കിറങ്ങിയ വേരിൽനിന്നും ഒരു മനുഷ്യൻ പടർന്നുപന്തലിച്ചത് ഹിമാലയൻ നിരയിലെ എവറസ്റ്റിനോളം ഉയരത്തിലും, ലോകത്തെ വമ്പൻ നഗരങ്ങളിലെ മാരത്തൺ ഓട്ടങ്ങളുടെ വിശലാതയിലേക്കുമാണെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. ഇത്, അബ്ദുൽ നാസർ എന്ന ഖത്തറിലെ സ്വദേശികൾക്കും അന്യനാട്ടുകാർക്കുമിടയിൽ സുപരിചിതനായ ഒരു പ്രവാസി മലയാളിയുടെ കഥയാണ്.
ഗൾഫ് മാധ്യമം ഖത്തർ റണ്ണിന്റെ അഞ്ചാം സീസണിന് വെള്ളിയാഴ്ച അൽ ബിദ പാർക്കിലെ മണൽപ്പരപ്പിൽ വിസിൽ മുഴങ്ങുമ്പോൾ ജപ്പാനിലെ ടോക്യോവിൽ ലോകോത്തര മാരത്തൺ ഓട്ടത്തിനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. ‘ഖത്തർ റണ്ണിന്റെ’ കഴിഞ്ഞ സീസണുകളിലെല്ലാം പത്തു കിലോമീറ്റർ വിഭാഗങ്ങളിൽ ഓടിയെത്തി മുൻനിരയിൽ ഫിനിഷ് ചെയ്യുന്ന നാസർ ഇന്ന് മരത്തൺ ഓട്ടത്തിൽ ഒരു മലയാളിയുടെ അപൂർവ നേട്ടത്തിനുള്ള തയാറെടുപ്പിലാണെന്ന് പറയാം.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ആറ് മാരത്തണുകളും ഓടിത്തീർത്ത് ‘വേൾഡ് മാരത്തൺ മേഴ്സ്’ എന്ന പട്ടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിൽ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബോസ്റ്റൺ, ബെർലിൻ, ഷികാഗോ, ലണ്ടൻ മാരത്തണുകൾ പൂർത്തിയാക്കിയ നാസറിനു മുന്നിൽ ഈ വർഷത്തെ ആദ്യത്തെ മാരത്തണാണ് മാർച്ച് മൂന്നിന് ടോക്യോവിൽ വിസിൽ മുഴങ്ങുന്നത്. അതും കഴിഞ്ഞ്, ഈ വർഷാവസാനത്തോടെ ന്യൂയോർക്കിലും ഫിനിഷ് ചെയ്തുകഴിഞ്ഞാൽ ‘വേൾഡ് മാരത്തൺ മേജേഴ്സ്’ സിക്സ് സ്റ്റാർ ഫിനിഷർ ആയി നാസറും മാറും.
42 കിലോമീറ്ററോളം ദൈർഘ്യമുള്ള 27ലേറെ ഫുൾ മാരത്തൺ റേസുകൾ, 8848 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, നീന്തലും സൈക്ലിങ്ങും ഓട്ടവും ഉൾപ്പെടുന്ന അയേൺമാൻ ട്രയാത്‍ലൺ, ഹാഫ് മാരത്തണും ക്രോസ്കൺട്രി റേസുകളും ഉൾപ്പെടെ നൂറായിരം മത്സരങ്ങൾ, ഒപ്പം തീക്ഷ്ണമായ അനുഭവങ്ങൾ കുറിച്ചിട്ട പുസ്തക രചനകളും പുതുതലമുറയിലേക്ക് പ്രചോദനം പകരുന്ന പ്രഭാഷണങ്ങളും... അങ്ങനെ പറയാൻ ഏറെയുള്ള ജീവിതത്തെ പറഞ്ഞു തുടങ്ങുമ്പോൾ അബ്ദുൽ നാസറിന്റെ ഓർമകൾ കൗമാരത്തിലേക്ക് തിരിഞ്ഞുനടക്കും.
സ്പോർട്സിനോടുള്ള പ്രണയം കോളജ് പഠനകാലത്ത് കൂടിയതാണ് ഈ നെടുങ്ങോട്ടൂർകാരന്. പ്രീഡിഗ്രി, ബിരുദ പഠനകാലത്ത് മാർഷൽ ആർട്സിലായിരുന്നു പ്രിയം. ജില്ല, സംസ്ഥാന തലത്തിൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ വിജയിക്കുകയും ഒപ്പം പരിശീലകനായും മികവു തെളിയിച്ച് സ്പോർട്സിനെ ഒപ്പം കൂട്ടി നടക്കുന്നതിനിടെ എല്ലാറ്റിനും അവധി നൽകിയാണ് പഠനം സജീവമാക്കുന്നത്. സി.എ പാസായി, ഇന്ത്യൻ ഓയിൽ കോർപറേഷനിൽ തുടങ്ങിയ ജോലിക്കു പിന്നാലെ പ്രവാസത്തിലേക്കും പറന്നു. 2007ൽ ഖത്തറിലെത്തിയതോടെ തൊഴിലിലായി ശ്രദ്ധ മുഴുവൻ. ഖത്തർ പെട്രോളിയത്തിന്റെ ഭാഗമായി തുടങ്ങിയ കരിയർ പടുത്തുയർത്തുന്നതിനിടെ സ്പോർട്സിനെ മറന്നു.
പ്രഫഷനലിനൊപ്പമുള്ള ഓട്ടത്തിനിടയിൽ ശരീരവും കായികക്ഷമതയും പഴയ മാർഷൽ ആർട്സുകാരനിൽനിന്ന് അകലാൻ തുടങ്ങിയപ്പോഴാണ് 35ാമത്തെ വയസ്സിൽ വീണ്ടും ഫിസിക്കൽ ഫിറ്റ്നസിനായി ശ്രമം തുടങ്ങുന്നത്. ഓട്ടവും വ്യായാമവും ജിനേഷ്യം പരിശീലനവുമെല്ലാമായി പതിയെ സജീവമായി. അഞ്ചും പത്തും കിലോമീറ്ററിൽ തുടങ്ങിയ ദൂരം ഹാഫ് മാരത്തണും ഫുൾ മാരത്തണിലുമായി ഗിയർമാറ്റി വേഗം കൂട്ടാൻ അധിക കാലമൊന്നും വേണ്ടിവന്നില്ല. മൂന്നാം വർഷത്തിൽതന്നെ ഫുൾ മാരത്തൺ പൂർത്തിയാക്കി ദോഹ മരത്തൺ മുതൽ വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്തും പങ്കെടുക്കാൻ തുടങ്ങി. ഖത്തറിലെ 90കി.മീ ദൂരമുള്ള അൾട്രാ റണ്ണും പലതവണ പൂർത്തിയാക്കി. ഓട്ടത്തിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്നാണ് നീന്തലും സൈക്ലിങ്ങും കൂടി ഉൾപ്പെടുന്ന ട്രയാത്‍ലണിലേക്കും കൂടുമാറുന്നത്. 42 കി.മീ ഓട്ടവും 180 കി.മീ സൈക്ലിങ്ങും 3.8 കി.മീ നീന്തലും ഉൾപ്പെടുന്ന അയേൺമാൻ ആയി ലക്ഷ്യം. നിരന്തര പരിശീലനത്തിനൊടുവിൽ 2018ൽ മലേഷ്യയിൽ നടന്ന അയേൺ മാനിൽ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചപ്പോൾ മോഹം വീണ്ടും ഗിയർമാറ്റി.
കായികക്ഷമതക്കുവേണ്ടി ഓടിത്തുടങ്ങിയവൻ മാരത്തൺ ഓട്ടക്കാരനും പിന്നെ അയേൺ മാനുമായി മാറിയതോടെ അബ്ദുൽ നാസറിന്റെ സ്വപ്നങ്ങളിൽ ഹിമാലയത്തിൽ ആകാശത്തോളം ഉയരെ തലയെടുപ്പുമായി മഞ്ഞിൽപൊതിഞ്ഞ് കാത്തിരിക്കുന്ന എവറസ്റ്റ് കൊടുമുടിയായി. ഖത്തറി റെസിഡന്റായിരുന്ന യൂറോപ്യൻ സാഹസികൻ സ്കോട്ടുമായുള്ള സൗഹൃദം കൂടിയായിരുന്നു എവറസ്റ്റിന്റെ മോഹത്തിന് അടിത്തറയിട്ടത്. ഒരു വർഷം മുമ്പ് അയേൺ മാൻ പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ ശരീരത്തിനും മനസ്സിനും കരുത്തേകി. 2018 മാർച്ചിൽ എവറസ്റ്റ് ബേസ് ക്യാമ്പ് വരെ പോയതിന്റെ പരിചയത്തിൽ 2019 ഏപ്രിൽ-മേയ് മാസത്തിലായി പുറപ്പെട്ടു. ഏഷ്യ, യൂറോപ് ഉൾപ്പെടെ വിവിധ രാജ്യക്കാരായ 25ഓളം പേരുള്ള സംഘത്തിനൊപ്പമായിരുന്നു യാത്ര. 60 ദിവസം വേണ്ട ദൗത്യത്തിനിടെ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. പക്ഷേ, അചഞ്ചലമായ ദൃഢനിശ്ചയത്തിൽ മുന്നേറി 45 ദിവസം കൊണ്ട് ലക്ഷ്യം പൂർത്തിയാക്കി.
അതിനിടയിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർ പിന്തിരിയുകയും ചെയ്തപ്പോൾ നാസർ ഉൾപ്പെടെ ആറു പേർ 8848 മീറ്റർ ഉയരെ കയറി, ഇന്ത്യയുടെയും ഖത്തറിന്റെയും ദേശീയ പതാകകൾ പറത്തി തിരികെയിറങ്ങി. പരിചയസമ്പന്നരായ പർവതാരോഹകർക്കിടയിലും അത്ഭുതമായിരുന്നു, മൗണ്ടനീയറിങ് കോഴ്സുകൾ ചെയ്യാത്ത അബ്ദുൽ നാസർ എവറസ്റ്റ് കീഴടക്കിയത്. തന്റെ ഓരോ വിജയത്തെയും പുസ്തകങ്ങളിലൂടെ പകർത്തി പുതിയ തലമുറകളിലേക്ക് പകർന്ന ഇദ്ദേഹം, ഒപ്പം നാട്ടിലും ഖത്തറിലും ഉൾപ്പെടെ സ്കൂളുകളിലും മറ്റുമായി വിദ്യാർഥികളുമായും അനുഭവങ്ങൾ പങ്കുവെച്ച് സംവദിക്കുന്നു. ലോകം കോവിഡിൽ വിറങ്ങലിച്ച നാളുകൾക്കു പിന്നാലെയാണ്, ലോകത്തിലെ പ്രധാന ആറ് മാരത്തണുകളിലും ഓടി വേൾഡ് മാരത്തൺ മേജേഴ്സ് നേട്ടം കൊയ്യാനായി അദ്ദേഹം പുറപ്പെടുന്നത്. നേരത്തേ, മാരത്തൺ പൂർത്തിയാക്കാൻ അഞ്ച് മണിക്കൂറിലേറെ സമയമെടുത്തിരുന്ന നാസർ, ഏറ്റവും ഒടുവിൽ ഷികാഗോയിൽ ഫിനിഷ് ചെയ്തത് 3 മണിക്കൂർ 14 മിനിറ്റിലായിരുന്നു.
കായിക മത്സരങ്ങളിൽ പങ്കെടുക്കുക എന്നതിലുപരി വ്യായാമവും ചിട്ടയായ ശീലങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാനുള്ള അവസരമാണ് പ്രവാസ മണ്ണിലെ ഓരോ റണ്ണുകളും എന്ന് ഓർമപ്പെടുത്തുകയാണ് നാസർ. പ്രവാസത്തിലെത്തി ജോലി കണ്ടെത്തി, ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ ആരോഗ്യം മറക്കുന്നത് ഗുരുതരമായ രോഗങ്ങളിലേക്കും മറ്റും നയിക്കുമ്പോൾ ഏറ്റവും നല്ല പ്രതിവിധിയാണ് കായികപരിശീലനം ശീലമാക്കുകയെന്നത്.
ജോലി സമയത്തിനു ശേഷം, പാഴാക്കുന്ന സമയങ്ങളിൽ ഒരു മണിക്കൂറിൽ കുറഞ്ഞ സമയം മാത്രം തങ്ങളുടെ ആരോഗ്യത്തിനുവേണ്ടി മാറ്റിവെച്ചാൽ, രോഗങ്ങളെയും മരുന്നുകളെയും പുറത്താക്കാം. അങ്ങനെയുള്ളവർക്ക് പ്രചോദനമാകുന്നതാണ് ഗൾഫ് മാധ്യമം ഖത്തർ റൺ ഉൾപ്പെടെയുള്ള സീരിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.