കംപാല്(ഗോവ): റെക്കോഡോടെ പൊൻനീന്തലിന് തുടക്കമിട്ട് സജൻ പ്രകാശ്. ഇഷ്ട ഇനമായ 100 മീ.ബട്ടർ ഫ്ലൈയിൽ സ്വർണത്തിലേക്ക് നീന്തിക്കയറിയ സജൻ, ആദ്യ ദിനം 200 മീ. ഫ്രീ സ്റ്റൈലിൽ വെള്ളിയും നേടി. കഴിഞ്ഞ ഗുജറാത്ത് ദേശീയ ഗെയിംസിൽ അഞ്ച് സ്വർണമാണ് താരം നീന്തൽകുളത്തിൽനിന്ന് കേരളത്തിന് സമ്മാനിച്ചത്. അന്ന് നിർത്തിയിടത്തുനിന്ന് മെഡൽ വേട്ട പുനരാരംഭിക്കുന്ന കാഴ്ചക്കായിരുന്നു ഞായറാഴ്ച കംപാല് സ്വിമ്മിങ് പൂൾ സാക്ഷ്യം വഹിച്ചത്. 53.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത സജൻ തമിഴ്നാടിന്റെ ബെനഡിക്ഷൻ രോഹിതിന്റെ(55.00) റെക്കോഡാണ് ഓളപ്പരപ്പിൽനിന്ന് മായ്ച്ചത്.
ഞായറാഴ്ച രാവിലെ നടന്ന ഹീറ്റ്സിലായിരുന്നു രോഹിതിന്റെ പ്രകടനം. സജന്റെ പേരിലുണ്ടായിരുന്ന റെക്കോഡായിരുന്നു(55.02) രോഹിത് സ്വന്തമാക്കിയത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ സജൻ മിന്നുംപ്രകടനത്തിലൂടെ ഇത് തിരിച്ചുപിടിച്ചു( 53.79 ). പതിറ്റാണ്ടോളമായി നീന്തലിൽ കേരളത്തിന്റെ മേൽവിലാസമായ സജൻ കേരള പൊലീസിൽ അസി.കമീഷണറാണ്. 2021ലെ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുള്ള സജൻ, ഗോവ ദേശീയ ഗെയിംസിലെ കേരളസംഘത്തിന്റെ ക്യാപ്റ്റനുമാണ്.
കേരളം മൊത്തം മെഡൽനേട്ടം 14 ആയി ഉയർത്തി. സജന്റെ സ്വർണ-വെള്ളി തിളക്കത്തിനൊപ്പം ഭാരോദ്വഹനം, പെൻകാക് സിലാട്ട് എന്നിവയിൽ വെള്ളിയാണ് ഇന്നലെ കേരളത്തിന്റെ സമ്പാദ്യം.
ഭാരോദ്വഹനത്തിൽ തുടർച്ചയായ രണ്ടാം ഗെയിംസിലും വെള്ളി ഉയർത്തി എം.ടി. ആൻ മരിയ. ഞായറാഴ്ച വനിതകളുടെ 87 കിലോക്ക് മുകളിലുള്ളവരുടെ വിഭാഗത്തിൽ 206 കിലോ ഉയർത്തിയാണ് ആൻ വെള്ളി സ്വന്തമാക്കിയത്. കഴിഞ്ഞ ഗുജറാത്ത് ദേശീയ ഗെയിംസിലും ഇതേ ഇനത്തിൽ ആൻ മരിയ വെള്ളി നേടിയിരുന്നു.
റെയിൽവേയുടെ താരമായ ആൻ, ദേശീയ ഗെയിംസിൽ കേരളത്തിനായി മത്സരിക്കാൻ എത്തുകയായിരുന്നു. ഔറംഗാബാദിൽ സായ് കോച്ച് വീർപാലിന്റെ കീഴിലാണ് പരിശീലനം. തൃശൂർ നടത്തറ സ്വദേശിയായ ആൻ മുബൈയിൽ റെയിൽവേയിൽ ടിക്കറ്റ് ചെക്കറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ എഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. തൃശൂർ സായിയിലായിരുന്നു തുടക്കം. ഈ ഇനത്തിൽ യു.പിയുടെ പൂർണിമ പാണ്ഡ്യക്കാണ്(222 കിലോ) സ്വർണം.
ഗെയിംസിലെ പുതുമുഖമായ പെൻകാക് സിലാട്ടിൽ കേരളത്തിന് വെള്ളി അരങ്ങേറ്റം. ടാൻടിങ് ഫൈറ്റിങ്ങിൽ( 85 -100 കിലോ വിഭാഗം) എം.എസ്. ആതിരയാണ് കേരളത്തിന് വെള്ളി സമ്മാനിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ഒന്നാംവർഷ ബി.എസ്.സി സുവോളജി വിദ്യാർഥിയായ എം.എസ്. ആതിര കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു.
അതേ ഏതിരാളിക്കുമുന്നിൽ ദേശീയ ഗെയിംസ് ഫൈനലിലും കീഴടങ്ങുകയായിരുന്നു. മഹാരാഷ്ട്രയുടെ ഭക്തി കിലൈഡറിനാണ് സ്വർണം.തൈക്വാൻഡോ താരമായിരുന്ന ആതിര പിന്നീട് പെൻകാക് സിലാട്ടിലേക്ക് മാറുകയായിരുന്നു. എസ്.കെ. ഷാജ്, വിഷ്ണു എന്നിവരുടെ കീഴിലാണ് ആതിരയുടെ പരിശീലനം. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.