ന്യൂഡൽഹി: കൗമാര സൂപ്പർ താരം ഡി. ഗുകേഷും ലോക ചാമ്പ്യൻ ഡിങ് ലിറെനും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാകാനൊരുങ്ങി ഇന്ത്യ. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ് ആതിഥേയത്വത്തിന് നിലവിൽ അഖിലേന്ത്യ ചെസ് ഫെഡറേഷൻ മാത്രമേ അപേക്ഷ സമർപ്പിച്ചിട്ടുള്ളൂ. മേയ് 31 ആണ് അവസാന തീയതി. ഒരു ദിവസം കൂടി ബാക്കിയിരിക്കെ മറ്റാരും രംഗത്തുവന്നില്ലെങ്കിൽ ഇന്ത്യ വേദിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജേതാവായാണ് ചെന്നൈ സ്വദേശി ഗുകേഷ് ലോക ചാമ്പ്യൻഷിപ് ചലഞ്ചറായത്. കാൻഡിഡേറ്റ്സ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 17കാരൻ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയുടെ അപേക്ഷ ലഭിച്ചതായി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡേ) സി.ഇ.ഒ എമിൽ സുറ്റോവ്സ്കി സ്ഥിരീകരിച്ചു. അടുത്തയാഴ്ച ഫിഡേ കൗൺസിൽ യോഗം ചേരുന്നുണ്ട്. ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ സിംഗപ്പൂരിനും താൽപര്യമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, അവർ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. ഇന്ത്യക്ക് ലഭിച്ചാൽ ചെസ് ഹബും ഗുകേഷിന്റെ നാടുമായ ചെന്നൈയിൽ നടക്കാനാണ് സ്വാഭാവിക സാധ്യത. അതേസമയം, ഡൽഹി-ഗുഡ്ഗാവ് അതിർത്തിയിലെ യശോഭൂമിയും പരിഗണനയിലുണ്ട്. 80 കോടിയിലധികം രൂപയാണ് ടൂർണമെന്റ് ചെലവ്. നടത്തിപ്പിനായി 71 കോടി രൂപയും ഫിഡേക്ക് ഫീസായി ഒമ്പത് കോടിയും നൽകണമെന്നതാണ് അടിസ്ഥാന മാനദണ്ഡം. സമ്മാനത്തുക 17 കോടിയിൽ നിന്ന് 20 കോടിയാക്കി ഉയർത്തിയിട്ടുണ്ട്.
25 ദിവസം നീളുന്നതായിരിക്കും ടൂർണമെന്റ്. ജൂലൈ ഒന്നോടെ ആതിഥേയത്വ അംഗീകാര നടപടികൾ പൂർത്തിയാകും. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. ചൈനീസ് താരമായ ലിറെന് കഴിഞ്ഞ തവണ റഷ്യയുടെ ഇയാൻ നെപോംനിയാഷിയായിരുന്നു എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.